എന്നാല്‍, ചരിത്രാന്വേഷികളെ സംബന്ധിച്ചിടത്തോളം തൃശൂര്‍ മറ്റൊരനുഭവമാവുന്നു. കേരള ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ശക്തന്‍ തമ്പുരാന്റെ ഓര്‍മ്മകള്‍ പേറി നില്‍ക്കുന്ന കൊട്ടാരം അവരെ ഹഠാകര്‍ഷിക്കുന്നു. രാജ രാമവര്‍മ്മ പണികഴിപ്പിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം അപൂര്‍വമായ ഡച്ച്-കേരള നിര്‍മ്മിതിയുടെ ഉദാഹരണമാണ്. രണ്ട് നിലകളുള്ള ഈ കൊട്ടാരം നാല്കെട്ടായാണ് പണികഴിപ്പിച്ചിരിക്കുന്നത്.
കൊട്ടാരത്തോട് ചേര്‍ന്നുള്ള സര്‍പ്പക്കാവില്‍ ഇപ്പോഴും ആരാധന തുടരുന്നു എന്നതും ശ്രദ്ധേയമാണ്. ഇപ്പോള്‍ കേരള പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന ഈ കൊട്ടാരത്തില്‍ അപൂര്‍വങ്ങളായ പലവസ്തുക്കളും ശേഖരിച്ചിരിക്കുന്നു. ചെമ്പ്, പിത്തള ഉപകരണങ്ങളും പുരാതന ലിഖിതങ്ങളും പ്രതിമകളും ഈ ശേഖരത്തിന് മാറ്റുകൂട്ടുന്നു.