ഹോളീവുഡ് ബോളീവുഡ് നടിമാര്‍ വ്യത്യസ്ത മേഖലകള്‍ തേടുന്നതാണ് പുതിയ പ്രവണത. സംവിധാനം, നിര്‍മ്മാണം, തിരക്കഥ, സംഗീത സംവിധാനം, പാട്ട് അങ്ങനെ പോകുന്നു മിക്ക നടിമാരുടെയും കുസൃതികള്‍. അഭിനയം മടുപ്പുളവാക്കുന്ന ജോലിയാകുമ്പോഴും അവസരങ്ങള്‍ കുറയുമ്പോഴും പുതിയ പണി പഠിക്കണമെന്നു തോന്നുന്നത് സ്വാഭാവികം.
ഹോളീവുഡിലെ സൂപ്പര്‍ താരമായ ആഷ്ലി ജൂഡിനെ അറിയില്ലെ? അമേരിക്കന്‍ പാട്ടുകാരി നവോമി ജൂഡിന്റെ മകള്‍. അതുമല്ലെങ്കില്‍ തൊണ്ണൂറുകളിലെ ഹോളീവുഡ് ഹിറ്റ് ‘കിസ് ദി ഗേള്‍സ്’ സുന്ദരി. വ്യത്യസ്തമായ മേഖല താല്‍ക്കാലികമായി തേടിയിരിക്കുന്നത് ഈ അമേരിക്കന്‍ നടിയാണ്. സിനിമയില്‍ നിന്നും ഫാഷന്‍ ഡിസൈനിലേക്കാണ് താരത്തിന്റെ മാറ്റം.
അതും അമേരിക്കന്‍ ചില്ലറ വ്യാപാര രംഗത്തെ ഭീമന് ബോസസിന്റെ കൂടെ. സുന്ദരിക്കു ഫാഷന്‍ ഡിസൈന്‍ ഭ്രമം കൊണ്ടാണെന്നൊന്നും കരുതരുത്. അമേരിക്കന്‍ കമ്പനി ഒരുക്കുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏറ്റവും പുതിയ സെലിബ്രിറ്റി ഡിസൈനൊപ്പമാണ് ആഷ്ലി സഹകരിക്കുന്നത്.
അമേരിക്കയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കുന്നതിലേക്കാണ് ആഷ്ലി ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കുക. ആദ്യ വര്‍ഷം ഒരു ദശലക്ഷം ഡോളറിന്റെ പകുതി നല്‍കാനാണ് ബോസെസിന്റെ പദ്ധതി.
“ ആദ്യം ഇതില്‍ താല്പര്യം തോന്നിയില്ല. ലോകത്ത് ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ ഉള്ളതിനാല്‍ ഇതിനെന്ത് പ്രസക്തി എന്നതായിരുന്നു ആദ്യ ചിന്ത. എന്നാല്‍ സ്കൂളുകള്‍ക്കായുള്ള ഫണ്ടു ശേഖരിക്കുന്നതിനായിട്ടാണെന്നു പറഞ്ഞതാണ് താല്പര്യം തോന്നിപ്പിച്ചത്.” ആഷ്ലി ജൂഡ് പറയുന്നു. ശരീരം മാത്രമല്ല തന്റെ മനസ്സും സുന്ദരമാണെന്നു ജൂഡ് ഈ നടപടിയിലൂടെ തെളിയിച്ചിരിക്കുകയാണ്. എന്താ സംശയമുണ്ടോ?