അമേരിക്കയുടെ വമ്പന്‍ ഇന്റെര്‍നെറ്റ് ചോര്‍ത്തല്‍ പ്രോഗ്രാം ‘പ്രിസം‘

വെള്ളി, 7 ജൂണ്‍ 2013 (10:21 IST)
PTI
വാഷിംഗ്ടണ്‍: ഇന്റെര്‍നെറ്റ് ഉപയോക്താക്കളുടെ വിവരങ്ങളും രാജ്യത്തെ വമ്പന്‍ കമ്പനികളുടെയും സര്‍വര്‍ വിവരങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ന്യായീകരിച്ച് രഹസ്യാന്വേഷണവിഭാഗം തലവന്‍ രംഗത്ത്.

മൈക്രോസോഫ്റ്റ്,​ യാഹു,​ ഫേസ്ബുക്ക്,​ ആപ്പിള്‍,​ പാല്‍ടോക്ക്,​ എ.ഒ.എല്‍,​ സ്കൈപ്പ്,​ യൂ ട്യൂബ് എന്നിവയാണ് വിവരം ചോര്‍ത്തലിന് ഇരയായ മറ്റു ഇന്റര്‍നെറ്റ് സേവനദാതാക്കളെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും എന്നാല്‍ അമേരിക്കന്‍ പൌരന്‍‌മാരല്ലാത്തവരുടെ വിവരങ്ങളാണ് ചോര്‍ത്തുന്നതെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം തലവന്‍ ജെയിംസ് ക്ലാപ്പറുടെ വെളിപ്പെടുത്തല്‍..

നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയും,​ ഫെഡറല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നീ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംയുക്തമായാണ് സര്‍വറുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയത്. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഓഡിയോ,​ വീഡിയോ,​ ഫോട്ടോഗ്രാഫ്,​ ഇ-​മെയില്‍, കണക്ഷന്‍ ലോഗിന്‍ എന്നിവ വഴിയാണ് വിവരം ചോര്‍ത്തല്‍ നടത്തിയത്.

2007ല്‍ ‘പ്രിസം‘ എന്ന് പേരില്‍തയ്യാറാക്കിയ ഈ പ്രോഗ്രാം ക്രമേണ വളര്‍ന്ന് ദിവസേനയുള്ള വിവരശേഖരണത്തിന്റെ ഭാഗമായി മാറിയെന്നും പത്രം പറയുന്നു. വെബ്സൈറ്റുകളുടെ സെര്‍ച്ച് ഹിസ്റ്ററി,​ ഇ-മെയില്‍,​ ലൈവ് ചാറ്റുകള്‍ എന്നിവ രഹസ്യമായി ശേഖരിക്കാന്‍ പ്രിസത്തിന് അനുമതിയുണ്ട്. 2007 മുതല്‍ മൈക്രോസോഫ്റ്റ് പ്രിസത്തിന്റെ നിരീക്ഷണത്തിലാണ്. ഈ പട്ടികയില്‍ ഏറ്റവും ഒടുവിലായി എത്തിയത് ആപ്പിളാണ്,​ 2012 ഒക്ടോബറില്‍.

ആറു വര്‍ഷം മുന്പ് ആരംഭിച്ച 'പ്രിസം' ഇതിനോടകം 77,​000 ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളാണ് ചോര്‍ത്തിയതെന്ന് ദ ഗാര്‍ഡിയന്‍ പത്രവും റിപ്പോര്‍ട്ട് ചെയ്തു.

വെബ്ദുനിയ വായിക്കുക