ശ്യാമളന്‍ ഏറ്റവും മോശം സംവിധായകന്‍

തിങ്കള്‍, 28 ഫെബ്രുവരി 2011 (17:13 IST)
PRO
മനോജ് നൈറ്റ് ശ്യാമളന്‍ എന്ന മനോജ് നെല്ലിയാട്ട് ശ്യാമളന്‍ മലയാളികളുടെ അഭിമാനമാണ്. ദ സിക്സ്ത് സെന്‍സ് എന്ന സിനിമയിലൂടെ ഓസ്കര്‍ വേദിയില്‍ വരെയെത്തി ഈ സംവിധായകന്‍റെ പെരുമ. എന്തായാലും മികച്ച ത്രില്ലറുകളുടെ സംവിധായകന്‍ എന്ന് പേരുകേള്‍പ്പിച്ച മനോജ് ശ്യാമളന്‍ ഇപ്പോള്‍ ഏറ്റവും മോശം സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

ഹോളിവുഡിലെ ഏറ്റവും മോശം സിനിമയ്ക്ക് നല്‍കുന്ന ഗോള്‍ഡന്‍ റാസ്‌ബെറി പുരസ്‌കാരങ്ങള്‍ ഏറ്റവും കൂടുതല്‍ നേടി ശ്യാമളന്‍ ചിത്രമായ ‘ദ ലാസ്റ്റ് എയര്‍ബെന്‍ഡര്‍’ ചരിത്രം സൃഷ്ടിച്ചു. ഏറ്റവും മോശം സിനിമ, സംവിധായകന്‍, തിരക്കഥ, സഹനടന്‍ എന്നിവയ്ക്കുള്ള അവാര്‍ഡുകളാണ് ‘ദ ലാസ്റ്റ് എയര്‍ബെന്‍ഡര്‍’ നേടിയത്. ത്രീ ഡി ദുരുപയോഗം ചെയ്തതിനുള്ള പ്രത്യേക പുരസ്കാരവും മനോജ് ശ്യാമളന് തന്നെ.

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ഗോള്‍ഡന്‍ റാസ്‌ബെറി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

പ്രെയിംഗ് വിത്ത് ആംഗര്‍, വൈഡ് അവേക്ക്, ദ സിക്സ്ത് സെന്‍സ്, അണ്‍‌ബ്രേക്കബിള്‍, സൈന്‍സ്, ദ വില്ലേജ്, ലേഡി ഇന്‍ ദ വാട്ടര്‍, ദ ഹാപ്പനിംഗ്, ദ ലാസ്റ്റ് എയര്‍ബെന്‍ഡര്‍ എന്നിവയാണ് മനോജ് നൈറ്റ് ശ്യാമളന്‍റെ സിനിമകള്‍. ദ വില്ലേജ് എന്ന സിനിമ വരെ ഹോളിവുഡ് ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കിയ സംവിധായകനായിരുന്നു ശ്യാമളന്‍. അതിനുശേഷം അമ്പരപ്പിക്കുന്ന നിലവാരത്തകര്‍ച്ചയാണ് ശ്യാമളന്‍റെ ചിത്രങ്ങള്‍ക്കുണ്ടായത്.

വെബ്ദുനിയ വായിക്കുക