ലോകത്തിന്‍റെ ഏതു കോണിലും ഒരു മലയാളിയുണ്ടാകുമെന്ന പ്രയോഗം മലയാളിയെയും കേരളത്തെയും കുറിച്ചുള്ള ഏത് ചര്‍ച്ചയിലും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. എന്നാല്‍ മലയാളികള്‍ ലോക പൌരന്‍മാരായി മാറുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് കേരളത്തിലെത്തിയ അഭയാര്‍ഥികള്‍ക്കും സഞ്ചാരികള്‍ക്കുമൊക്കെ തങ്ങളുടെ പൂര്‍വികന്‍മാര്‍ അഭയം നല്‍കിയിരുന്നു എന്ന സത്യം മലയാളികള്‍ പോലും പോകാറുണ്ട്.
അറബികളും,പോര്‍ച്ചുഗീസുകാരും, ഫ്രഞ്ചുകാരും, ജര്‍മ്മന്‍കാരും എല്ലാം ഇത്തരത്തില്‍ മലയാളികളുടെ ആതിഥ്യ മര്യാദ അറിഞ്ഞവരാണെങ്കിലും കേരളത്തിന് ചരിത്രപരമായി ഏറ്റവും പഴക്കമുള്ള സാംസ്കാരിക ബന്ധമുള്ളത് ജൂത വംശജരുമായാണ്. ഒന്നാം നൂറ്റാണ്ടില്‍ തന്നെ ഇസ്രായേലില്‍ നിന്നുള്ള ജൂതര്‍ കേരളത്തിലെത്തിയിരുന്നു എന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്.
കൊച്ചിയിലെ മട്ടാഞ്ചേരിയിലുള്ള ജൂത തെരുവില്‍ ഇന്നും നിരവധി ജൂത കൂടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ജന്‍മം കൊണ്ടും കര്‍മ്മം കൊണ്ടുമെല്ലാം കൊച്ചിക്കാരണെങ്കിലും തങ്ങളുടെ സാംസ്കാരിക തനിമ നിലനിര്‍ത്തുന്നതില്‍ ഇവര്‍ പ്രത്യേക ശ്രദ്ധ നല്‍ക്കുന്നു. അതിനാല്‍ തന്നെ ജൂത തെരുവിലെ കാഴ്ചകളും ജൂതരുടെ ഉത്സവങ്ങളുമൊക്കെ വലിയ ടൂറിസം ആകര്‍ഷണങ്ങളായി വളരുകയാണ്.
മട്ടാഞ്ചേരിയിലെ സിനഗോഗും ജൂതരുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും നിറഞ്ഞ തെരുവുമൊക്കെ നേരത്തെ തന്നെ മലയാളികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമാണെങ്കിലും ടൂറിസം മേഖല വളര്‍ന്നതോടെ ദേശീയ, വിദേശ ടൂറിസ്റ്റുകളും ഇങ്ങോട്ടേയ്ക്ക് ആകര്‍ഷിക്കപ്പെട്ട് തുടങ്ങിയിരിക്കുന്നു.
ജൂത ഉത്സവങ്ങളാണ് ഇവിടത്തെ മറ്റൊരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണം. മാര്‍ച്ച് മാസം മുതല്‍ ഡിസംബര്‍ വരെ വിവിധ ഉത്സവങ്ങളാണ് ജൂതരുടേതായി മട്ടാഞ്ചേരിയില്‍ അരങ്ങേറുന്നത്. ഈജിപ്തിന്‍റെ അടിമത്വത്തില്‍ നിന്ന് ഇസ്രായേലികള്‍ക്ക് മോചനം ലഭിച്ചതിന്‍റെ ഓര്‍മ്മ പുതുക്കുന്ന പെസഹയാണ് ഇവരുടെ ഏറ്റവും പ്രധാന ആഘോഷം. മാര്‍ച്ച് മാസത്തിലൊ ഏപ്രിലിലൊ ആണ് പെസഹാ അഘോഷം. ഇതിന് അമ്പത് ദിവസങ്ങള്‍ക്ക് ശേഷം പെന്തക്കോസ്ത് ദിനം ആചരിക്കും. സെപ്തംബറിലൊ ഒക്ടോബറിലൊ ആണ് ജൂതരുടെ പുതുവര്‍ഷം വന്ന് ചേരുന്നത്. ഈ ദിനത്തിലും വന്‍ ആഘോഷ പരിപാടികള്‍ അരങ്ങേറും. ജൂതരുടെ പുനരര്‍പ്പണ ദിനമായ ഹനൂക്കയാണ് വര്‍ഷത്തിലെ അവസാന ജൂത ഉത്സവം. നവംബറിലൊ ഡിസംബറിലൊ നടക്കുന്ന ഹനൂക്ക ‘ദീപങ്ങളുടെ ഉത്സവം’ എന്നും അറിയപ്പെടുന്നു.
ക്രിസ്തു വര്‍ഷം 72ലാണ് ജൂതര്‍ ആദ്യമായി കൊച്ചിയില്‍ എത്തിയതെന്ന് പറയപ്പെടുന്നു. ജെറുസലേമിലെ രണ്ടാം ജൂത ദേവാലയം തകര്‍ക്കപ്പെട്ട ശേഷം ഇവര്‍ കൊച്ചിയിലേക്ക് പാലായനം ചെയ്യുകയായിരുന്നുവത്രെ. മട്ടാഞ്ചേരിയിലും പരിസരപ്രദേശങ്ങളുമായി ഇവര്‍ പിന്നീട് സ്ഥിരതാമസമാക്കുകയായിരുന്നു.
കൊച്ചി നഗരത്തില്‍ നിന്ന് മട്ടാഞ്ചേരിയിലേക്ക് പത്ത് കിലോമീറ്റര്‍ മാത്രമാണ് ദൂരം. ഏറ്റവും അടുത്ത എയര്‍പോര്‍ട്ട് കൊച്ചിയും റെയില്‍വേ സ്റ്റേഷന്‍ എറണാകുളവുമാണ്. കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗം മട്ടാഞ്ചേരിയില്‍ എത്തിച്ചേരാവുന്നതാണ്. പോര്‍ച്ചൂഗീസുകാര്‍ നിര്‍മ്മിച്ച മട്ടാഞ്ചേരി കൊട്ടാരം, നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ധര്‍മ്മനാഥ് ജൈന ക്ഷേത്രം തുടങ്ങിയവയാണ് ഇവിടത്തെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍.