ഇന്‍റര്‍ മിലാനില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇരയായിരുന്നപ്പോള്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം അഡ്രിയാനൊ ആത്‌മഹത്യയെ കുറിച്ച് വരെ ചിന്തിച്ചതായി താരത്തിന്‍റെ മാതാവ് വെളിപ്പെടുത്തി. ഇന്‍റര്‍ മിലാനില്‍ നിന്നും കടം കളിക്കാരനായി സാവോ പോളോയില്‍ എത്തിയ താരം മികച്ച ഫോമിലേക്ക് മടങ്ങിയെത്തുകയാണ്.
ഇന്‍റര്‍മിലാനില്‍ ശക്തമായ വിമര്‍ശനത്തിനും കുറ്റപ്പെടുത്തലിനും ഇരയായ താരം 18 മാസങ്ങള്‍ക്ക് ശേഷം പ്രശ്‌നങ്ങളില്‍ നിന്നും മടങ്ങി വന്നിരിക്കുകയാണ്. പിതാവിന്‍റെ മരണത്തോടെ കടുത്ത വിഷാദത്തിലും മദ്യപാനത്തിലും അഡ്രിയാനോ അടിപ്പെട്ടു പോയി. അതിനു പുറകേ ഫോം മങ്ങുക കൂടിയായപ്പോള്‍ ലാറ്റിനമേരിക്കന്‍ മുന്നേറ്റക്കാരന്‍ തകര്‍ന്നു പോയി.
ഈ കാലഘട്ടത്തില്‍ താരം ജീവിതത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് കടന്നു പോയതെന്നാണ് കഴിഞ്ഞ നവംബറില്‍ ബ്രസീലിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് അയയ്‌ക്കപ്പെട്ട അഡ്രിയാനോക്കുറിച്ച് മാതാവ് പറയുന്നത്.
പിതാവിന്‍റെ മരണത്തൊടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയായിരുന്നു. ആരും അടുത്തില്ലാതെ തീര്‍ത്തും ഒറ്റയ്‌ക്കാണെന്ന തോന്നല്‍ അവനെ തകര്‍ത്തുകളഞ്ഞു. നന്നേ ചെറുപ്പത്തില്‍ തന്നെ ഇറ്റലിയിലേക്ക് പോയതാണ് താരം. പത്രക്കാര്‍ വീടിനു ചുറ്റും നടക്കുകയും വിമര്‍ശനങ്ങള്‍ ശക്തമായതും താരത്തെ താഴേയ്‌ക്ക് വീഴ്ത്തി. ഈ കാലത്ത് ആത്‌മഹത്യയെ കുറിച്ച് വരെ അഡ്രിയാനോ ആലോചിച്ചു. മോശം കാര്യങ്ങള്‍ തന്‍റെ മകനെ എങ്ങനെ പിടി കൂടിയെന്ന് മാതാവ് പറയുന്നു.
ആറ് മാസത്തേക്ക് കടം കളിക്കാരനായി സാവോ പോളോയില്‍ എത്തിയ താരം കരാറിനു ശേഷം ഉടന്‍ തന്നെ ഇന്‍ററിലേക്ക് മടങ്ങി വരും. എന്നിരുന്നാലും താരത്തെ ക്ലബ്ബ് വിറ്റേക്കാമെന്നും കേള്‍ക്കുന്നുണ്ട്.