പരശുരാമനാൽ സ്ഥാപിതമായ ഐരാണിക്കുളം മഹാദേവക്ഷേത്രം, പ്രതിഷ്ഠ, ചരിത്രം, പ്രത്യേകതകൾ അറിയാം

അഭിറാം മനോഹർ

ചൊവ്വ, 20 ഓഗസ്റ്റ് 2024 (10:04 IST)
Iranikulam temple
പരശുരാമനാല്‍ സ്ഥാപിതമായ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നായ ഐരാണിക്കുളം മഹാദേവക്ഷേത്രം തൃശൂര്‍ ജില്ലയില്‍ മാളയില്‍ നിന്നും ഏകദേശം ആറു കിലോമീറ്റര്‍ ദൂരത്തില്‍ കുണ്ടൂര്‍ക്ക് പോകുന്ന വഴിയില്‍ ഐരാണിക്കുളം ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു.ക്ഷേത്രത്തില്‍ രണ്ട് പ്രധാനമൂര്‍ത്തികളുണ്ട്. രണ്ടും പരമശിവന്‍ തന്നെയാണ്. ഒന്ന് ലിംഗരൂപമാണെങ്കില്‍ മറ്റേത് വിഗ്രഹരൂപമാണെന്ന വ്യത്യാസമുണ്ട്. ശിവന് വിഗ്രഹരൂപത്തില്‍ പ്രതിഷ്ഠ അപൂര്‍വ്വമാണെന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാകുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
 
പ്രതിഷ്ഠ
 
ക്ഷേത്രത്തില്‍ രണ്ട് പ്രധാന പ്രതിഷ്ഠകളുണ്ട്, തെക്കേടത്തപ്പനും വടക്കേടത്തപ്പനും. രണ്ടും ശിവന്‍ തന്നെയാണ്. കിഴക്കോട്ടാണ് ദര്‍ശനം.സമീപകാലത്തു നടന്ന പുനരുദ്ധാരണത്തില്‍ തകര്‍ന്ന വിഗ്രഹം മാറ്റി പഞ്ചലോഹത്തില്‍ പുതിയതു പ്രതിഷ്ഠിച്ചു. തെക്കേടത്തപ്പന്‍ സാമാന്യം വലിയ വൃത്താകൃതിയിലുള്ള രണ്ടുനില ശ്രീകോവിലിലുള്ള ശിവലിംഗ പ്രതിഷ്ഠയാണ്. വടക്കേടത്തപ്പന്റെ ശ്രീകോവിലില്‍ ശിവനും പാര്‍വ്വതിയും സുബ്രഹ്മണ്യനും ഒരേ പീഠത്തില്‍ വസിക്കുന്നു. മൂന്നും പഞ്ചലോഹ വിഗ്രഹങ്ങളാണ്. കേരളത്തിലെന്നല്ല, ഭാരതത്തിലെത്തന്നെ അപൂര്‍വ്വമായിട്ടുള്ള വിഗ്രഹരൂപത്തിലെ ശിവപ്രതിഷ്ഠകളില്‍ ഒന്നാണ് ഇത്. നിലയില്ലാത്ത ചതുരാകൃതിയിലുള്ള ശ്രീകോവിലാണ്.
 
ചരിത്രം 
 
ക്ഷേത്രത്തില്‍ നിന്നും ക്ഷേത്രവ്യവസ്ഥ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ, ക്ഷേത്രത്തിന് ദാനം കിട്ടിയ സ്വത്തുവിവരം മുതലായവ രേഖപ്പെടുത്തിയ ധാരാളം ശിലാലിഖിതങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.അറുപത്തിനാലു ഗ്രാമങ്ങളില്‍ ഒന്നായ ഐരാണിക്കുളം ഗ്രാമത്തിന്റെ ഗ്രാമക്ഷേത്രമാണ് ഇത്. ചേരന്മാരുടെ ഭരണം ദുര്‍ബ്ബലമായപ്പോള്‍ ക്ഷേത്രഭരണം നമ്പൂതിരിമാരുടെ കയ്യിലായി. എന്നാല്‍ അവര്‍ തമ്മിലുള്ള ആഭ്യന്തരകലഹം മൂത്തപ്പോള്‍ ഭരണകര്‍ത്താക്കളായിരുന്ന ഇല്ലക്കാര്‍ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് രണ്ട് പ്രതിഷ്ഠ നടത്തിയെന്നും അതിനാലാണ് ക്ഷേത്രത്തില്‍ രണ്ട് ശിവപ്രതിഷ്ഠ വന്നതെന്നും പറയപ്പെടുന്നു. അവ തെക്കേടത്തപ്പനെന്നും വടക്കേടത്തപ്പനെന്നും അറിയപ്പെടുന്നു.
 
ഉത്സവം 
 
ആദ്യകാലത്ത് വൃശ്ചികമാസത്തിലെ തിരുവാതിര കൊടികയറി ധനുമാസത്തിലെ തിരുവാതിര ആറാട്ടായി 28 ദിവസത്തെ ഉത്സവമുണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. എന്നാല്‍ ഇന്ന് ധനുമാസത്തിലെ തിരുവാതിര ആറാട്ടായി 8 ദിവസം മാത്രമേ ഉത്സവം കൊണ്ടാടുന്നുള്ളൂ. കൊടിമരമില്ലാത്തതിനാല്‍ താത്കാലികമായി അടയ്ക്കാമരം കൊണ്ട് അത് നിര്‍മ്മിച്ചാണ് കൊടിയേറ്റം. ഇവ കൂടാതെ കുംഭമാസത്തിലെ ശിവരാത്രി, കന്നിമാസത്തിലെ നവരാത്രി, മേടമാസത്തിലെ വിഷുക്കണി എന്നിവയും വിശേഷങ്ങളാണ്.
 
തന്ത്രി താമരശ്ശേരി മേയ്ക്കാടാണ്. ഗണപതിയും നാഗദൈവങ്ങളും ശാസ്താവും ഭഗവതിയും ഉപദേവതകള്‍. കൂടാതെ വടക്കുഭാഗത്ത് കീഴ്തൃക്കോവിലില്‍ മഹാവിഷ്ണുവും വാണരുളുന്നു. ക്ഷേത്രത്തില്‍ നിത്യവും മൂന്നുനേരം പൂജയുണ്ട്. ആദ്യം തെക്കേടത്തപ്പന്നാണ് പൂജ. അതിനുശേഷമേ മറ്റുള്ള ദേവന്മാര്‍ക്ക് പൂജയുള്ളൂ.

അവലംബം: ക്ഷേത്രദർശനം വാട്സാപ്പ് ഗ്രൂപ്പ്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