അമേരിക്ക പ്രതിസന്ധി മറികടക്കും: ഒബാമ

ബുധന്‍, 25 ഫെബ്രുവരി 2009 (11:48 IST)
ആഗോള സാമ്പത്തിക പ്രതിസന്ധിയെ അമേരിക്ക അതിജീവിക്കുമെന്ന്‌ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്‌ ഒബാമ പറഞ്ഞു. രാജ്യത്തിന്‍റെ ആത്മവിശ്വാസം ഉലയുകയും സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാകുകയും ചെയ്‌തുവെന്ന്‌ അദ്ദേഹം സമ്മതിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസിനെ ആദ്യമായി അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നികുതി ഇളവുകള്‍ ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെലവുകള്‍ ചുരുക്കണമെന്നും ഒബാമ നിര്‍ദ്ദേശിച്ചു. ബാങ്കുകളെ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ട നടപടികളെടുക്കുമെന്നും കുറഞ്ഞ പലിശയില്‍ കൂടുതല്‍ വായ്‌പകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ശ്രമിക്കുമെന്നും ഒബാമ പറഞ്ഞു.

ഊര്‍ജരംഗത്ത് ചൈനയെ മാതൃകയാക്കി മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സാമ്പത്തികം, ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകള്‍ക്ക്‌ ഊന്നല്‍ നല്‍കും. പ്രതിരോധത്തിനുള്ള വിഹിതം കുറയ്ക്കും. 2,50,000 ഡോളറില്‍ താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക്‌ നികുതിയിളവ്‌ നല്‍കും. ഇറാഖില്‍ നിന്ന്‌ സൈന്യത്തെ പിന്‍വലിക്കും. പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാന്‍ സഖ്യകക്ഷികളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുമെന്നും ഒബാമ അറിയിച്ചു.

പ്രതിസന്ധിയെ അതിജീവിച്ച്‌ അമേരിക്ക ശക്തിപ്രാപിക്കും. സാമ്പത്തിക മാന്ദ്യത്തിന്‌ അമേരിക്കയുടെ വിധി നിര്‍ണ്ണയിക്കാനാകില്ല. കഠിനാധ്വാനം ചെയ്യാനുള്ള ജനങ്ങളുടെ മനസാണ്‌ രാജ്യത്തെ വന്‍ ശക്തിയാക്കി മാറ്റിയത്‌. കഠിന പ്രയത്‌നം ചെയ്യാന്‍ അമേരിക്കക്കാര്‍ ഇപ്പോഴും തയ്യാറാണ്‌. ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച്‌ വെല്ലുവിളികളെ നേരിടണം. രാജ്യത്തിന്‍റെ ഭാവി സുരക്ഷിതമാക്കാനുള്ള ഉത്തരവാദിത്തം ഓരോരുത്തരും ഏറ്റെടുക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക