ഇന്ന് ലോകമെങ്ങും ക്രിസ്തുമത വിശ്വാസികള്‍ ഈസ്റ്റര്‍ ദിനം ആഘോഷിക്കുകയാണ്. ലോകത്തിന്റെ പാപങ്ങള്‍ മുഴുവന്‍ സ്വന്തം ചുമലിലേറ്റുവാങ്ങിയ യേശുക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മയാണ് ഈസ്റ്റര്‍. ഈസ്റ്റര്‍ ക്രൈസ്തവര്‍ക്ക് നിത്യതയുടെ സന്ദേശമാണ്. മരണത്തിലൂടെ ഉറ്റവരെ വേര്‍പിരിയുമ്പോള്‍ ഇനി നിത്യതയില്‍ കണ്ടുമുട്ടാമെന്ന ക്രൈസ്തവ വിശ്വാസത്തിന്റെ കാതല്‍ ഈ പുനരുത്ഥാനം തന്നെ.
ക്രൂശിക്കപ്പെടുമ്പോള്‍ ഉയര്‍ത്തെഴുന്നേല്‍പ്പില്‍ പ്രതീക്ഷയര്‍പ്പിക്കുക എന്ന മഹത്തായ സന്ദേശവും ഈസ്റ്റര്‍ നല്കുന്നു. സത്യത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് വൈകില്ലെന്ന പ്രതീക്ഷ. ചരിത്രവും മിത്തും ഇഴപിരിഞ്ഞു കിടക്കുന്ന ഈസ്റ്റര്‍ ക്രിസ്ത്യന്‍ ആംഗ്‌ളോ സാക്‌സന്‍ ഹീബ്രു പരമ്പര്യങ്ങളുടെ തുടര്‍ച്ചയാണ്. ആംഗ്‌ളോ സാക്‌സന്‍ ജനതയുടെ വസന്തകാലദേവതയായ ഇയോസ്റ്ററിലാണ് ചരിത്രപണ്ഡിതര്‍ ഈസ്റ്ററിന്റെ ആദിമമിത്ത് കണ്ടെത്തുന്നത്.
ഏപ്രില്‍ മാസ ദേവതയായ ഇയോസ്റ്ററാണ് തങ്ങള്‍ക്ക് സര്‍വൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്നതെന്നായിരുന്നു അവരുടെ വിശ്വാസം. കിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പു നടന്നതും ഈ വസന്തകാലത്തു തന്നെയായിരുന്നു. മതപ്രചാരണത്തിനായി അവിടെയെത്തിയ ക്രിസ്ത്യന്‍ മിഷണറിമാര്‍ ഈസ്റ്ററിനെ ക്രിസ്തുമതത്തിലേക്കു സ്വാഗതം ചെയ്യുകയായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ആദ്യകാലങ്ങളില്‍ ഇന്നത്തെപ്പോലെ ഞായറാഴ്ച്ചകളിലായിരുന്നില്ല ഈസ്റ്റര്‍ ആഘോഷിച്ചിരുന്നത്. ക്രിസ്തുമതം സ്വീകരിച്ച റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റാന്റിന്‍ ആണത്രേ എ.ഡി. 325 ല്‍ ഈസ്റ്റര്‍ ആഘോഷം വസന്തകാലത്തെ പൂര്‍ണ്ണ ചന്ദ്രനു ശേഷം വരുന്ന ഞായറാഴ്ചയായി തീരുമാനിച്ചത്.