സെര്‍ബിയന്‍ ടീമായ എഫ് സി ബാറ്റാ ബോറിസോവിനെതിരെ യുവേഫാ ചാമ്പ്യന്‍സ് ലീഗില്‍ ടീമിനെ വിജയിപ്പിക്കുക മാത്രമല്ല ഇറ്റാലിയന്‍ താരം ദെല്‍പിയറോയുടെ ലക്‍ഷ്യം. ഇറ്റാലിയന്‍ ക്ലബ്ബ് യുവന്‍റസിന്‍റെ ജേഴ്‌സിയില്‍ കരിയറില്‍ അമ്പത് ഗോളുകള്‍ എന്ന ഉദ്ദേശം കൂടിയുണ്ട്.
ചാമ്പ്യന്‍സ് ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ സെനിറ്റിനോട് നിരാശപ്പെട്ട ശേഷം ആദ്യ ജയം കണ്ടെത്താനാണ് യുവന്‍റസ് ശ്രമിക്കുന്നത്. യൂറോപ്പില്‍ യുവന്‍റസ് കുപ്പായത്തില്‍ ദെല്‍ പിയറോ നേടിയ 48 ഗോളുകളില്‍ 38 എണ്ണവും ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും കണ്ടെത്തിയതാണ്.
സെനിറ്റിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ സ്കോര്‍ ചെയ്ത താരം കരുതുന്നത് ഈ മത്സരത്തിലും ഗോള്‍ നേടാമെന്ന് തന്നെയാണ്. എന്നാല്‍ ഒട്ടേറെ മിടുക്കന്‍മാരായ യുവതാരങ്ങള്‍ നിരയിലുള്ള സെര്‍ബിയന്‍ ക്ലബ്ബിനെ കീഴടക്കുക അത്ര എളുപ്പമാണെന്ന് കരുതുന്നില്ലെന്നും താരം വ്യക്തമാക്കുന്നു.