ആറളം മാടി വിളിക്കുന്നു

ചൊവ്വ, 5 ഫെബ്രുവരി 2008 (18:50 IST)
PTI
വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ എന്നും സഞ്ചാരികള്‍ക്ക് ഹരമാണ്. വന മേഖലയിലൂടെയുള്ള യാത്രകളും വന്യജീവികളുമായുള്ള ഒരു അപ്രതീക്ഷിത കൂടിക്കാഴ്ചയും ആരെയാണ് ആകര്‍ഷിക്കാത്തത്.

കേരളത്തിലെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ് ആറളം. പശ്ചിമഘട്ടത്തിന്‍റെ മടിത്തട്ടിലാണ് ഈ സ്വാഭാവിക വനപ്രകൃതി സഞ്ചാരികളെ കാത്ത് നിലകൊള്ളുന്നത്.

മലനിരകള്‍ അതിരുകാക്കുന്ന ആറളം വിവിധയിനം അപൂര്‍വ്വ സസ്യലതാദികള്‍ക്കും വീടൊരുക്കുന്നു. പുലി, കാട്ടുപോത്ത്, പന്നി, ആന, മാന്‍, മലയണ്ണാന്‍ തുടങ്ങിയ വന്യമൃഗങ്ങള്‍ ഇവിടെ പ്രകൃതിയുടെ മടിത്തട്ടില്‍ വിഹാരം നടത്തുന്നു.

തലശേരിയിലെ ഒരു ഗ്രാമമാണ് ആറളം. ഏകദേശം 55 ചതുരശ്ര കി മീ വ്യാപിച്ചു കിടക്കുന്നതാണ് ഇവിടത്തെ വന്യജീവി സംരക്ഷണ കേന്ദ്രം. 1971 ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ച ആറളം ഫാമും ഇവിടെയാണ്. 3060 ഹെക്ടറിലാണ് ഫാം വ്യാപിച്ചുകിടക്കുന്നത്.

എത്തിച്ചേരാന്‍

തലശേരിയില്‍ നിന്ന് 35 കിമീ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചാല്‍ ആറളത്ത് എത്തിച്ചേരാം. 71 കി മീ അകലെയുള്ള കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട വിമാനത്താവളം ആണ് ആകാശമാര്‍ഗ്ഗം എത്തിച്ചേരാനുള്ള ഏറ്റവും എളുപ്പ വഴി.

വെബ്ദുനിയ വായിക്കുക