ഹോളി ചരിത്രം

WDWD
ഹോളിയെ കുറിച്ച് ഭവിഷ്യ പുരാണത്തിലുള്ള സൂചന കുട്ടികളെ പേടിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ഒരു രാക്ഷസിയെ ഓടിക്കാനാണ് ഹോളി ആചരിച്ചുതുടങ്ങിയത് എന്നാണ്. രാക്ഷസിയെ പേടിപ്പിച്ച് ഓടിക്കാന്‍ ഗ്രാമീണര്‍ രാത്രി തീക്കുണ്ടം ഉണ്ടാക്കുകയും അശ്ലീല വാക്കുകള്‍ പറഞ്ഞ് വിരട്ടുകയും ചെയ്തു എന്ന് വിശ്വസിക്കുന്നു.

ഹോളിയുടെ ഒരു പ്രധാന ആചാരം ഹോളികയെ കത്തിച്ച് ചാമ്പലാക്കലാണ്. ഹോളിക എന്ന രാക്ഷസിയില്‍ നിന്നാണ് ഹോളി എന്ന പേരു തന്നെ ഉണ്ടാവുന്നത്. അസുര രാജാവായ ഹിരണ്യകശിപുവിന്‍റെ സഹോദരിയാണ് ഹോളിക.

കുട്ടികളെ ഉപദ്രവിച്ചിരുന്ന പൂതന, ഹോളിക തുടങ്ങിയ ഭീകര രാക്ഷസികളെ കത്തിച്ച് ചാമ്പലാക്കുക എന്ന ആശയമായിരിക്കാം ഹോളിയായി പരിണമിച്ചത്. ചിലര്‍ ഇത് കാമദഹനത്തിന്‍റെ സൂചനയാണെന്നും വിശ്വസിക്കുന്നു.

മറ്റ് ചില പണ്ഡിതന്‍‌മാര്‍ പറയുന്നത് പുരാതന കാലത്തുണ്ടായിരുന്ന അഗ്നി ആരാധനയുടെ ഭാഗമാണ് ഹോളി എന്നാണ്. എന്തായാലും രാത്രി മാത്രമേ ഹോളിയുടെ തീക്കുണ്ടം ഉണ്ടാക്കാറുള്ളു.

ഹോളി തീക്കുണ്ഡം കത്തിക്കുന്ന ആള്‍ ദേഹശുദ്ധി വരുത്തുകയും നീച നിശാചര പിശാചുക്കളില്‍ നിന്ന് തന്നെയും കുടുംബത്തെയും രക്ഷിക്കാനായി ഞങ്ങള്‍ ഒരുമിച്ച് ആരാധന നടത്തുന്നു എന്ന് ഉറക്കെ വിളിച്ചുപറയുകയും വേണം.


WDWD
തീക്കുണ്ടം ഉണ്ടാക്കി കഴിഞ്ഞ ശേഷം അത് പാലും നെയ്യും ഉപയോഗിച്ച് അണച്ച് കളയണം. ചുറ്റും കൂടിയ ആളുകള്‍ക്ക് നാളികേരവും പഴവും വിതരണം ചെയ്യണം. പിന്നെ രാത്രി മുഴുവന്‍ പാട്ടും നൃത്തവുമായി കഴിയണം. പിറ്റേന്ന് രാവിലെ പുളിച്ച തെറി പറഞ്ഞുവേണം ഹോളിയുടെ ചാരം ഒഴുക്കിക്കളയാന്‍.

ഹോളി ആഘോഷിക്കുന്ന പൂര്‍ണ്ണിമ ദിവസം പൂരം നക്ഷത്രമായിരിക്കും. ഇത് ഫാല്‍ഗുന മാസത്തില്‍ ആയിരിക്കുകയും ചെയ്യും. ഈ നക്ഷത്രത്തിന്‍റെ ദേവത സ്ത്രീ ലൈംഗിക അവയവമായ ഭഗമാണ്. ഇതിന്‍റെ പേരിലാണ് തെറിപറച്ചിലിന്‍റെ തുടക്കം എന്നും നമുക്ക് അനുമാനിക്കാം.

എന്തായാലും ഇത് ദേവതയോടുള്ള ആരാധനയുടെ ഭാഗം തന്നെയാണ് - കൊടുങ്ങല്ലൂരിലും മറ്റും ഉള്ളതുപോലെ. ചില സ്ഥലങ്ങളില്‍ ശരീരം മുഴുവന്‍ ഭസ്മം, ചാണകം, ചെളി എന്നിവ പൂശി പാട്ടുപാടി നൃത്തം ചെയ്യുന്നതും പതിവാണ്.