രാമായണപാരായണം- ഇരുപത്തൊന്നാം ദിവസം

“അവനിപതിസുതനൊടടിയന്‍ ഭവദ്വാര്‍ത്തക-
ളങ്ങുണര്‍ത്തിച്ചുകൂടുന്നതിന്‍ മുന്നമേ
അവരജനുമഖിലകപികുലബലവുമായ് മുതിര്‍-
നാശു വരുമതിനില്ലൊരു സംശയം.
സൂതസചിവസഹജസഹിതം ദശഗ്രീവനെ
സൂര്യാത്മജാലയത്തിന്നയയ്ക്കും ക്ഷണാല്‍.
ഭവതിയെയുമതികരുണമഴികിനൊടു വീണ്ടു നിന്‍-
ഭര്‍ത്താവയോദ്ധ്യയ്ക്കെഴുന്നള്ളുമാദരാല്‍.”
ഇതി പവനസുതവചനമുടമയൊടു കേട്ടപോ-
തിന്ദിരാദേവി ചോദിച്ചരുളീടിനാള്‍
“ഇഹ വിതതജലനിധിയെ നിഖിലകപിസേനയോ-
ടേതൊരുജാതി കടന്നുവരുന്നതും
മനുജപരിവൃഢനിതി വിചാരിച്ചനേരത്തു‌
മാരുതി മൈഥിലിയോടു ചൊല്ലീടിനാന്‍
“മനുജപതിവൃഢനെയുമവരജനെയുമ്പോടു
മറ്റുള്ള വാനരസൈന്യത്തെയും ക്ഷണാല്‍
മമ ചുമലില്‍ വിരവിനൊടെടുത്തു കടത്തുവാന്‍
മൈഥിലീ കിം വിഷാദം വൃഥാ മാനസേ?
ലഘുതരമാമിതരജനിചരകുലമശേഷേണ
ലങ്കയും ഭസ്മമാക്കീടുമനാകുലം
ദ്രുതമതിനു സുതനു മമ ദേഹ്യനുജ്ഞാമിനി
ദ്രോഹംവിനാ ഗമിച്ചീടുവാനോമലേ
വിരഹകലുഷിതമനസി രഘുവരനു മമ പ്രതി
വിശ്വാസമാശു വന്നീടുവാനായ് മുദ്രാ
തരിക സരഭസമൊരടയാളവും വാക്യവും
താവകം ചൊല്ലുവാനായരുള്‍ചെയ്യണം.”
ഇതി പവനതനയവചനേന വൈദേഹിയു-
മിത്തിരിനേരം വിചാരിച്ചു മാനസേ.
ചികുരഭരമതില്‍ മരുവുമമലചൂഡാമണി
ചിന്മയി മാരുതികൈയില്‍ നല്കീടിനാള്‍.
“ശൃണു തനയ! പുനരൊരടയാളവാക്യം ഭവാന്‍
ശ്രുത്വാ ധരിച്ചു കര്‍ണ്ണേ പറഞ്ഞീടു നീ.
ഭവതി പുരരതുപൊഴുതു വിശ്വാസമെന്നുടെ
ഭര്‍ത്താവിനുണ്ടായ്‌വരുമെന്നു നിര്‍ണ്ണയം
ചിരമമിതസുഖംടുരുതപസി ബഹുനിഷ്‌ഠയാ
ചിത്രകൂടാചലത്തിങ്കല്‍ വാഴുംവിധൌ
പലലമതു പരിചിനൊടുണക്കുവാന്‍ ചിക്കി ഞാന്‍
പാര്‍ത്തതും കാത്തിരുന്നീടും ദശാന്തരേ
തിരുമുടിയുമഴകിനൊടു മടിയില്‍ മമ വച്ചുടന്‍
തീര്‍ത്ഥപാദന്‍ വിരവോടുറങ്ങീടിനാന്‍.
അതുപൊഴുതിലതിചപലനായ് ശക്രാത്മജ-
നാശു കാകാകൃതിപൂണ്ടു വന്നീടിനാന്‍.
പലപൊഴുതു പലലശകലങ്ങള്‍ കൊത്തീടിനാന്‍
ഭക്ഷിച്ചുകൊള്ളുവാനെന്നോര്‍ത്തു ഞാന്‍ തദാ
പരുഷതരമുടനുടനെടുത്തെരിഞ്ഞീടിനേന്‍
പാഷാണജാലങ്ങള്‍കൊണ്ടതുകൊണ്ടവന്‍
വപുഷി മമ ശീതചരണനഖരതുണ്ഡങ്ങളാല്‍
വായ്പോടു കീറിനാനേറെക്കുപിതനായ്.


