വിദേശ സ്വാധീനം തെളിഞ്ഞു കാണുന്ന ജീവിതരീതികളും വൈവിധ്യമാര്‍ന്ന പ്രകൃതി ദൃശ്യങ്ങളും കൊണ്ട് വിനോദ സഞ്ചാര മേഖലയിലെ ശ്രദ്ധേയ സാനിധ്യമായി മറി കഴിഞ്ഞ ഗോവയിലെ വ്യത്യസ്തമായ ഒരു ടൂറിസ്റ്റ് ആകര്‍ഷണമാണ് ആന്‍സെസ്ട്രല്‍ ഗോവ എന്ന ഗ്രാമീണ മാതൃക. ഗോവയുടെ ഗ്രാമീണ പാരമ്പര്യത്തിന്‍റെ നേര്‍ക്കാഴ്ചയാണ് ഇവിടെ ശില്‍പ്പങ്ങളിലൂടെ ഒരുക്കിയിരിക്കുന്നത്.
മഡ്ഗാവില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള ലോട്ടിലിം ഇന്‍സിലാണ് ഒമ്പത് ഏക്കറിലായി പരന്ന് കിടക്കുന്ന ഈ ‘ഗ്രാമം’. നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഗോവന്‍ ഗ്രാമീണ ജീവിതമാണ് ഇവിടെ പുനര്‍ സൃഷ്ടിച്ചിരിക്കുന്നത്. ഗോവയിലെ പരമ്പരാഗത ഹസ്തകലാ കേന്ദ്രം, കര്‍ഷക ഭവനങ്ങള്‍, മത്സ്യ തൊഴിലാളികളുടെ വീടുകള്‍, ഗോവന്‍ മദ്യമായ ഫെനിയുടെ നിര്‍മ്മാണ കേന്ദ്രം , ഗ്രാമീണ ചന്ത, ഗോവന്‍ കലകള്‍, സുഗന്ധ വ്യഞ്ജന കൃഷി, റബര്‍ തോട്ടം തുടങ്ങി ഗോവന്‍ ഗ്രാമീണ്‍ ജീവിതത്തിലെ കാഴ്ചകളെല്ലാം തനിമ നഷ്ടമാകാതെ ഇവിടെ ഒരുക്കിയിരിക്കുന്നു.
മീരാ ഭായുടെ ശില്‍പ്പങ്ങള്‍, പാദത്തിന്‍റെരൂപത്തിലുള്ള ബിഗ് ഫൂട്ടെന്ന ഡാന്‍സ് ഫ്ലോര്‍ തുടങ്ങിയവയാണ് ഇവിടത്തെ മറ്റ് ആകര്‍ഷണങ്ങള്‍. പരമ്പരാഗത ഗോവന്‍ ഭക്ഷണങ്ങളും ഇവിടെ ലഭിക്കും.
ഇതോടൊപ്പം ഗോവന്‍ ഉത്സവ ദിനങ്ങളെല്ലാം ഇവിടെയും ആഘോഷിക്കാറുണ്ട്. ഈ ദിവസങ്ങളില്‍ ആന്‍സെസ്ട്രല്‍ ഗോവയില്‍ എത്തുന്നവര്‍ക്ക് ഗോവന്‍ സാംസ്കാരിക പൈതൃകത്തിന്‍റെ സവിശേഷതകള്‍ അനുഭവിച്ചറിയാന്‍ സാധിക്കും. ഗോവയിലെ സാധാരണ വിനോദ സഞ്ചാര കാഴ്ചകള്‍ക്ക് പുറമേ ഗോവന്‍ സംസ്കാരത്തെ കുറിച്ചും ചരിത്രത്തെ കുറിച്ചും ഉള്‍ക്കാഴ്ചയും ആന്‍സെസ്ട്രല്‍ ഗോവ നല്‍കുന്നു.
ഗോവന്‍ കലാകാരനായ മായേന്ദ്രാ ജെ ആല്‍വാരിസിന്‍റെ സ്വപന പദ്ധതിയാണ് ആന്‍സെസ്ട്രല്‍ ഗോവ . തനിക്ക് പരമ്പരാഗതമായി ലഭിച്ച ഭൂമിയിലാണ് ആല്‍വാരിസ് ഗോവന്‍ ഗ്രാമത്തെ പുനര്‍ സൃഷ്ടിച്ചിരിക്കുന്നത്. ഗോവന്‍ ടൂറിസം വികസന കോര്‍പ്പറേഷന്‍റെ സാംസ്കാരിക ടൂറിസം പാക്കേജുകളിലെ സ്ഥിരം സാനിദ്ധ്യമായ ആന്‍സെസ്ട്രല്‍ ഗോവ 1995ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
ഞായറാഴ്ച ഒഴികേയുള്ള ദിവസങ്ങളില്‍ പകല്‍ 10 മണി മുതല്‍ വൈകുന്നേരം ഏഴു മണി വരെയാണ് ഇവിടത്തെ പ്രദര്‍ശന ശാലകള്‍ പ്രവര്‍ത്തിക്കുന്നത്. മഡ്ഗാവില്‍ നിന്ന് റോഡ് മാര്‍ഗം ആന്‍സെസ്ട്രല്‍ ഗോവയില്‍ എത്തിച്ചേരാം.