രാമായണ പാരായണം - പന്ത്രണ്ടാം ദിവസം

വിരോധകാരണം

പണ്ടു മായാവിയെന്നൊരസുരേശ്വര-
നുണ്ടായിതു മയന്‍തന്നുടെ പുത്രനായ്‌.
യുദ്ധത്തിനാരുമില്ലാഞ്ഞു മദിച്ചവ-
നുദ്ധതനായ്‌ നടന്നീടും ദശാന്തരേ
കിഷ്കിന്ധയാം പുരിപുക്കു വിളിച്ചിതു
മര്‍ക്കടാധീശ്വരനാകിയ ബാലിയെ.
യുദ്ധത്തിനായ്‌ വിളിക്കുന്നതു കേട്ടതി-
ക്രൂദ്ധനാം ബാലി പുറപ്പെട്ടു ചെന്നുടന്‍
മുഷ്‌ടികള്‍കൊണ്ടു താഡിച്ചതുകൊണ്ടതി-
ദുഷ്‌ടനാം ദൈത്യനുമ പേടിച്ചു മണ്ടിനാന്‍.
വാനരശ്രേഷനുമോടിയെത്തീടിനാന്‍
ഞാനുമതുകണ്ടു ചെന്നിതു പിന്നാലെ.
ദാനവന്‍ ചെന്നു ഗുഹയിലുള്‍പ്പുക്കിതു
വാനരശ്രഷ്ഠനുമെന്നോടു ചൊല്ലിനാന്‍ഃ
"ഞാനിതില്‍പുക്കിവന്‍തന്നെയൊടുക്കുവന്‍
നൂനം വിലദ്വാരി നില്‍ക്ക നീ നിര്‍ഭയം.
ക്ഷീരം വരികിലസുരന്‍ മരിച്ചീടും
ചോര വരികിലടച്ചു പോയ്‌ വാഴ്ക നീ."
ഇത്ഥം പറഞ്ഞതില്‍ പുക്കിതു ബാലിയും
തത്ര വിലദ്വാരി നിന്നേനടിയനും.
പോയിതു കാലമൊരുമാസമെന്നിട്ടു-
മാഗതനായതുമില്ല കപീശ്വരന്‍.
വന്നിതു ചോര വിലമുഖതന്നില്‍നി-
ന്നെന്നുളളില്‍നിന്നു വന്നു പരിതാപവും.
അഗ്രജന്‍തന്നെ മായാവി മഹാസുരന്‍
നിഗ്രഹിച്ചാനെന്നുറച്ചു ഞാനും തദാ
ദുഃഖമുള്‍ക്കൊണ്ടു കിഷ്കിന്ധപുക്കീടിനേന്‍;
മര്‍ക്കടവീരരും ദുഃഖിച്ചതുകാലം
വാനരാധീശ്വരനായഭിഷേകവും
വാനരേന്ദ്രന്മാരെനിക്കു ചെയ്‌തീടിനാര്‍
ചെന്നിതു കാലം കുറഞ്ഞൊരു പിന്നെയും
വന്നിതു ബാലി മഹാബലവാന്‍ തദാ.
കല്ലിട്ടു ഞാന്‍ വിലദ്വാരമടച്ചതു
കൊല്ലുവാനെന്നോര്‍ത്തു കോപിച്ചു ബാലിയും
കൊല്ലുവാനെന്നോടടുത്തു, ഭയേന ഞാ-
നെല്ലാടവും പാഞ്ഞിരിക്കരുതാഞ്ഞെങ്ങും
നീളേ നടന്നുഴന്നീടും ദശാന്തരേ
-ബാലി വരികയില്ലത്ര ശാപത്തിനാല്‍-
ഋശ്യമൂകാചലേ വന്നിരുന്നീടിനേന്‍
വിശ്വാസമോടു ഞാന്‍ വിശ്വനാഥാ വിഭോ!
മൂഢനാം ബാലി പരിഗ്രഹിച്ചീടിനാ-
നൂഢരാഗം മമ വല്ലഭതന്നെയും.
നാടും നഗരവും പത്നിയുമെന്നുടെ
വീടും പിരിഞ്ഞു ദുഃഖിച്ചിരിക്കുന്നു ഞാന്‍.
ത്വല്‍പാദപങ്കേരുഹസ്പര്‍ശകാരണാ-
ലിപ്പോളതീവ സുഖവുമുണ്ടായ്‌വന്നു."
മിത്രാത്മജോക്തികള്‍ കേട്ടോരനന്തരം
മിത്രദുഃഖേന സന്തപ്തനാം രാഘവന്‍
ചിത്തകാരുണ്യം കലര്‍ന്നു ചൊന്നാന്‍, "തവ
ശത്രുവിനെക്കൊന്നു പത്നിയും രാജ്യവും
വിത്തവുമെല്ലാമടക്കിത്തരുവന്‍ ഞാന്‍;
സത്യമിതു രാമഭാഷിതം കേവലം."
മാനവേന്ദ്രോക്തികള്‍ കേട്ടു തെളിഞ്ഞൊരു
ഭാനുതനയനുമിങ്ങനെ ചൊല്ലിനാന്‍ഃ
"സ്വര്‍ല്ലോകനാഥജനാകിയ ബാലിയെ-
ക്കൊല്ലുവാനേറ്റം പണിയുണ്ടു നിര്‍ണ്ണയം.
ഇല്ലവനോളം ബലം മറ്റൊരുവനും;
ചൊല്ലുവന്‍ ബാലിതന്‍ ബാഹുപരാക്രമം.
ദുന്ദുഭിയാകും മഹാസുരന്‍ വന്നു കി-
ഷ്കിന്ധാപുരദ്വാരി മാഹിഷവേഷമായ്‌
യുദ്ധത്തിനായ്‌ വിളിച്ചോരു നേരത്തതി-
ക്രൂദ്ധനാം ബാലി പുറപ്പെട്ടു ചെന്നുടന്‍
ശൃംഗം പിടിച്ചു പതിപ്പിച്ചു ഭൂമിയില്‍
ഭംഗംവരുത്തിച്ചവിട്ടിപ്പറിച്ചുടന്‍
ഉത്തമാംഗത്തെച്ചുഴറ്റിയെറിഞ്ഞിതു
രക്തവും വീണു മതംഗാശ്രമസ്ഥലേ.
'ആശ്രമദോഷം വരുത്തിയ ബാലി പോ-
ന്നൃശ്യമൂകാചലത്തിങ്കല്‍ വരുന്നാകില്‍
ബാലിയുടെ തല പൊട്ടിത്തെറിച്ചുടന്‍
കാലപുരി പൂക മദ്വാക്യഗൗരവാല്‍.'
എന്നു ശപിച്ചതു കേട്ടു കപീന്ദ്രനു-
മന്നുതുടങ്ങിയിവിടെ വരുവീല.
ഞാനുമതുകൊണ്ടിവിടെ വസിക്കുന്നു
മാനസേ ഭീതികൂടാതെ നിരന്തരം.
ദുന്ദുഭിതന്റെ തലയിതു കാണ്‍കൊരു
മന്ദരംപോലെ കിടക്കുന്നതു ഭവാന്‍.


ഇന്നിതെടുത്തെറിഞ്ഞീടുന്ന ശക്തനു
കൊന്നുകൂടും കപിവീരനെ നിര്‍ണ്ണയം."
എന്നതു കേട്ടു ചിരിച്ചു രഘൂത്തമന്‍
തന്നുടെ തൃക്കാല്‍പെരുവിരല്‍കൊണ്ടതു
തന്നെയെടുത്തു മേല്‍പോട്ടെറിഞ്ഞീടിനാന്‍.
ചെന്നു വീണു ദശയോജനപര്യന്തം.
എന്നതു കണ്ടു തെളിഞ്ഞു സുഗ്രീവനും
തന്നുടെ മന്ത്രികളും വിസ്‌മയപ്പെട്ടു
നന്നുനന്നെന്നു പുകഴ്‌ന്നു പുകഴ്‌ന്നവര്‍
നന്നായ്തൊഴുതു തൊഴുതു നിന്നീടിനാര്‍.
പിന്നെയുമര്‍ക്കാത്മജന്‍ പറഞ്ഞീടിനാന്‍ഃ
"മന്നവ!! സപ്തസാലങ്ങളിവയല്ലോ.
ബാലിക്കു മല്‍പിടിച്ചീടുവാനായുളള
സാലങ്ങളേഴുമിവയെന്നറിഞ്ഞാലും.
വൃത്രാരിപുത്രന്‍ പിടിച്ചിളക്കുന്നേരം
പത്രങ്ങളെല്ലാം കൊഴിഞ്ഞുപോമേഴിനും.
വട്ടത്തില്‍ നില്‍ക്കുമിവേറ്റ്യൊരമ്പെയ്‌തു
പൊട്ടിക്കില്‍ ബാലിയെക്കൊല്ലായ്‌വരും ദൃഢം."
സൂര്യാത്മജോക്തികളീദൃശം കേട്ടൊരു
സൂര്യാന്വയോല്‍ഭൂതനാകിയ രാമനും
ചാപം കുഴിയെക്കുലച്ചൊരു സായകം
ശോഭയോടെ തൊടുത്തെയ്തരുളീടിനാന്‍.
സാലങ്ങളേഴും പിളര്‍ന്നു പുറപ്പെട്ടു
ശൈലവും ഭൂമിയും ഭേദിച്ചു പിന്നെയും
ബാലം ജ്വലിച്ചു തിരിഞ്ഞുവന്നാശു തന്‍-
തൂണീരമമ്പോടു പുക്കോരനന്തരം
വിസ്മിതനായോരു ഭാനുതനയനും
സസ്മിതം കൂപ്പിത്തൊഴുതു ചൊല്ലീടിനാന്‍ഃ
"സാക്ഷാല്‍ ജഗന്നാഥനാം പരമാത്മാവു
സാക്ഷിഭൂതന്‍ നിന്തിരുവടി നിര്‍ണ്ണയം.
പണ്ടു ഞാന്‍ ചെയ്തോരു പുണ്യഫലോദയം-
കൊണ്ടു കാണ്മാനുമെനിക്കു യോഗം വന്നു.
ജന്മമരണനിവൃത്തി വരുത്തിവാന്‍
നിര്‍മ്മലന്മാര്‍ ഭജിക്കുന്നു ഭവല്‍പദം.
മോക്ഷദനായ ഭവാനെ ലഭിക്കയാല്‍
മോക്ഷമൊഴിഞ്ഞപേക്ഷിക്കുന്നതില്ല ഞാന്‍.
പുത്രദാരാര്‍ത്ഥരാജ്യാദി സമസ്തവും
വ്യര്‍ത്ഥമത്രേ തവ മായാവിരചിതം.
ആകയാല്‍ മേ മഹാദേവ! ദേവേശ! മ-
റ്റാകാംക്ഷയില്ല ലോകേശ! പ്രസീദ മേ.
വ്യാപ്തമാനന്ദാനുഭൂതികരം പരം
പ്രാപ്തോഹമാഹന്ത ഭാഗ്യഫലോദയാല്‍,
മണ്ണിനായൂഴി കുഴിച്ചനേരം നിധി-
തന്നെ ലഭിച്ചതുപോലെ രഘൂപതേ!
ധര്‍മ്മദാനവ്രതതീര്‍ത്ഥതപഃക്രതു
കര്‍മ്മപൂര്‍ത്തേഷ്‌ട്യാദികള്‍ കൊണ്ടൊരുത്തനും
വന്നുകൂടാ ബഹു സംസാരനാശനം
നിര്‍ണ്ണയം ത്വല്‍പാദഭക്തികൊണ്ടെന്നിയേ.
ത്വല്‍പാദപത്മാവലോകനം കേവല-
മിപ്പോളകപ്പെട്ടതും ത്വല്‍കൃപാബലം.
യാതൊരുത്തന്നു ചിത്തം നിന്തിരുവടി-
പാദാംബുജത്തിലിളകാതുറയ്ക്കുന്നു
കാല്‍ക്ഷണംപോലുമെന്നാകിലവന്‍ തനി-
ക്കൊക്ക നീങ്ങീടുമജ്ഞാനമനര്‍ത്ഥദം.
ചിത്തം ഭവാങ്കലുറയ്ക്കായ്കിലുമതി-
ഭക്തിയോടെ രാമരാമേതി സാദരം
ചൊല്ലുന്നവന്നു ദുരിതങ്ങള്‍ വേരറ്റു
നല്ലനായേറ്റം വിശുദ്ധനാം നിര്‍ണ്ണയം.
മദ്യപനെങ്കിലും ബ്രഹ്‌മഘ്നനെങ്കിലും
സദ്യോ വിമുക്തനാം രാമജപത്തിനാല്‍.
ശത്രുജയത്തിലും ദാരസുഖത്തിലും
ചിത്തേയൊരാഗ്രഹമില്ലെനിക്കേതുമേ.
ഭക്തിയൊഴിഞ്ഞു മറ്റൊന്നുമേ വേണ്ടീല
മുക്തി വരുവാന്‍ മുകുന്ദ! ദയാനിധേ!
ത്വല്‍പാദഭക്തിമാര്‍ഗ്ഗോപദേശംകൊണ്ടു
മല്‍പാപമുല്‍പാടയത്രിലോകീപതേ!
ശത്രുമദ്ധ്യസ്ഥമിത്രാദിഭേദഭ്രമം
ചിത്തത്തില്‍ നഷ്‌ടമായ്‌വന്നിതു ഭൂപതേ!
ത്വല്‍പാദപത്മാവലോകനംകൊണ്ടെനി-
ക്കുല്‍പന്നമായിതു കേവലജ്ഞാനവും.
പുത്രദാരാദി സംബന്ധമെല്ലാം തവ-
ശക്തിയാം മായാപ്രഭാവം ജഗല്‍പതേ!
ത്വല്‍പാദപങ്കജത്തിങ്കലുറയ്ക്കേണ-
മെപ്പോഴുമുള്‍ക്കാമ്പെനിക്കു രമാപതേ!
ത്വന്നാമസങ്കീര്‍ത്തനപ്രിയയാകേണ-
മെന്നുടെ ജിഹ്വാ സദാ നാണമെന്നിയേ.
ത്വച്ചരണാംഭോരുഹങ്ങളിലെപ്പൊഴു-
മര്‍ച്ചനംചെയ്യായ്‌വരിക കരങ്ങളാല്‍.
നിന്നുടെ കണ്ണുകള്‍കൊണ്ടു നിരന്തരം.


ബാലിസുഗ്രീവയുദ്ധം

സത്യസ്വരൂപന്‍ ചിരിച്ചരുളിച്ചെയ്തുഃ
"സത്യമത്രേ നീ പറഞ്ഞതെടോ സഖേ!
ബാലിയെച്ചെന്നു വിളിക്ക യുദ്ധത്തിനു
കാലം കളയരുതേതുമിനിയെടോ!
ബാലിയെക്കൊന്നു രാജ്യാഭിഷേകംചെയ്‌തു
പാലനംചെയ്തുകൊള്‍വന്‍ നിന്നെ നിര്‍ണ്ണയം."
അര്‍ക്കാത്മജനതു കേട്ടു നടന്നിതു
കിഷ്കിന്ധയാം പുരി നോക്കി നിരാകുലം,
അര്‍ക്കകുലോത്ഭവന്മാരായ രാമനും
ലക്ഷ്‌മണവീരനും മന്ത്രികള്‍ നാല്‍വരും.
മിത്രജന്‍ ചെന്നു കിഷ്കിന്ധാപുരദ്വാരി
യുദ്ധത്തിനായ്‌വിളിച്ചീടിനാന്‍ ബാലിയെ.
പൃത്ഥ്വീരുഹവും മറഞ്ഞു നിന്നീടിനാര്‍
മിത്രഭാവേന രാമാദികളന്നേരം.
ക്രൂദ്ധനാം ബാലിയലറിവന്നീടിനാന്‍
മിത്രതനയനും വക്ഷസി കുത്തിനാന്‍.
വൃത്രാരിപുത്രനും മിത്രതനയനെ-
പ്പത്തുനൂറാശു വലിച്ചുകുത്തീടിനാന്‍.
ബദ്ധരോഷേണ പരസ്പരം തമ്മിലെ
യുദ്ധമതീവ ഭയങ്കരമായിതു.
രക്തമണിഞ്ഞേകരൂപധരന്മാരായ്‌
ശക്തികലര്‍ന്നവരൊപ്പം പൊരുന്നേരം
മിത്രാത്മജനേതു വൃത്രാരിപുത്രനേ-
തിത്ഥം തിരിച്ചറിയാവല്ലൊരുത്തനും.
മിത്രവിനാശനശങ്കയാ രാഘവ-
നസ്‌ത്രപ്രയോഗവുംചെയ്തീലതുനേരം.
വൃത്രാരിപുത്രമുഷ്‌ടിപ്രയോഗംകൊണ്ടു
രക്തവും ഛര്‍ദ്ദിച്ചു ഭീതനായോടിനാന്‍
മിത്രതനയനും സത്വരമാര്‍ത്തനായ്‌;
വൃത്രാരിപുതനുമാലയംപുക്കിതു.
വിത്രസ്തനായ്‌വന്നു മിത്രതനയനും
പൃത്ഥ്വീരുഹാന്തികേ നിന്നരുളീടിന
മിത്രാന്വയോല്‍ഭൂതനാകിയ രാമനോ-
ടെത്രയുമാര്‍ത്ത്യാ പരുഷങ്ങള്‍ ചൊല്ലിനാന്‍ഃ
"ശത്രുവിനെക്കൊണ്ടു കൊല്ലിക്കയോ തവ
ചിത്തത്തിലോര്‍ത്തതറിഞ്ഞീല ഞാനയ്യോ!
വദ്ധ്യനെന്നാകില്‍ വധിച്ചുകളഞ്ഞാലു-
മസ്‌ത്രേണ മാം നിന്തിരുവടി താന്‍തന്നെ.
സത്യം പ്രമാണമെന്നോര്‍ത്തേ,നതും പുന-
രെത്രയും പാരം പിഴച്ചു ദയാനിധേ!
സത്യസന്ധന്‍ ഭവാനെന്നു ഞാനോര്‍ത്തതും
വ്യര്‍ത്ഥമത്രേ ശരണാഗതവത്സല!"
മിത്രാത്മജോക്തികളിത്തരമാകുലാല്‍
ശ്രുത്വാ രഘൂത്തമനുത്തരം ചൊല്ലിനാന്‍
ബദ്ധാശ്രുനേത്രനായാലിംഗനംചെയ്‌തുഃ
"ചിത്തേ ഭയപ്പെടായ്കേതും മമ സഖേ!
അത്യന്തരോഷവേഗങ്ങള്‍ കലര്‍ന്നൊരു
യുദ്ധമദ്ധ്യേ ഭവാന്മാരെത്തിരിയാഞ്ഞു
മിത്രഘാതിത്വമാശംക്യ ഞാനന്നേരം
മുക്തവാനായതില്ലസ്‌ത്രം ധരിക്ക നീ.
ചിത്തഭ്രമം വരായ്‌വാനൊരടയാളം
മിത്രാത്മജ! നിനക്കുണ്ടാക്കുവനിനി.
ശത്രുവായുളേളാരു ബാലിയെസ്സത്വരം
യുദ്ധത്തിനായ്‌ വിളിച്ചാലും മടിയാതെ.
വൃത്രവിനാശനപുത്രനാമഗ്രജന്‍
മൃത്യുവശഗനെന്നുറച്ചീടു നീ.
സത്യമിദമഹം രാമനെന്നാകിലോ
മിത്ഥ്യയായ്‌വന്നുകൂടാ രാമഭാഷിതം."
ഇത്ഥം സമാശ്വാസ്യ മിത്രാത്മജം രാമ-
ഭദ്രന്‍ സുമിത്രാത്മജനോടു ചൊല്ലിനാന്‍ഃ
"മിത്രാത്മജഗളേ പുഷ്പമാല്യത്തെ നീ
ബദ്ധ്വാ വിരവോടയയ്ക്ക യുദ്ധത്തിനായ്‌."
ശത്രുഘ്നപൂര്‍വജന്‍ മാല്യവും ബന്ധിച്ചു
മിത്രാത്മജനെ മോദാലയച്ചീടിനാന്‍.


