പുണ്യയാത്രയ്ക്ക് ഋഷികേശ്

PROPRO
ഭക്തിയും പ്രകൃതിയുടെ സൌന്ദര്യവും വിനോദവും സാഹസികതയും എല്ലാം ഒരേ യാത്രയില്‍ അനുഭവിച്ചറിയാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട് പുണ്യഭൂമിയാണ് ഹിമാലയ പാദങ്ങളിലെ ഋഷികേശ്.

ഏതു പാപവും കഴുകിക്കളയാന്‍ പ്രാപ്തയെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്ന പുണ്യനദി ഗംഗയുടെ സാനിധ്യത്താല്‍ അനുഗ്രഹീതമാണ് ഋഷികേശ്. ഇന്ത്യയിലെ തന്നെ ഏറ്റവും പരമോന്നത്ത തീര്‍ത്ഥാടന കേന്ദ്രമായാണ് ഹൈന്ദവര്‍ ഋഷികേശിനെയും ഹരിദ്വാരിനെയും കണക്കാക്കുന്നത്. ഷാര്‍ദാം, ഗംഗോത്രി, കേദാര്‍നാഥ്, ബദരീനാഥ് തുടങ്ങിയ തീര്‍ഥാടനങ്ങള്‍ ആരംഭിക്കുന്നതും ഋഷികേശില്‍ നിന്നാണ്.ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച് ഓക്ടോബറില്‍ അല്ലെങ്കില്‍ നവംബറില്‍ ദിപാവലിയോടെയാണ് ഇവിടെ തീര്‍ഥാടനകാലം അവസാനിക്കുന്നത്.

തീര്‍ഥയാത്രയ്ക്ക് പുറമ്മേ വനജീവി സങ്കേതങ്ങള്‍ക്കും ഈ പ്രദേശം പ്രശ്സ്തമാണ്. ഋഷികേശില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള ചിലയിലാണ് രാജാജീ ദേശിയോദ്യാനം. ഉത്തരേന്ത്യയിലെ തന്നെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണിത് ഹിമാലയപാദങ്ങള്‍ സമതലവുമായി ചേരുന്ന പ്രദേശം എന്ന പ്രത്യേകതയും ഇതിനുണ്ട്. ആന, പുലി തുടങ്ങിയവയുടെ സംരക്ഷണ കേന്ദ്രമായ ഇവിടെ പല ഇനങ്ങളിലുള്ള ദേശാടനപക്ഷികളും എത്താറുണ്ട്. എല്ലാ വര്‍ഷവും നവംബര്‍ 15 മുതല്‍ ജൂണ്‍ 15 വരെയാണ് ഈ പാര്‍ക്കിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാറുള്ളത്.

ഹിമാലയസാനുക്കളില്‍ നിന്ന് ശാന്തയായി ഒഴികിയിറങ്ങി രുദ്രഭാവം കൈവരിക്കുന്ന ഗംഗയിലൂടെയുള്ള റാഫ്റ്റിങ്ങിനുള്ള( വഞ്ചി തുഴ്യല്‍) സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് സാഹസിക വിനോദ സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്. നിരവധി സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരും ഈ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗംഗാ നദിക്കരയില്‍ കൂടാരം കെട്ടി രാത്രി ചിലവഴിക്കാനുള്ള സംവിധാനവും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഒരുക്കിയിട്ടുണ്ട്. യോഗാ പരിശീലനവും ആയൂര്‍വേദ ചികിത്സാ സൌകര്യങ്ങളുമാണ് ഋഷികേശിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാന ഘടകം.

ഋഷികേശിന് ഏറ്റവുമടുത്തുള്ള പ്രധാന നഗരം 21 കിലോമീറ്റര്‍ അകലെയുള്ള ഹരിദ്വാറാണ്. ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ഹരിദ്വാറില്‍ എത്തിച്ചേരാവുന്നതാണ്. ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ ഹരിദ്വാറിലെത്താന്‍ ഏകദേശ നാലര മണിക്കുറെടുക്കും. ഡെറാഡൂണാണ് ഋഷികേശിന് ഏറ്റവും സമീപത്തുള്ള എയര്‍പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക