വേലുത്തമ്പി: സ്വാതന്ത്ര്യത്തിനു വേണ്ടി രക്തസാക്ഷിത്വം

ചൊവ്വ, 14 ഓഗസ്റ്റ് 2007 (18:54 IST)
FILEFILE

സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിക്കുകയും സ്വാതന്ത്ര്യത്തിനു വേണ്ടി മരിക്കുകയും ചെയ്ത ധീരനായ ദേശാഭിമാനി. അതായിരുന്നു വേലുത്തമ്പി ദളവ.

ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ജീവന്‍ കൊടുത്ത് പ്രതികരിക്കുകയായിരുന്നു വേലുത്തമ്പി. മരണത്തിലല്ലാതെ മറ്റൊരു ശക്തിക്കും കീഴടങ്ങില്ല എന്ന ഉറച്ച തീരുമാനം നടുക്കിയത് സാമ്രാജ്യത്വത്തിന്‍റെ ദന്തഗോപുരങ്ങളെയായിരുന്നു.

വേലുത്തമ്പി ദള

തിരുവിതാംകൂര്‍ ദളവ. ചെമ്പകരാമന്‍ വേലായുധന്‍ എന്ന് യഥാര്‍ത്ഥ പേര്. തലക്കുളത്ത് വലിയവീട്ടില്‍ ജനിച്ചു. ചെറുപ്പത്തില്‍ ആയുധവിദ്യ അഭ്യസിക്കുകയും നാട്ടുകൂട്ടം നേതാവാകുകയും ചെയ്തു.

പിന്നീട് മണ്ഡപത്തും വാതില്‍ക്കല്‍ കാവല്‍ക്കാരന്‍, ഇരണിയയിലെ കാവല്‍ക്കാര്‍, മുളകുമടിശ്ശീല (വാണിജ്യം) കാര്യക്കാര്‍ എന്നീ പദവികളിലൂടെ ഉയര്‍ന്ന് ബാലരാമവര്‍മ്മ രാജാവിന്‍റെ ദളവയായി (1801)

ആലപ്പുഴ തുറമുഖം വികസിപ്പിച്ചത് ദളവയാണ്.

കപ്പുക്കുടിശ്ശിക അടയ്ക്കാത്തതിന്‍റെ പേരില്‍ ബ്രിട്ടീഷ് കമ്പനിയുമായി ശത്രുതയിലായ തമ്പി കുണ്ടറയില്‍ വച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പരസ്യമായി വിളംബരം നടത്തി (കുണ്ടറ വിളമ്പരം - 11-01-1809). തുടര്‍ന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട തമ്പി ബ്രിട്ടീഷുകാരുമായി പരസ്യമായും രഹസ്യമായും ഏറ്റുമുട്ടി.

കൊച്ചിയിലെ പാലിയത്തച്ചനുമായി സമരത്തില്‍ കൂട്ടുണ്ടാക്കി. ജനങ്ങുടെ ശക്തിയെ ഉപയോഗപ്പെടുത്തുന്നതില്‍ പൂര്‍ണമായി വിജയിച്ചെങ്കിലും അത് തിരിച്ചറിഞ്ഞ ആദ്യത്തെ സ്വാതന്ത്യസമരനായകനാണ് വേലുത്തമ്പി.

ബ്രിട്ടീഷുകാര്‍ക്ക് ജീവനോടെ കീഴടങ്ങുകയില്ലെന്ന് പ്രതിജ്ഞ ചെയ്ത്, കൊല്ലം ജില്ലയിലെ മണ്ണടി ക്ഷേത്രത്തില്‍ അഭയം പ്രാപിച്ചിരുന്ന തമ്പിയെ ശത്രുക്കള്‍ വളഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്തു.

ബ്രിട്ടീഷുകാര്‍ പക തീരാതെ തമ്പിയുടെ മൃതദേഹം തിരുവനന്തപുരത്ത് കണ്ണമൂലയില്‍ കൊണ്ടുവന്ന് കഴുകിലേറ്റി. അത് 1809 മാര്‍ച്ച് മാസം 29 നായിരുന്നു.

വെബ്ദുനിയ വായിക്കുക