ബാലിവധം

വൃത്രാരിപുത്രനെ യുദ്ധത്തിനായ്ക്കൊണ്ടു
മിത്രാത്മജന്‍ വിളിച്ചീടിനാന്‍ പിന്നെയും.
ക്രൂദ്ധനായ്‌ നിന്നു കിഷ്കിന്ധാപുരദ്വാരി
കൃത്വാ മഹാസിംഹനാദം രവിസുതന്‍
ബദ്ധരോഷം വിളിക്കുന്ന നാദം തദാ
ശ്രുത്വാതിവിസ്മിതനായോരു ബാലിയും
ബദ്ധ്വാ പരികരം യുദ്ധായ സത്വരം
ബദ്ധവൈരം പുറപ്പെട്ടോരുനേരത്തു 460
ഭര്‍ത്തുരഗ്രേ ചെന്നു ബദ്ധാശ്രുനേത്രയായ്‌
മദ്ധ്യേ തടുത്തു ചൊല്ലീടിനാള്‍ താരയുംഃ
"ശങ്കാവിഹീനം പുറപ്പെട്ടതെ,ന്തോരു
ശങ്കയുണ്ടുളളിലെനിക്കതു കേള്‍ക്ക നീ.
വിഗ്രഹത്തിങ്കല്‍ പരാജിതനായ്പോയ
സുഗ്രീവനാശു വന്നീടുവാന്‍ കാരണം
എത്രയും പാരം പരാക്രമമുളേളാരു
മിത്രമവ൹ണ്ടു പിന്തുണ നിര്‍ണ്ണയം."
ബാലിയും താരയോടാശു ചൊല്ലീടിനാന്‍ഃ
"ബാലേ! ബലാലൊരു ശങ്കയുണ്ടാകൊലാ. 470
കൈയയച്ചീടു നീ വൈകരുതേതുമേ
നീയൊരു കാര്യം ധരിക്കേണമോമലേ!
ബന്ധുവായാരുളളതോര്‍ക്ക സുഗ്രീവനു
ബന്ധമില്ലെന്നോടു വൈരത്തിനാര്‍ക്കുമേ.
ബന്ധുവായുണ്ടവനേകനെന്നാകിലോ
ഹന്തവ്യനെന്നാലവ൹മറിക നീ.
ശത്രുവായുളളവന്‍ വന്നു ഗൃഹാന്തികേ
യുദ്ധത്തിനായ്‌ വിളിക്കുന്നതും കേട്ടുടന്‍
ശൂരനായുളള പുരുഷനിരിക്കുമോ
ഭീരുവായുളളിലടച്ചതു ചൊല്ലു നീ. 480
വൈരിയെക്കൊന്നു വിരവില്‍ വരുവന്‍ ഞാന്‍
ധീരത കൈക്കൊണ്ടിരിക്ക നീ വല്ലഭേ!"
താരയും ചൊന്നാളതുകേട്ടവനോടുഃ
"വീരശിഖാമണേ! കേട്ടാലുമെങ്കില്‍ നീ.
കാനനത്തിങ്കല്‍ നായാട്ടിനു പോയിതു
താനേ മമ സുതനംഗദനന്നേരം
കേട്ടോരുദന്തമെന്നോടു ചൊന്നാനതു
കേട്ടിട്ടു ശേഷം യഥോചിതം പോക നീ.
ശ്രീമാന്‍ ദശരഥനാമയോദ്ധ്യാധിപന്‍
രാമനെന്നുണ്ടവന്‍തന്നുടെ നന്ദനന്‍. 490
ലക്ഷ്‌മണനാകുമ൹ജനോടും നിജ-
ലക്ഷ്മീസമയായ സീതയോടുമവന്‍
വന്നിരുന്നീടിനാന്‍ ദണ്ഡകകാനനേ
വന്യാശനനായ്തപസ്സു ചെയ്തീടുവാന്‍.
ദുഷ്‌ടനായുളെളാരു രാവണരാക്ഷസന്‍
കട്ടുകൊണ്ടാനവന്‍തന്നുടെ പത്നിയെ.
ലക്ഷ്‌മണനോടുമവളെയന്വേഷിച്ചു
തല്‍ക്ഷണമൃശ്യമൂകാചലേ വന്നിതു.
