ആറ്റുകാൽ ക്ഷേത്രത്തിന് പിന്നിലെ ഐതീഹ്യമെന്ത്?

ഞായര്‍, 26 ഫെബ്രുവരി 2023 (20:06 IST)
കേരളത്തിലെ തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ആറ്റുകാലമ്മ എന്ന പേരിലാണ് ദേവി അറിയപ്പെടൂന്നത്. എന്നാൽ കണ്ണകി,അന്നപൂർണേശ്വരി ഭാവങ്ങളിലും സങ്കൽപ്പിക്കാറുണ്ട്. ചിരപുരാതനമായ ക്ഷേത്രം സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്നു. ഇവിടത്തെ പ്രധാന ഉത്സവമാണ് ആറ്റുകാൽ പൊങ്കാല. ആറ്റുകാൽ പ്രദേശത്തെ പ്രധാന തറവാടായിരുന്ന മുല്ലവീട്ടിലെ പരമസാത്വികനായ കാരണവർ ആറ്റിൽ കുളിക്കവെ ഒരു ബാലിക വന്ന് ആറ്റിനപ്പുറം കൊണ്ടുവിടാമോ എന്ന് ചോദിച്ചെന്നും നല്ല ഒഴുക്കുണ്ടെങ്കിലും കാരണവർ ബാലികയെ മുതിൽ കയറ്റി മറുകരയെത്തിച്ചെന്നും ഈ ബാലിക ആദിപരാശക്തിയായിരുന്നുവെന്നുമാണ് ഐതീഹ്യം. അന്ന് രാത്രി സ്വപ്നത്തിൽ ആദിപരാശക്തി വന്ന് ഞാൻ അടയാളപ്പെടുത്തുന്ന സ്ഥലത്ത് ക്ഷേത്രം പണിത് തന്നെ കുടിയിരുത്തിയാൽ ആ സ്ഥലത്തിന് അഭിവൃദ്ധിയുണ്ടാകുമെന്ന് അരുളി.
 
പിറ്റേന്നാൾ കാവിലെത്തിയ കാരണവർ ശൂലത്തിൽ അടയാളപ്പെടുത്തിയ രേഖകൾ കണ്ടയിടത്തിൽ ദേവിയെ കുടിയിരുത്തി. ആ ബാലിക ശ്രീഭദ്രകാളിയായിരുന്നുവെന്നാണ് വിശ്വാസം.ദാരികവധത്തിന് ശേഷം വേതാളപ്പുറത്തിരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. ദാരികവധത്തിനു ശേഷം ഭക്‌തജനങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്ന കാളിയെ സ്‌ത്രീജനങ്ങൾ പൊങ്കാലനിവേദ്യം നൽകി സ്വീകരിക്കുന്നുവെന്നും കരുതുന്നവരുണ്ട്. നിരപരാധിയായ തൻ്റെ ഭർത്താവിനെ വധിച്ചതിൽ പ്രതിഷേധിച്ച് നേത്രാഗ്നിയാൽ മധുരയെ ചുട്ടെരിച്ച കണ്ണകി കൊടുങ്ങല്ലൂരമ്മയിൽ ലയിച്ചെന്നും കണ്ണകിയുടെ വിജയം ആഘോഷിക്കുന്നതിനായി സ്ത്രീകൾ നിവേദ്യം അർപ്പിക്കുന്നുവെന്നും ഒരു സങ്കൽപ്പമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