നിഗൂഢ സൌന്ദര്യവുമായി പുഷ്കര്‍

വ്യാഴം, 26 മാര്‍ച്ച് 2009 (20:00 IST)
PRO
‘മൂന്ന് വശങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വലിയ മലകള്‍. ഇനിയൊരുവശത്ത് ശീതള ഛായ പരത്തിക്കൊണ്ട് ശയിക്കുന്ന തടാകം'. പുഷ്കര്‍ എന്ന കൊച്ചുപട്ടണം രാജ്സ്ഥാന്‍റെ വിനോദ സഞ്ചാര ഭൂപടത്തില്‍ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്‘. തീര്‍ത്ഥയാത്രയും വിനോദ സഞ്ചാരവും സമന്വയിക്കുന്ന കാഴ്ചയാണിവിടെ.

അജ്മീറില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയുള്ള മനോഹരമായ ഒരു പട്ടണമാണ് പുഷ്കര്‍. ഹിന്ദു വിശ്വാസികളുടെ അഞ്ച് പ്രധാന ധാമങ്ങളില്‍ ഒന്നാണ് ഈ സ്ഥലം‍. ബദരീ നാഥ്, പുരി, രാമേശ്വരം, ദ്വാരക എന്നിവയ്ക്കൊപ്പമാണ് പുഷ്കറിന്‍റെയും സ്ഥാനം. അവാച്യമായ നിഗൂഢ സൌന്ദര്യമാണ് ഈ പട്ടണത്തിന്‍റെ ആകര്‍ഷണം. നാഗ് പര്‍വതമാണ് പുഷ്കറിനെ അജ്മീറില്‍ നിന്ന് വേര്‍തിരിക്കുന്നത്.

പുഷ്പത്താല്‍ നിര്‍മ്മിതമായ കുളമെന്നാ‍ണ് പുഷ്കര്‍ എന്ന പദത്തിന്‍റെ അര്‍ത്ഥം. വജ്രനാഭ് എന്ന രാക്ഷസനെ ബ്രഹ്മദേവന്‍ ഒരു താമരപ്പൂ കൊണ്ട് വധിച്ച സമയത്ത് പൂവിന്‍റെ ഇതളുകള്‍ പുഷ്കറിന് ചുറ്റുമുള്ള മൂന്നിടങ്ങളിലായാണ് വന്ന് പതിച്ചത്. ഇങ്ങനെയാണ് പുഷ്കര്‍ തടാകം രൂപം കൊള്ളുന്നത്.

തടാകത്തിലെ ജലം ഔഷധഗുണമുള്ളതാണെന്നാണ് കരുതപ്പെടുന്നത്. അഞ്ഞൂറോളം ചെറിയ ക്ഷേത്രങ്ങളാണ് പുഷ്കര്‍ തടാകത്തിന് ചുറ്റുമുള്ളത്. ബ്രഹ്മക്ഷേത്രമാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇന്ത്യയിലെ തന്നെ ഏക ബ്രഹ്മക്ഷേത്രവും ഇവിടെയാണ്. സമീപത്തുള്ള രത്നഗിരി മലയിലെ സാവിത്രി ക്ഷേത്രവും ഏറെ പ്രധാനമാണ്. ഈ ക്ഷേത്രത്തിനുള്ളില്‍ സാവിത്രി ദേവിയുടെ ഒരു മനോഹര പ്രതിമയും കാണാം. തടാകത്തിന്‍റെ തീരത്തുള്ള മാന്‍ മഹല്‍ മറ്റൊരു ആകര്‍ഷണ കേന്ദ്രമാണ്. രാജ മാന്‍ സിംഗിന്‍റെ ഭവനമായിരുന്നു ഇതെന്നാണ് കരുതപ്പെടുന്നത്.

അതേസമയം ഒട്ടകങ്ങളേയും മറ്റ് കന്നുകാലികളുടെയും വ്യാപാരസ്ഥലം എന്ന നിലയിലാണ് പുഷ്കര്‍ പ്രശസ്തമായത്. നവംബറിലെ കാര്‍ത്തിക പൂര്‍ണ്ണിമയില്‍ നടക്കുന്ന മതപരമായ ചടങ്ങ് കാണാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആളുകള്‍ ഇവിടേക്ക് എത്തുന്നത്. ഒട്ടകങ്ങള്‍, കുതിരകള്‍,ആനകള്‍ മറ്റ് കന്ന് കാലികള്‍ തുടങ്ങി അമ്പതിനായിരത്തോളം മൃഗങ്ങളെയാണ് ഈ ദിവസം ഇവിടെ വച്ച് ലേലത്തിലൂടെ വ്യാപാരം നടത്തുന്നത്. ഓരോ വര്‍ഷവും രണ്ട് ലക്ഷത്തോളം ആളുകളാണ് ഈ ഉല്‍സവം കാണാന്‍ പുഷ്കറിലെത്തുന്നത്.

ഉല്‍സവം നടക്കുന്ന സമയത്ത് സഞ്ചാരികള്‍ക്ക് താമസിക്കാനായി വന്‍ സൌകര്യങ്ങളോട് കൂടിയ ടെന്‍റുകള്‍ ലഭ്യമാണ്.ഉല്‍സവത്തിന്‍റെ ഭാഗമായി രാജ്സ്ഥാന്‍ നൃത്തങ്ങളും മറ്റ് കലാപരിപാടികളും ടൂറിസം വകുപ്പ് ഒരുക്കാറുണ്ട്.

ഹൃദ്യമായ കാലാവസ്ഥയാണ് പുഷ്കറിന്‍റെ മറ്റൊരു പ്രത്യേകത. വേനല്‍ക്കാലങ്ങളില്‍ പരമാവധി ചൂട് 40-45 ഡിഗ്രിയും തണുപ്പ് കാലത്ത് ഇത് ഏകദേശം 10 ഡിഗ്രിയുമാണ്. മണ്‍സൂണ്‍ സമയത്ത് കനത്ത മഴ ഇവിടെയുണ്ടാവില്ല. എങ്കിലും ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഈ സ്ഥലം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

വെബ്ദുനിയ വായിക്കുക