മിത്രാത്മജനെയും തത്ര കണ്ടീടിനാന്‍
മിത്രമായ്‌വാഴ്കയെന്നന്യോന്യമൊന്നിച്ചു 500
സഖ്യവും ചെയ്തുകൊണ്ടാരഗ്നിസാക്ഷിയായ്‌
ദുഃഖശാന്തിക്കങ്ങിരുവരുമായുടന്‍.
'വൃത്രാരിപുത്രനെക്കൊന്നു കിഷ്കിന്ധയില്‍
മിത്രാത്മജ! നിന്നെ വാഴിപ്പ'നെന്നൊരു
സത്യവും ചെയ്തുകൊടുത്തിതു രാഘവന്‍;
സത്വരമാര്‍ക്കതനയനുമന്നേരം,


അന്വേഷണംചെയ്തറിഞ്ഞു സീതാദേവി-
തന്നെയും കാട്ടിത്തരുവ,നെന്നും തമ്മില്‍
അന്യോന്യമേവം പ്രതിജ്ഞയുംചെയ്തിതു
വന്നതിപ്പോളതുകൊണ്ടുതന്നേയവന്‍. 510
വൈരമെല്ലാം കളഞ്ഞാശു സുഗ്രീവനെ
സ്വൈരമായ്‌ വാഴിച്ചുകൊള്‍കയിളമയായ്‌.
യാഹി രാമം നീ ശരണമായ്‌ വേഗേന
പാഹി മാമംഗദം രാജ്യം കുലഞ്ച തേ."
ഇങ്ങനെ ചൊല്ലിക്കരഞ്ഞു കാലും പിടി-
ച്ചങ്ങനെ താര നമസ്കരിക്കും വിധൗ
വ്യാകുലഹീനം പുണര്‍ന്നു പുണര്‍ന്നനു-
രാഗവശേന പറഞ്ഞിതു ബാലിയുംഃ
"സ്‌ത്രീസ്വഭാവംകൊണ്ടു പോടിയായ്കേതുമേ
നാസ്തി ഭയം മമ വല്ലഭേ! കേള്‍ക്ക നീ. 520
ശ്രീരാമലക്ഷ്മണന്മാര്‍ വന്നതെങ്കിലോ
ചേരുമെന്നോടുമവരെന്നു നിര്‍ണ്ണയം
രാമനെ സ്‌നേഹമെന്നോളമില്ലാര്‍ക്കുമേ
രാമനാകുന്നതു സാക്ഷാല്‍ മഹാവിഷ്ണു
നാരായണന്‍താനവതരിച്ചു ഭൂമി-
ഭാരഹരണാര്‍ത്ഥമെന്നു കേള്‍പ്പുണ്ടു ഞാന്‍.
പക്ഷഭേദം ഭഗവാനില്ല നിര്‍ണ്ണയം
നിര്‍ഗ്ഗുണനേകനാത്മാരാമനീശ്വരന്‍.
തച്ചരണാംബുജേ വീണു നമസ്കരി-
ച്ചിച്ഛയാ ഞാന്‍ കൂട്ടിക്കൊണ്ടിങ്ങു പോരുവന്‍. 530
മല്‍ഗൃഹത്തിങ്കലുപകാരവുമേറും
സുഗ്രീവനേക്കാളുമെന്നെക്കൊണ്ടോര്‍ക്ക നീ.
തന്നെബ്ഭജിക്കുന്നവനെബ്ഭജിച്ചീടു-
മന്യഭാവം പരമാത്മാവിനില്ലല്ലോ.
ഭക്തിഗമ്യന്‍ പരമേശ്വരന്‍ വല്ലഭേ!
ഭക്തിയോ പാര്‍ക്കിലെന്നോളമില്ലാര്‍ക്കുമേ.
ദുഃഖവും നീക്കി വസിക്ക നീ വേശ്മനി
പുഷ്കരലോചനേ! പൂര്‍ണ്ണഗുണാംബുധേ!"
