സിനിമയിലേക്കില്ല: വിക്ടോറിയ

FILEFILE
ഫുട്ബോള്‍ താരം ഡെവിഡ് ബെക്കാമിന്‍റെയും കുടുംബത്തിന്‍റെയും അമേരിക്കന്‍ കുടിയേറ്റം അമേരിക്കന്‍ മാധ്യമങ്ങള്‍ ആഘോഷിക്കുമ്പോള്‍ ഹോളീവുഡിലേക്ക് പ്രവേശിക്കാന്‍ താല്‍‌പര്യമില്ലെന്നറിയിക്കുകയാണ് ബെക്കാമിന്‍റെ ഭാര്യയും മുന്‍ പോപ്പ് താരവുമായ വിക്ടോറിയ. അടുത്തയാഴ്ച ബെക്കാമും കുടുംബവും ലോസ് ഏഞ്ചത്സിലേക്ക് താമസം മാറും.

“അഭിനയിക്കാനുള്ള കഴിവ് തനിക്കുണ്ടോ എന്നതിനേ കുറിച്ച് ചിന്തിക്കുന്നില്ല. ലോസ് എഞ്ചല്‍‌സില്‍ എത്തിയവരില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ലാത്ത ഒരേയൊരാള്‍ ഒരുപക്ഷേ ഞാനായിരിക്കും” പോഷ് സുന്ദരി വ്യക്തമാക്കുന്നു. വിക്ടോറിയ ബെക്കാം എന്ന പേരില്‍ എന്‍ ബി സി ജൂലൈ 16 ന് സം‌പ്രേഷണം ചെയ്യുന്ന റിയാലിറ്റി ടെലിവിഷന്‍ ഡോക്യുമെന്‍‌ററിയിലാണ് വിക്ടോറിയ മനസ്സു തുറക്കുന്നത്.

എന്നാല്‍ താന്‍ അടുത്ത ടെലിവിഷന്‍ താരമാകില്ല എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും വിക്ടോറിയ സൂചിപ്പിക്കുന്നു. ഹോളീവുഡ് സിനിമാരംഗത്തേക്കാള്‍ ഫാഷന്‍ രംഗമാണ് വിക്ടോറിയയ്‌ക്ക് താല്‍പ്പര്യം. ഭര്‍ത്താ‍വിനും കുടുംബത്തിനുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇഷ്‌ടപ്പെടുന്ന മുന്‍ സ്പൈസ് ഗേള്‍സ് സുന്ദരിക്ക് അതുകഴിഞ്ഞാല്‍ ജീന്‍സ്,സണ്‍ഗ്ലാസ്സ്, പെര്‍ഫ്യൂം ബിസ്സിനസ്സിലാണ് താല്‍പ്പര്യം.

സ്പൈസ് ഗേള്‍സ് ബാന്‍ഡ് പുനര്‍ ജീവിക്കും എന്നതും ഡിസംബറില്‍ ലോക പര്യടനം നടത്തുമെന്ന വാര്‍ത്തയും ബെക്കാമിന്‍റെ ഭാര്യ നിഷേധിക്കുന്നു. പോപ്പ് ഗായികയായുള്ള പഴയകാലം ആസ്വദിക്കുകയാണെന്നും പുതിയ ആല്‍ബമോ ലോക പര്യടനമോ പദ്ധതിയില്‍ ഇല്ലെന്നും വിക്ടോറിയ വ്യക്തമാക്കുന്നു.

പോകുന്നിടത്തെല്ലാം ഹോളീവുഡ് പപ്പരാസികള്‍ ഒളിഞ്ഞു നോക്കുന്നതില്‍ വിക്ടോറിയയ്‌ക്ക് വിരസതയാണ്. കുടുംബമായി ലോസ് എഞ്ചത്സില്‍ അഞ്ചു വര്‍ഷം കഴിയേണ്ടതുണ്ട്. തങ്ങളുടെ കുടുംബത്തേക്കാള്‍ പ്രസിദ്ധരായവര്‍ ലോസ് ഏഞ്ചത്സില്‍ വേറെയുണ്ടെന്നും അവരുടെ പിന്നാലെ പോകാനുമാണ് പപ്പരാസികള്‍ക്ക് സ്പൈസ് ഗേള്‍സ് സുന്ദരിയുടെ നിര്‍ദ്ദേശം.

സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡില്‍ നിന്നും അഞ്ചു വര്‍ഷ കരാറിനാണ് ഡേവിഡ് ബെക്കാം ലോസ് ഏഞ്ചല്‍‌സ് ഗ്യാലക്‍സിയില്‍ എത്തുന്നത്. 250 മില്യണ്‍ ഡോളറായിരുന്നു കൈമാറ്റതുക. 1990 കളില്‍ നിറഞ്ഞാടിയ ‘സ്പൈസ് ഗേള്‍സി’ ലെ പ്രധാന പാട്ടുകാരിയായിരുന്നു വിക്ടോറിയ.

വെബ്ദുനിയ വായിക്കുക