"ലോകാഃ സമസ്താഃ സുഖിനോ ഭവന്തു" എന്ന മന്ത്രം മനസിന് സ്വസ്ഥത നല്‍കും; അപ്പോള്‍ "ഓം" എന്ന മന്ത്രമോ ?

വെള്ളി, 23 ജൂണ്‍ 2017 (16:19 IST)
പ്രാർത്ഥനകൾ മനസിന് ശാന്തി പകരുമോ? എല്ലാ പ്രാർത്ഥനകളും സമാധാനം നൽകുന്നതല്ല എന്ന് നിശ്ചയം. എനിക്ക് എത്രയും പെട്ടെന്ന് 1000 കോടി രൂപയുടെ സമ്പത്തുണ്ടാക്കിത്തരണമേ എന്നാണ് പ്രാർത്ഥിക്കുന്നതെങ്കിൽ നിങ്ങളുടെ സമാധാനം കൂടുതൽ നഷ്ടപ്പെടാനേ ആ പ്രാർത്ഥന ഉപകരിക്കുകയുള്ളൂ. അപ്പോൾ പ്രാർത്ഥിക്കേണ്ടതങ്ങനെയല്ല എന്നുസാരം. നിങ്ങളുടെ സമാധാനത്തിനുവേണ്ടിയല്ല, ലോകത്തിൻറെ മുഴുവൻ സമാധാനത്തിനുവേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത്. ലോകം സമാധാനപൂർണമാകുമ്പോൾ എല്ലാവരുടെയും മനസുകളിൽ സമാധാനം നിറയും.
 
"ലോകാഃ സമസ്താഃ സുഖിനോ ഭവന്തു" എന്ന മന്ത്രം മനസിൽ ഉരുവിടുക. രാവിലെ എഴുന്നേറ്റ് കഴിയുന്നത്ര തവണ ഈ മന്ത്രം ഉരുവിട്ടാൽ മനസിൽ സ്വസ്ഥത വന്നു നിറയുന്നത് താനേ അറിയാനാകും. മാത്രമല്ല, ഒരു പോസിറ്റീവ് എനർജി കൂടി വന്നുനിറയും. ഞാൻ തൻകാര്യം മാത്രം നോക്കുന്ന ഒരു സ്വാർത്ഥനല്ല, എല്ലാവർക്കും വേണ്ടി നിൽക്കുന്നയാളാണ് എന്ന് സ്വയം ഒരു വിശ്വാസം തോന്നും.
 
"ഓം" എന്ന മന്ത്രം ഉരുവിട്ടുനോക്കുമ്പോഴും പ്രകടമായ മാറ്റം നിങ്ങൾക്കുണ്ടാകുന്നതായി കാണാം. അത് പ്രപഞ്ചത്തിലെ ആദിശബ്ദമാണ്. അതിൽ ജനനവും മരണവും പുനർജൻമവുമുണ്ട്. എല്ലാ ദുഃഖവും ബുദ്ധിമുട്ടുകളും നിരാശയും വിസ്‌മൃതിയിലാക്കാനും പുതിയ ഊർജ്ജം നിറയ്ക്കാനും 'ഓം' എന്ന മന്ത്രത്തിന് കഴിയുന്നു.
 
ആത്മവിശ്വാസം വളർത്തുന്ന മറ്റൊരു മന്ത്രമാണ് "ഓം നമഃ ശിവായ". സ്വയം അറിയാൻ, മനസിനെ ശക്തമാക്കാൻ, ആത്മബോധം നിറയ്ക്കാൻ, കർമ്മത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനെല്ലാം ഈ മന്ത്രം സഹായിക്കുന്നു. ആത്മപരിവർത്തനത്തിന് ഏറ്റവും ഉചിതമായ മന്ത്രമാണിത്. എല്ലവിധ വിഷമതകളിൽ നിന്നുമുള്ള മോചനമാണ് ഈ മന്ത്രം ഉരുവിടുന്നതിൻറെ അന്തിമഫലം.
 
"ഓം ഭുര്‍ ഭുവസ്വഃ
തത് സവിതുര്‍‌വരേണ്യം 
ഭര്‍ഗോ ദേവസ്യ ധീമഹി 
ധിയോ യോന പ്രചോദയാത്" - ഇത് ഗായത്രീമന്ത്രമാണ്. ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു വൈദികമന്ത്രം ആണിത്. എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രം. സൂര്യദേവനോടുള്ള പ്രാർത്ഥനയാണ്‌ ഇത്. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യൻ അതുപോലെ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ എന്ന് സാരം.

വെബ്ദുനിയ വായിക്കുക