ഇത്ഥമാശ്വാസ്യ വൃത്രാരാതിപുത്രനും
ക്രൂദ്ധനായ്‌ സത്വരം ബദ്ധ്വാ പരികരം. 540
നിര്‍ഗ്ഗമിച്ചീടിനാന്‍ യുദ്ധായ സത്വരം
നിഗ്രഹിച്ചീടുവാന്‍ സുഗ്രീവനെ ക്രുധാ.
താരയുമശ്രുകണങ്ങളും വാര്‍ത്തുവാ-
ര്‍ത്താരൂഢതാപമകത്തുപുക്കീടിനാള്‍.
പല്ലും കടിച്ചലറിക്കൊണ്ടു ബാലിയും
നില്ലുനില്ലെന്നണഞ്ഞോരുനേരം തദാ
മുഷ്‌ടികള്‍കൊണ്ടു താഡിച്ചിതു ബാലിയെ
രുഷ്‌ടനാം ബാലി സുഗ്രീവനെയും തഥാ.
മുഷ്‌ടി ചുരുട്ടി പ്രഹരിച്ചിരിക്കവേ
കെട്ടിയും കാല്‍കൈ പരസ്പരം താഡനം 550
തട്ടിയും മുട്ടുകൊണ്ടും തല തങ്ങളില്‍
കൊട്ടിയുമേറ്റം പിടിച്ചും കടിച്ചുമ-
ങ്ങൂറ്റത്തില്‍ വീണും പിരണ്ടുമുരുണ്ടുമുള്‍-
ച്ചീറ്റം കലര്‍ന്നു നഖംകൊണ്ടു മാന്തിയും
ചാടിപ്പതിക്കയും കൂടക്കുതിക്കയും
മാടിത്തടുക്കയും കൂടക്കൊടുക്കയും
ഓടിക്കഴിക്കയും വാടി വിയര്‍ക്കയും
മാടിവിളിക്കയും കോപിച്ചടുക്കയും
ഊടെ വിയര്‍ക്കയും നാഡികള്‍ ചീര്‍ക്കയും
മുഷ്‌ടിയുദ്ധപ്രയോഗം കണ്ടു നില്‍പവര്‍ 560
ദൃഷ്‌ടി കുളുര്‍ക്കയും വാഴ്ത്തി സ്തുതിക്കയും
കാല൹ം കാലകാലന്‍താ൹മുളള പോര്‍
ബാലിസുഗ്രീവയുദ്ധത്തിനൊവ്വാ ദൃഢം.
രണ്ടു സമുദ്രങ്ങള്‍ തമ്മില്‍ പൊരുംപോലെ
രണ്ടു ശൈലങ്ങള്‍ തമ്മില്‍ പൊരുംപോലെയും
കണ്ടവരാര്‍ത്തുകൊണ്ടാടിപ്പുകഴ്ത്തിയും
കണ്ടീല വാട്ടമൊരുത്ത൹മേതുമേ.
അച്ഛന്‍ കൊടുത്തോരു മാല ബാലിക്കുമു-
ണ്ടച്യുതന്‍ നല്‍കിയ മാല സുഗ്രീവനും.
ഭേദമില്ലൊന്നുകൊണ്ടും തമ്മിലെങ്കിലും 570
ഭേദിച്ചിതര്‍ക്കതനയനു വിഗ്രഹം.
സാദവുമേറ്റം കലര്‍ന്നു സുഗ്രീവനും
ഖേദമോടേ രഘുനാഥനെ നോക്കിയും
അഗ്രജമുഷ്‌ടിപ്രഹരങ്ങളേല്‍ക്കയാല്‍
സുഗ്രീവനേറ്റം തളര്‍ച്ചയുണ്ടെന്നതു
കണ്ടു കാരുണ്യം കലര്‍ന്നു വേഗേന വൈ-
കുണ്ഠന്‍ ദശരഥനന്ദനന്‍ ബാലിതന്‍
വക്ഷപ്രദേശത്തെ ലക്ഷ്യമാക്കിക്കൊണ്ടു
വൃക്ഷഷണ്ഡം മറഞ്ഞാശു മാഹേന്ദ്രമാ-
മസ്‌ത്രം തൊടുത്തു വലിച്ചു നിറച്ചുടന്‍ 580
വിദ്രുതമാമ്മാറയച്ചരവളീടിനാന്‍.

വെബ്ദുനിയ വായിക്കുക