അതിവേഗ കംപ്യൂട്ടറുകളിലേക്കുള്ള പാതയോ നൊബേൽ?

ബുധന്‍, 5 ഒക്‌ടോബര്‍ 2016 (11:45 IST)
ഇത്തവണത്തെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരത്തിന് ബ്രിട്ടീഷ് ശാസ്ത്രജ്ഞരായ മൂന്നുപേരാണ് അർഹരായത്. ഡേവിഡ് തൗലസ് (യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടൺ), ഡങ്കൻ ഹാൽഡേന്‍ (പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി)‍, മൈക്കൽ കോസ്റ്റെർലിറ്റ്സ് (ബ്രൗൺ യൂണിവേഴ്സിറ്റി) എന്നവരാണു പുരസ്കാരത്തിന് അർഹരായത്. ദ്രവ്യത്തിന്റെ പല അവസ്ഥകളെക്കുറിച്ചുള്ള പഠനമാണ് പുരസ്കാരത്തിനാധാരം.
 
1934 സെപ്തംബർ 21നാണ് ഡേവിഡ് തൗലസ് ജനിച്ചത്. ഉപരിപഠനത്തിന് ശേഷം യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ റിസേർച്ച് നടത്തി. ബിർമിഗാം യൂണിവേഴ്സിറ്റിയിൽ മാത്തമാറ്റിക്കൽ ഫിസിക്സ് പ്രൊഫസർ ആയി ജോലി ചെയ്തു. ഭൗതികപരമായ നിരവധി കണ്ടെത്തലുകൾ നടത്തിയ ശാസ്ത്രജ്ഞനായിരുന്നു തൗലസ്.  
 
1951 സെപ്തംബർ 14ന് ലണ്ടനിൽ ജനിച്ച് വളർന്ന ഡങ്കൻ ഹാൽഡേൻ ചെറുപ്പം മുതലേ ശാസ്ത്രത്തിന്റെ വഴിയേ ആയിരുന്നു. ഫിസ്ക്സ് പ്രൊഫസറായി ജോലി ചെയ്യവേ തന്നെ തന്റെ കണ്ടുപിടുത്തങ്ങൾക്ക് അവാർഡുകൾ ലഭിക്കുകയും ചെയ്തിരുന്നു.
 
1942ൽ സ്കോർട്ട്‌ലന്റിലാണ് മൈക്കൽ കോസ്റ്റെർലിറ്റ്സ് ജനിച്ചത്. ബി എ, എം എ എന്നീ വിഷയങ്ങളിൽ ബിരുദവും ഡി ഫില്ലിൽ ബിരുദാന്തരബിരുദവും ലഭിച്ചിട്ടുണ്ട്. ബിർമിഗാം യൂണിവേഴ്സിറ്റിയിൽ അധ്യാപകനായും വായനക്കാരനായും പ്രവർത്തിച്ചിട്ടുണ്ട്. കണ്ടുപിടുത്തങ്ങളിലേക്ക് വഴിതിരിഞ്ഞത് ഇവിടെ വെച്ചായിരുന്നു. 
 
ഇവരുടെ മൂന്ന് പേരുടെയും ഗവേഷണങ്ങൾ ഭാവിയിൽ അതിവേഗ, ചെറു കംപ്യൂട്ടറുകൾ വികസിപ്പിക്കുന്നതിലേക്കു വഴിതെളിക്കുമെന്നാണു ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. യുഎസ് സർവകലാശാലകളിലാണു മൂന്നുപേരും പ്രവർത്തിക്കുന്നത്. പദാർഥങ്ങളുടെ ഭൗതിക ഗുണവിശേഷങ്ങൾ പഠിക്കുന്ന ഗണിതശാസ്ത്ര മേഖലയായ ടോപോളജിയിലാണു മൂന്നുപേരുടെയും ഗവേഷണം. 
 
അവസ്ഥാ വിശേഷങ്ങളെക്കുറിച്ചുള്ള ഇവരുടെ കണ്ടെത്തലുകൾ ക്വാണ്ടം കംപ്യൂട്ടിങ് രംഗത്തു കുതിച്ചുചാട്ടത്തിനു സഹായിക്കുന്നവയാണ്. സൂപ്പർഫാസ്റ്റ് ക്വാണ്ടം കംപ്യൂട്ടറുകളുടെ പിറവിയിൽ നിർണായക സ്വാധീനം ചെലുത്താവുന്നയും. 1970കളിലാണു തൗലസും കോസ്റ്റർലിറ്റ്സും ഇതു സംബന്ധിച്ച പഠനത്തിനു തുടക്കമിട്ടത്. 1980കളിൽ ടോപോളജി സങ്കേതങ്ങൾ ഉപയോഗിച്ചു തൗലസ് കൂടുതൽ വിശദീകരണങ്ങൾ നടത്തി. കാന്തിക ഫിലുമുകളുടെ അവസ്ഥ വിശദീകരിക്കാൻ ടോപ്പോളജിക്കൽ സങ്കൽപ്പങ്ങൾ ഉപയോഗിക്കാമെന്നു ഹാൾഡെൻ കണ്ടെത്തി.

വെബ്ദുനിയ വായിക്കുക