സ്വാതന്ത്ര്യസമര സേനാനി, പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, എന്നീ നിലകളിലെല്ലാം ചിരസ്മരണീയനാണ് കെ.പി.കേശവമേനോന്‍.
നാം മുന്നോട്ട് എന്ന അദ്ദേഹത്തിന്‍റെ ലേഖന പരമ്പര വ്യക്തികള്‍ക്കും സമൂഹത്തിനുമുള്ള സമകാലിക ഉപദേശസംഹിതയായിരുന്നു. ഒരു തരത്തില്‍ കേശവമേനോന്‍ ഒരു സാമൂഹിക കൗണ്‍സലിംഗ് ആയിരുന്നു നടത്തിയിരുന്നത്.
പാലക്കാട്ടെ നാടുവാഴി പ്രഭുത്വത്തിന്‍റെ അന്തരീക്ഷത്തില്‍ ജനിച്ച് സകല സൗഭാഗ്യങ്ങളും അനുഗ്രഹിച്ച ചുറ്റുപടില്‍ വളര്‍ന്ന്, സ്വാതന്ത്ര്യപോരാളികളുടെ യാതനാ നിര്‍ഭരമായ ജീവിതം സ്വയം തെരഞ്ഞെടുത്ത് 1978 നവംബര്‍ 9 നു കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞ കെ.പി.കേശവമേനോന്‍ ജീവിതത്തിന്‍റെ ഓരോ നിമിഷവും ജനസേവനത്തിനായി ഉഴിഞ്ഞു വച്ചു.
1886 സപ്തംബര്‍ ഒന്നിനായിരുന്നു അദ്ദേഹത്തിന്‍റെ ജനനം.
വൈക്കം സത്യാഗ്രഹമടക്കമുള്ള കോണ്‍ഗ്രസിന്‍റെ സമരങ്ങളിലെല്ലാം നായക സ്ഥാനത്തുണ്ടായിരുന്ന അദ്ദേഹം ഒരിക്കലും അധികാരത്തിനോ സ്ഥാനമാനത്തിനോ വേണ്ടി ശ്രമിച്ചില്ല. പകരം ജനങ്ങളില്‍ ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും പകരുന്ന ചിന്തകള്‍ പങ്കുവയ്ക്കാനാണ് ഔത്സുക്യം കാട്ടിയത്. സാമൂഹിക ഉപദേശ സംഹിതയെ സ്വന്തം നിലയ്ക്ക് ഒരു സാഹിത്യ പ്രസ്ഥാനമായി മാറ്റാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
ദേശീയ ജീവിതത്തില്‍ മഹത്തായ പങ്കു വഹിച്ച "മാതൃഭൂമി' പത്രത്തിന്‍റെ സ്ഥാപക പത്രാധിപരാവുക, ഹ്രസ്വമായ ചുരുക്കം ഇടവേളകളോടെ 55 കൊല്ലക്കാലം ആ പത്രത്തിന്‍റെ അധിപ സ്ഥാനത്തു തുടരുകയും ചെയ്യുക - ഒരാളെ സര്‍വാദരണീയനാക്കാന്‍ ഈ ഒരൊറ്റ കാര്യം മതി.
എന്നാല്‍ കെ.പി.കേശവമേനോനെ സര്‍വസംപൂജ്യനാക്കുന്നതു നെടുനാള്‍ അദ്ദേഹം വഹിച്ച മാതൃഭൂമി പത്രാധിപത്യം മാത്രമല്ല . സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ദേശീയ സമരത്തില്‍ ത്യാഗസുരഭിലമായി സേവനമനുഷ് ഠിക്കുകയും കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോന്‍ഗ്രസിനു വേരോട്ടമുണ്ടാക്കന്‍ അഹോരാത്രം പണിയെടുക്കുകയും ചെയ്ത ദേശസ്നേഹിയാണ് കേശവമേനോന്‍.
ജനസേവനം
മാപ്പിളലഹളക്കാലത്ത് ലഹളയൊതുക്കാനും അഭയാര്‍ത്ഥികള്‍ക്ക് അശ്വാസം പകരാനും അദ്ദേഹം അക്ഷീണ പ്രയത്നം ചെയ്തു. ഇരുപതുകളില്‍ അയിത്തോച്ചാടനപ്രസ്ഥാനത്തില്‍ സജീവമായി മുഴുകുകയും വൈക്കം സത്യഗ്രഹത്തിനു നേതൃത്വം നല്‍കി ജയില്‍വാസമനുഭവിക്കുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ധകാലത്ത് സിംഗപ്പൂരില്‍ ജപ്പാന്‍കാരുമായി ഇടഞ്ഞ മേനോന്‍ യുദ്ധം തീരുന്നതുവരെ അവരുടെ തടങ്കലില്‍ കിടന്നു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ സ്വദേശത്തേക്കു മടങ്ങിയ അദ്ദേഹം വീണ്ടും മാതൃഭൂമിയുടെ പത്രാധിപസ്ഥാനത്ത് അവരോധിതനായി. പിന്നീട് 92 -ാം വയസ്സില്‍ മരിക്കുന്നതുവരെ ആ സ്ഥാനത്തു തുടര്‍ന്നു.
