ഇന്ത്യ സ്വതന്ത്ര രാജ്യമായിട്ട് അറുപത് ആണ്ടുകള്‍ ഇന്നു പൂര്‍ത്തിയാവുന്നു. സ്വാതന്ത്ര്യലബ്ധിയുടെ അറുപതാം വാര്‍ഷിക ദിനത്തില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഇന്ത്യ ഇപ്പോഴും യൌവനത്തില്‍ നില്‍ക്കുകയാണ് എന്നു കാണാം.
അറുപത് വര്‍ഷത്തെ ഇന്ത്യ വിജയമാണോ പരാജയമാണോ എന്ന് ചോദിച്ചാല്‍ ഒട്ടും മടിക്കാതെ പറയാം ഒരു വലിയ വിജയമാണ് എന്ന്. കാരണം ലോകത്തിലെ പത്ത് മികച്ച രാജ്യങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ ഇന്ത്യയുണ്ട്.
ദരിദ്രവും പരാശ്രിതവുമായ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ നിന്നും സ്വയം പര്യാപ്തിയുടെ കരുത്തിലേക്ക് ഇന്ത്യ വളര്‍ന്നു കഴിഞ്ഞു. ശാസ്ത്ര രംഗത്ത്, വ്യവസായ രംഗത്ത്, വിദ്യാഭ്യാസ രംഗത്ത്, ആരോഗ്യ രംഗത്ത്, എന്നു വേണ്ട ഏതു രംഗത്തും ഇന്ത്യയിന്ന് മികവിന്റെ ശ്രേണിയിലാണ്.
ഇന്ത്യയെ കാര്‍ന്നുതിന്നുന്ന ഒരു പ്രധാന അര്‍ബ്ബുദം ഇന്ന് അഴിമതിയാണ് എന്നു പറയാം. ലോക രാഷ്ട്രങ്ങളില്‍ ഈ കാര്യത്തിലും ഇന്ത്യ മുന്‍പന്തിയിലാണെന്നാണ് ഈയിടെ നടന്ന പഠനം തെളിയിക്കുന്നത്.
ഇന്ത്യയുടെ ഏറ്റവും വലിയ ഭാരം അതിന്റെ ജനപ്പെരുപ്പമാണ്. 50 കൊല്ലം കൂടി കഴിയുമ്പോള്‍ ഇന്ത്യ ചീനയേക്കാള് കൂടുതല്‍ ജനസാന്ദ്രതയും ജനപ്പെരുപ്പവുമുള്ള രാജ്യമായി മാറും എന്നാണ് ഐക്യരാഷ്ട്ര ജനസംഖ്യാ പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇത് ഇന്ത്യയിലെ വിഭവങ്ങളെ കാര്‍ന്നു തിന്നുമെങ്കിലും ലോകത്ത് എവിടെയും വിദഗ്ദ്ധരായ തൊഴിലാളികളെ നല്കുന്ന കാര്യത്തില്‍ മറ്റെല്ലാ രാജ്യങ്ങളെക്കാളും മുന്‍പന്തിയില്‍ ഇന്ത്യയെ എത്തിക്കാന്‍ ഇത് സഹായകമാവുന്നു എന്നു കാണാം.
മറ്റെല്ലാ ഏഷ്യന്‍ രാജ്യങ്ങളേക്കാളും മുന്‍പന്തിയില്‍ ഇന്ത്യ എത്തണമെങ്കില്‍ പത്തോ പന്ത്രണ്ടോ വര്‍ഷം മാത്രം മതി എന്നാണ് സൂചന. ഇന്ത്യ നിക്ഷേപ സൌഹൃദമായ, നിക്ഷേപ സാധ്യതയുള്ള രാജ്യമായി വികസിത ധനിക രാജ്യങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്.
ലാഭം കൊതിക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയെ അവരുടെ ബിസിനസ് വികസനത്തിന്റെ കേന്ദ്രമാക്കി മാറ്റിത്തുടങ്ങിയിരിക്കുന്നു. അതോടൊപ്പം ഇന്ത്യയിലെ വന്‍കിട കമ്പനികള്‍ അമേരിക്കയിലെയും വികസിത രാജ്യങ്ങളിലെയും പല വന്‍കിട കമ്പനികളേയും വിലയ്ക്കു വാങ്ങാനും തുടങ്ങിക്കഴിഞ്ഞു.
ഇന്ന് ഇന്ത്യ ലോകത്തിന്റെ അവിഭാജ്യ ഘടകമാണ്. എല്ലാ രാജ്യങ്ങളിലും ചെറുതോ വലുതോ ആയ തോതില്‍ ഇന്ത്യയുണ്ട്. അതില്‍ ഭൂരിപക്ഷവും കേരളീയരാണു താനും.
