ആപ്പിള്‍ തന്നെ മൂല്യത്തില്‍ ഒന്നാമന്‍; മൂല്യം 10,400 കോടി ഡോളര്‍!

ബുധന്‍, 27 നവം‌ബര്‍ 2013 (19:09 IST)
PRO
PRO
ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡായി ആപ്പിള്‍ തെരഞ്ഞെടുക്കപ്പെട്ടു. 10,400 കോടി ഡോളറാണ് ആപ്പിളിന്റെ മൂല്യം. മൈക്രോസോഫ്റ്റാണ് രണ്ടാമത്. പ്രമുഖ ബിസിനസ് മാഗസിനായ ഫോര്‍ബ്‌സ് മാഗസിനാണ് വിലയേറിയ ബ്രാന്‍ഡുകളുടെ പട്ടിക പുറത്തുവിട്ടത്. ഫോബ്‌സ് പട്ടികയിലെ മൂല്യമേറിയ ബ്രാന്‍ഡുകളില്‍ ആപ്പിളും മൈക്രോസോഫ്റ്റും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കൈയടക്കിയപ്പോള്‍ കൊക്കകോള മൂന്നാം സ്ഥാനത്തും ഐബിഎം നാലാം സ്ഥാനത്തും ഗൂഗിള്‍ അഞ്ചാം സ്ഥാനത്തുമാണുള്ളത്.

10,400 കോടി ഡോളറാണ് ആപ്പിളിന്റെ മൂല്യം. 5700 കോടി ഡോളറിന്റെ മൂല്യമുള്ള മെക്രോസോഫ്റ്റിന്റെ ഇരട്ടി മൂല്യമാണ് ആപ്പിളിനുള്ളത്. തുടര്‍ച്ചയായ മൂന്നാം തവണയും ഒന്നാം സ്ഥാനത്തെത്തുന്ന ആപ്പിളിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം മൂല്യ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മൈക്രോസോഫ്റ്റിന്റെ മൂല്യത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി യാതൊരു വ്യത്യാസവുമുണ്ടായിട്ടില്ലെന്നും ഫോബ്‌സ് വ്യക്തമാക്കുന്നു.

മൈക്രോസോഫ്റ്റിന്റെ വളര്‍ച്ച മന്ദഗതിയിലാണെങ്കിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 35 ശതമാനം ലാഭം നേടാന്‍ കമ്പനിക്കായതായും ഫോബ്‌സ് കൂട്ടിച്ചേര്‍ക്കുന്നു. 5500 കോടി ഡോളറാണ് കൊക്കകോളയുടെ മൂല്യം. ഐബിഎമിന്റേത് 5100ും ഗൂഗിളിന്റേത് 4700 കോടി ഡോളറുമാണ്. പട്ടികയില്‍ 3000 കോടി ഡോളര്‍ മൂല്യത്തോടെ സാംസങ് ഒന്‍പതാം സ്ഥാനത്താണുള്ളത്. 100 ഓളം കമ്പനികള്‍ ഇടം നേടിയ ലിസ്റ്റില്‍ അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് കൂടുതലും. ജര്‍മ്മനി, ഫ്രാന്‍സ്, ജപ്പാന്‍, എന്നിവ തൊട്ടുപുറകില്‍ ഉണ്ടെങ്കിലും പട്ടികയില്‍ ഇന്ത്യന്‍ കമ്പനികള്‍ ഒന്നുമില്ല.

വെബ്ദുനിയ വായിക്കുക