കേരള സാഹിത്യ അക്കാദമിയുടെ വര്‍ക്കിംഗ് പ്രസിഡന്‍റായി മൂന്നു കൊല്ലം പ്രവര്‍ത്തിച്ചതിനു പുറമേ മറ്റനേകം ഉന്നത പദവികള്‍ കേശവമേനോന്‍ അലങ്കരി ിച്ചു. . അല്‍പകാലം അദ്ദേഹം ശ്രീലങ്കയില്‍ ഇന്ത്യയുടെ ഹൈക്കമ്മീഷണര്‍ പദവിയും വഹിച്ചു. 1966 ല്‍ ഇന്ത്യാ സര്‍ക്കാര്‍ അദ്ദേഹത്തെ പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു.
ഗ്രന്ഥരചന
മറ്റെത്രയോ വിധത്തില്‍ കേശവമേനോന്‍ സ്മരണീയനാണെങ്കിലും ഒരു എഴുത്തുകാരനെന്ന നിലയിലാണ് അദ്ദേഹത്തിന്‍റെ യശസ്സ് എന്നെന്നും നിലനില്‍ക്കുക. ഇരുപത്തിരണ്ടാമത്തെ വയസില്‍ ലാലാ ലജപത് റായിയുടെ ജീവചരിത്രം എഴുതിക്കൊണ്ടാരംഭിച്ച സാഹിത്യസപര്യ അദ്ദേഹം ജീവിതാന്ത്യം വരെ തുടര്‍ന്നു. ഇടക്കാലത്തുവച്ച് കാഴ്ചശേഷി പൂര്‍ണമായും നശിച്ചിട്ടും ലേഖനമെഴുത്തും ഗ്രന്ഥരചനയും അദ്ദേഹം മുടക്കിയില്ല.
കനപ്പെട്ട എത്രയോ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തില്‍ നിന്നും കൈരളിക്ക് ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടിയ അദ്ദേഹത്തിന്‍റെ "കഴിഞ്ഞ കാലം' മലയാളത്തിലെ ആത്മകഥാ സാഹിത്യത്തില്‍ ഒരു നാഴികക്കല്ലാണ്.
സമകലിക ചിന്താധാരകള്‍ പങ്കുവെക്കുകയും ഒരുകാരണവരെ പോലെ ,ഋഷിയെ പോലെ, ഉപദേഅശവും മാര്‍ഗ്ഗദര്‍ശനവും തരുകയും ചെയ്തിരുന്ന നാം മുന്നോട്ട് എന്നെ ലെഖന സമാഹാരം പല വാള്യങ്ങളിയായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. അതും എക്കാലത്തും പ്രസക്തമായ വിചാരധാരകളാണ്.
ഭക്ഷണപ്രിയന്‍
നല്ലൊരു ഭക്ഷണപ്രിയനായിരുന്നു കേശവമേനോന്‍. നല്ല ഭക്ഷണം അതിന്‍റെ വൈവിദ്ധ്യം, രുചിഭേദം എല്ലാമദ്ദേഹത്തിന് പ്രിയതരമായിരുന്നു. ഉറ്റവരുടെയും ബന്ധുക്കളുടെയും മാത്രമല്ല സ്നേഹിതരുടെയും അവരുടെ മക്കളുടെയും മറ്റും പിറന്നാളും വിവാഹ വാര്‍ഷികവും അദ്ദേഹം ഓര്‍ത്തുവയ്ക്കുമായിരുന്നു. ഉച്ച സദ്യയ്ക്ക് താനുണ്ടാകുമെന്ന് മുന്‍കൂട്ടി ഓര്‍മ്മിപ്പിക്കാനും അദ്ദേഹം മടിക്കാറില്ല.
കാഴ്ച നഷ്ടപ്പെട്ടതില്‍ പിന്നെ വിളമ്പിയ ഇലയ്ക്കു മുന്‍പിലിരുന്ന് സന്തത സഹചാരിയായ ശ്രീനിവാസന്‍ വിരല്‍ തൊട്ടു പരിചയപ്പെടുത്തുന്ന വിഭവങ്ങള്‍ ഓരോന്നും മുറതെറ്റിക്കാതെ കേശവ മേനോന്‍ കഴിക്കുന്ന കാഴ്ച ഹൃദ്യമായിരുന്നു.
ദീനദയാലുത്വം അദ്ദേഹത്തിന്‍റെ കൂടപ്പിറപ്പായിരുന്നു. മാതൃഭൂമിയില്‍ വിവിധ വിഭാഗങ്ങളില്‍ ജോലിചെയ്തിരുന്നവരില്‍ ഏറിയ പങ്കും ഈ ദീനാനുകന്പയുടെ സൗജന്യം അനുഭവിക്കുന്നവരായിരുന്നു.