എ.കെ.ജി: കാലത്തിനൊപ്പം നടന്ന കമ്യൂണിസ്റ്റ്

FILEFILE
അധ്വാനിക്കുന്നവരും ചൂഷിതരുമായ ജനവിഭാഗങ്ങളുടെ മോചനത്തോടുകൂടി മാത്രമേ യഥാര്‍ത്ഥ രാഷ്ട്രീയ സ്വാതന്ത്ര്യം സാര്‍ത്ഥകമാകൂ എന്ന വീക്ഷണത്തോടെ പോരാട്ട വീഥികളില്‍ പടനയിച്ച ധീരനായ വ്യക്തിയായിരുന്നു എ.കെ.ജി.

1904 ല്‍ ഒരു പ്രഭു കുടുംബത്തിലാണ് എ.കെ. ഗോപാലന്‍റെ ജനനം. പിതാവിന്‍റെ താല്‍‌പര്യത്തിനെതിരായി പൊതു പ്രവര്‍ത്തകനാവുകയാണ് അദ്ദേഹം ചെയ്തത്.

സ്വാതന്ത്ര്യസമരകാലത്തെ നിയമലംഘന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എ.കെ.ജി. 1935 ല്‍ കെ.പി.സി.സി. അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സ്ഥാനം ഉപേക്ഷിച്ച അദ്ദേഹം കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടിയിലേക്കും തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും ചുവടുവച്ചു.

1936ല്‍ കണ്ണൂരില്‍ നിന്ന് മദിരാശിയിലേക്ക് ചരിത്രപ്രാധാന്യമുള്ള ഒരു കാല്‍നട ജാഥ എ.കെ.ജി. നയിച്ചു. സ്വന്തം രാജ്യത്ത് സ്വാതന്ത്ര്യം പുലരുന്പോള്‍ അദ്ദേഹം കണ്ണൂര്‍ ജയിലില്‍ തടവിലായിരുന്നു.

1948 ല്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയെ നിരോധിച്ചു. ഈ നടപടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് കോടതിയില്‍ എ.കെ.ജി. സ്വയം വാദിച്ചു ജയിച്ചു. പുന്നപ്ര വയലാറിലെ രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് എ.കെ.ജി.യുടെ സാന്നിധ്യം വലിയ ആശ്വാസമായിരുന്നു.

ഇന്ത്യയുടെ പ്രഥമ പ്രതിപക്ഷനേതാവായി 1952 ല്‍ എ.കെ.ജി. തെരഞ്ഞെടുക്കപ്പെട്ടു.

ഉള്‍പാര്‍ട്ടി സമരങ്ങളെ എന്നും നല്ല പാതയില്‍ നയിക്കാന്‍ എ.കെ.ജിയ്ക്ക് കഴിഞ്ഞു. അത് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ സഹായമായി.

1975 ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെതിരെ എ.കെ.ജി. നടത്തിയ പ്രസംഗം ചരിത്രത്താളുകളില്‍ ഇടം നേടി. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പിന്‍വലിക്കുകയും തെരഞ്ഞെടുപ്പില്‍ അവര്‍ സ്വന്തം മണ്ഡലത്തില്‍ പരാജയപ്പെടുകയും ചെയ്യുന്നത് കണ്ടശേഷമാണ് എ.കെ.ജി. അന്തരിച്ചത്. 1977 മാര്‍ച്ച് 22 നായിരുന്നു അത്.

വെബ്ദുനിയ വായിക്കുക