അര്‍ബുദ കോശങ്ങളെ തിരിച്ചറിയാന്‍ കഴിയുന്ന ഇലക്ട്രോണിക്‌ കത്തികള്‍ വികസിപ്പിച്ചു

വെള്ളി, 19 ജൂലൈ 2013 (10:31 IST)
PRO
PRO
അര്‍ബുദ കോശങ്ങളെ തിരിച്ചറിഞ്ഞ് അവയെ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ കഴിയുന്ന ഇലക്ട്രോണിക്‌ ശസ്‌ത്രക്രിയാ കത്തികള്‍ വികസിപ്പിച്ചു. ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ ഗവേഷകരാണ് ഇലക്ട്രോണിക്‌ ശസ്‌ത്രക്രിയാ കത്തികള്‍ വികസിപ്പിച്ചുവെന്ന് അവകാശപ്പെട്ടത്. ‘ഐ നൈഫ്‌’ എന്നാണ് ഈ ശസ്‌ത്രക്രിയാ കത്തിയ്ക്ക് പേരിട്ടിരിക്കുന്നത്.

അര്‍ബുദ ചികില്‍സയിലെ പ്രധാന വെല്ലുവിളി ട്യൂമറും നല്ല കോശങ്ങളും തമ്മിലുള്ള അതിര്‍ത്തി വേര്‍തിരിക്കാനാണ്. ഇത് കാരണം ശസ്‌ത്രക്രിയ കഴിഞ്ഞാലും ഏതാനും അര്‍ബുദ കോശങ്ങള്‍ ശരീരത്തില്‍ അവശേഷിക്കാറുണ്ട്. സ്‌തനാര്‍ബുദത്തിലും മറ്റും രണ്ടാമതും ശസ്‌ത്രക്രിയ നടത്തേണ്ടിവരുന്നത്‌ ഇത് മൂലമാണ്‌.

ഐ നൈഫ്‌ വരുന്നതോടെ അവശേഷിക്കുന്ന ട്യൂമറുകളെയും ഉടന്‍ കണ്ടെത്തി വേര്‍പെടുത്താനാകും. ശാസ്ത്രക്രിയക്കിടയില്‍ കീറിമുറിക്കുന്നതിനിടെ ഉണ്ടാകുന്ന ചൂടും പുകയും കത്തി വഴി സ്പെക്ട്രോ മീറ്ററിലെത്തിച്ച്‌ രാസപരിശോധന നടത്തിയാണ്‌ അസുഖം ബാധിച്ച കോശങ്ങളെ കണ്ടെത്തുക.

91 രോഗികളില്‍ നൂറു ശതമാനം വിജയകരമായി പരീക്ഷിച്ച ഐ നൈഫ്‌ മൂന്നു വര്‍ഷത്തിനകം വിപണിയിലിറങ്ങുമെന്ന്‌ ഗവേഷകര്‍ പറഞ്ഞു. അര്‍ബുദത്തിന് പുറമെ കോശങ്ങളെ ബാധിക്കുന്ന ബാക്ടീരിയകളെയും മറ്റും നീക്കം ചെയ്യാനും ഐ നൈഫ്‌ ഉപയോഗിക്കാം.

വെബ്ദുനിയ വായിക്കുക