ഹിമയഴകില്‍ നൈനിറ്റാള്‍

PROPRO
വടക്കെ ഇന്ത്യയിയിലെ ഏറ്റവും പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍. ഹിമാലയ താഴ്വാരത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 1,938 മീറ്റര്‍ ഉയരത്തിലാണ് നൈനിറ്റാള്. യഥാര്‍ത്ഥത്തില്‍ ഹിമാലയത്തിന്‍റെ ബാഹ്യഭാഗത്തുള്ള കുമയൂണ്‍ മലനിരകലുടെ താഴ്വാരമാണ് നൈനിറ്റാള്‍.

കോടമഞ്ഞു മായപ്രഭ തീര്‍ക്കുന്ന നൈനിറ്റാള്‍ തടാകമാണ് നൈനിറ്റാളിന്‍റെ മുഖമുദ്ര. നാല് വശവും മലനിരകളാല്‍ ചുറ്റപ്പെട്ടതാണ് ഈ തടാകം. ഇതില്‍ തന്നെ നൈന, ദിയോപഥ, അയാര്‍പഥ എന്നിവയാണ് ഉയരമേറിയ മലകള്‍. ഈ മലകളുടെ കൊടുമുടികളില്‍ നിന്ന് നിരവധി അത്ഭുതകാഴ്ചകള്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാം

നഗരത്തില്‍ നിന്ന് അഞ്ചര കിലോമീറ്റര്‍ അകലെയായാണ് നൈന കൊടുമുടി. ഇതു പോലെ തന്നെ മനോഹര കാഴ്ചകള്‍ സമ്മാനിക്കുന്ന മറ്റൊരു കൊടുമുടിയിലെ ഡൊറോത്തി സീറ്റ് എന്ന വിനോദ സഞ്ചാര ആകര്‍ഷണവും ഏറെ പ്രശസ്തമാണ്. ബ്രിട്ടീഷ് ചിത്രകാരിയായ ഡൊറോത്തി കെല്ലെറ്റിന്‍റെ സമരണാര്‍ത്ഥം അവരുടെ ഭര്‍ത്താവ് നിര്‍മ്മിച്ചതാണ് ഇത്.

നൈനിറ്റാള്‍ തടാകത്തിലെ ജലവിനോദങ്ങളായ കയാക്കിങ്ങ്, കനോയിങ്ങ്, യാട്ടിങ്ങ് തുടങ്ങിയവയും മലനിരകളെ ബന്ധിപ്പിക്കുന്ന കേബിള്‍ കാറുകളിലൂടെയുള്ള ആകാശയാത്രകളും ഒക്കെയാണ് ഇവിടത്തെ മറ്റു ആകര്‍ഷണങ്ങള്‍. മലനിരകളിലൂടെയുള്ള കുതിര സവാരിയും ട്രെക്കിങ്ങും ഏതൊരു സഞ്ചാരിക്കും സ്വപന തുല്യമായ അനുഭൂതിയാണ് സമ്മാനിക്കുക.

ഭീംറ്റാള്‍, സത്താള്‍, നൌകുച്ചിയാറ്റാള്‍, ഖ്രുപാറ്റാള്‍ തുടങ്ങിയ മറ്റു ചില മനോഹര തടാകങ്ങളും നൈനിറ്റാളിന്‍റെ സമീപപ്രദേശങ്ങളിലുണ്ട്. നൈനിറ്റാളില്‍ നിന്ന് ഏകദേശം 63 കിലോമീറ്റര്‍ അകലെയായാണ് ജിം കോര്‍ബറ്റ് ദേശീയ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.

രാജ്ഭവന്‍, നൈനാ ദേവീ ക്ഷേത്രം, സെന്‍റ് ജോണ്‍സ് പള്ളി, ഹൈക്കോടതി സമുച്ചയം തുടങ്ങിയവയാണ് നൈനിറ്റാളിലെ പ്രധാന വാസ്തു ശില്‍പ്പ ആകര്‍ഷണങ്ങള്‍.

ഡല്‍ഹിയില്‍ നിന്ന് റോഡ് മാര്‍ഗവും റെയില്‍ മാര്‍ഗവും നൈനിറ്റാളില്‍ എത്തിച്ചേരാം. കത്ഗോധമാണ് നൈനിറ്റാളിന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഹൌറ, ആഗ്ര, ലഖ്നൌ എന്നിവിടങ്ങളില്‍ നിന്നും ഇവിടേയ്ക്ക് ട്രെയിന്‍ സര്‍വീസുണ്ട്. ഡല്‍ഹിയില്‍ നിന്ന് നൈനിറ്റാളിലേക്കുള്ള ദൂരം 322 കിലോമീറ്ററാണ്. എഴുപത് കിലോമീറ്റര്‍ ദൂരെയുള്ള പന്ത്‌നഗറാണ് നൈനിറ്റാളിന് ഏറ്റവുമടുത്ത വിമാനത്താവളം

വെബ്ദുനിയ വായിക്കുക