ഇത്രയേറെ ജനങ്ങളെ തീറ്റിപ്പോറ്റിയിട്ടും 60 കൊല്ലം കൊണ്ട് ഇന്ത്യ ലോകത്തിന്റെ നെറുകയില്‍ സ്ഥാനം പിടിച്ചു എന്നത് അവിശ്വസനീയമായ ഒരു സത്യമാണ്. സൈനിക ബലത്തിന്റെ കാര്യത്തിലായാലും അണുശക്തിയുടെ കാര്യത്തിലായാലും ഇന്ത്യ ആരുടെയും പിന്നിലല്ല.
ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും ഒക്കെ അന്യ രാജ്യങ്ങളുടെ സഹായവും സൌമനസ്യവും തേടി നടന്നിരുന്ന ഇന്ത്യ പഞ്ചവത്സര പദ്ധതികളിലൂടെയും ഹരിത വിപ്ലവത്തിലൂടെയും നിവര്‍ന്നുനിന്നു. എന്നാല്‍ നരസിംഹ റാവു എന്ന ക്രാന്തദര്‍ശിയായ പ്രധാനമന്ത്രിയുടെ സുചിന്തിതമായ ചില തീരുമാനങ്ങളാണ് ഇന്നിപ്പോള്‍ ഇന്ത്യയെ അസൂയാവഹമായ ഈ സ്ഥാനത്തിലേക്ക് ഉയര്‍ത്താന്‍ സഹായകമായത്.
വിവാദപരമായിരുന്നു എങ്കിലും ഉദാരവത്കരണ നയമാണ് ഇന്ത്യയുടെ പരാധീനതകള്‍ മാറ്റി മികവിന്റെ പാതയിലേക്ക് രാജ്യത്തെ നയിച്ചത്. അതെപോലെ, ഒന്നുമില്ലായ്മയില്‍ നിന്നും ഉണ്മയിലേക്ക് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയത് രാഷ്ട്ര ശില്‍പ്പിയായ അദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവായിരുന്നു. ഇന്ത്യയുടെ സ്ഥൈര്യവും ആധിപത്യവും ഉറപ്പിച്ചത് ഇന്ദിരാഗാന്ധിയും, ശാസ്ത്രത്തിന്റെ മികവുകള്‍ ഇന്ത്യയ്ക്ക് അനുകൂലമാക്കിയത് രാജീവ് ഗാന്ധിയുമായിരുന്നു.
ഇന്ത്യയുടെ സര്‍വ്വാതിശയിയായ ആന്തരിക ശക്തിയും ലോകസൌഹൃദവും തുറന്നു കാട്ടുകയും ലോക രാജ്യങ്ങള്‍ക്കിടയില്‍ സല്പ്പേരുണ്ടാക്കുകയും ചെയ്തത് അടല്‍ ബിഹാരി വാജ്പേയിയാണ്. ഇപ്പോഴത്തെ പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗ് നരസിംഹ റാവുവിന്റെ നയങ്ങള്‍ സമര്‍ത്ഥമായി തുടരുകയും ചെയ്യുന്നു.
വിക്രംസാരാഭായ്, എം.എസ്.സ്വാമിനാഥന്, വര്‍ഗ്ഗീസ് കുര്യന്, സാം പിത്രോദ തുടങ്ങി ഒട്ടേറെ പ്രതിഭാ ശാലികളായ ശാസ്ത്രജ്ഞരും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കാര്യമായ സഹായം ചെയ്തിട്ടുണ്ട്.
ഇന്ത്യയില്‍ സാമൂഹ്യപരമായി കാണുന്ന വലിയൊരു സവിശേഷത ദാരിദ്ര്യം ക്രമേണ കുറയുകയും ഇടത്തരക്കാരുടെ സമൂഹം ശക്തമായി വളരുകയും ചെയ്യുന്നതാണ്. ലോകത്തില്‍ ഏറ്റവും പ്രബലമായ മധ്യവര്‍ഗ്ഗ വിഭാഗമുള്ള രാജ്യം ഇന്ത്യയായി മാറിക്കഴിഞ്ഞു.
ഇന്ത്യ അടുത്തു തന്നെ വലിയൊരു സാമ്പത്തിക ശക്തിയായി മാറുമെന്നാണ് പ്രവചനം. അതിനുള്ള വിഭവ ശേഷി ഇന്ത്യയ്ക്കുണ്ട്. ഭൌതിക സാഹചര്യങ്ങളുണ്ട്. ആള്‍ബലവും ഉണ്ട്.
അറുപതാം വയസില്‍ ഇന്ത്യ ചുറുചുറുക്കോടെയാണ് മുന്നേറുന്നത് - ഇനിയും എത്രയോ അറുപതുകള്‍ യുവത്വത്തോടെ കഴിയാന്‍.