പരമപുരുഷനുടനുണര്‍ന്നു നോക്കുംവിധൌ
പാരമൊലിക്കുന്ന ചോര കണ്ടാകുലാല്‍
തൃണശകലമതികുപിതനായെടുത്തശ്രമം
ദിവ്യാസ്ത്രമന്ത്രം ജപിച്ചയച്ചീടിനാന്‍.
സഭയമവനഖിലദിശി പറഞ്ഞു നടന്നിതു
സങ്കടംതീര്‍ത്തു രക്ഷിച്ചുകൊണ്ടീടുവാന്‍
അമരപതി കമലജഗിരീശാമുഖ്യന്മാര്‍ക്കു-
മാവതല്ലെന്നയച്ചോരവസ്ഥാന്തരേ
രഘുതിലകനടിമലതിലവശമൊടു വീണിതു
‘രക്ഷിച്ചുകൊള്ളേണമെന്നെക്കുപാനിധേ!
അപരമൊരു ശരണമിഹ നഹിനഹി നമോസ്തുതേ
ആനന്ദമൂര്‍ത്തേ ശരണം നമോസ്തുതേ!
ഇതി സഭയമടിമലരില്‍‌വീണു കേണീടിനാ-
നിന്ദ്രാത്മജനാം ജയന്തനുമന്നേരം.
സവിതൃകുലതിലകനഥ സസ്മിതം ചൊല്ലിനാന്‍:
‘സായകം നിഷ്ഫലമാകയില്ലെന്നുമേ.
അതിനു തവ നയനമതിലൊന്നുപോം നിശ്ചയ-
മന്തരമില്ല നീ പൊയ്ക്കൊള്‍ക നിര്‍ഭയം.”
ഇതി സദയമനുദിവസമെന്നെ രക്ഷിച്ചവ-
നിന്നുപേക്ഷിച്ചതെന്തെന്നുടെ പാപമേ കാരണം.”
വിവിധമിതി ജനകനൃപദ്യുഹിതുവചനം കേട്ടു
വീരനാം മാരുതപുത്രനും ചൊലിനാന്‍:
“ഭവതി പുനരിവിടെ മരുവീടുന്നതേതുമേ
ഭര്‍ത്താവറിയായ്കകൊണ്ടു വരാഞ്ഞതും
ഝടിതി വരുമിനി, നിശിചരൌഘവും ലങ്കയും
ശാഖാമൃഗാവലി ഭസ്മമാക്കും ദൃഢം.”
പവനസുതവചനമിതി കേട്ടു വൈദേഹിയും
പാരിച്ച മോദേന ചോദിച്ചരുളിനാള്‍
“അധികകൃശതനുരിഹ ഭവാന്‍ കപിവീരരു-
മീവണ്ണമുള്ളവരല്ലയോ ചൊല്‍കൂ നീ.
നിഖിലനിശിചരചലനിഭവിപുലമൂര്‍ത്തികള്‍
നിങ്ങളവരോടെതിര്‍ക്കുന്നതെങ്ങനെ?
പവനജനുമവനിമകള്‍വചനമതു കേട്ടുടന്‍
പര്‍വ്വതതുല്യനായ് നിന്നാനതിദ്രുതം.
അഥ മിഥിലനൃപതിസുതയൊടു ചൊല്ലീടിനാ-
നഞ്ജനാപുത്രന്‍ പ്രഭഞ്ജനനന്ദനന്‍
“ഇതു കരുതുകകമലതിലിങ്ങനെയുള്ളവ-
രിങ്ങിരുപത്തൊന്നു വെള്ളം പട വരും.”


പവനസുതമൃദുവചനമിങ്ങനെ കേട്ടുടന്‍
പത്മപത്രാക്ഷിയും പാര്‍ത്തു ചൊല്ലീടിനാള്‍.
“അതിവിമലനമിതബലനാശരവംശത്തി-
നന്തകന്‍ നീയതിനന്തമില്ലെടോ!
രജനി വിരവൊടു കഴിയുമിനിയുഴറുകെങ്കില്‍ നീ
രാക്ഷസസ്ത്രീകള്‍ കാണാതെ നിരാകുലം
ജലനിധിയുമതിചപലമിന്നേ കടന്നങ്ങു
ചെന്നു രഘുവരനെക്കാണ്‍‌ക നന്ദന!
മമ പരിതമഖിലമറിയിച്ചു ചൂഡാരത്ന-
മാശു തൃക്കൈയില്‍ കൊടുക്കവിരയെ നീ.
വിരവിനൊടു വരിക രവിസുതനുമുരുസൈന്യവും
വീരപുമാന്മാരിരുവരുമായ് ഭവാന്‍
വഴിയിലൊരു പിഴയുമുപരോധവുമെന്നിയേ
വായുസുത! പോക നല്ലവണ്ണം ധ്രുവം.”
വിനയഭയകുതുകഭക്തിപ്രമോദാന്വിതം
വീരന്‍ നമസ്കരിച്ചീടിനാനന്തികേ
പ്രിയവചനസഹിതനഥ ലോകമാതാവിനെ-
പ്പിന്നെയും മൂന്നു വലത്തുവച്ചീടിനാന്‍
“വിടതരിക ജനനീ വിടകൊള്‍വാനടിയനു
വേഗേന ഖേദം വിനാ വാഴ്ക സന്തതം.”
“ഭവതു ശുഭമയി തനയ! പതി തവ നിരന്തരം.
ഭര്‍ത്താരമാശു വരുത്തീടുകത്ര നീ.
സുഖമൊടിഹ ജഗതി സുചിതം ജീവ ജീവ നീ
സ്വസ്ത്യസ്തു പുത്ര! തേ സുസ്ഥിരശക്തിയും.”
അനിലതനയനുമഖിലജനനിയൊടു സാദര-
മാശീര്‍വ്വചനമാദായ പിന്‍‌വാങ്ങിനാന്‍.


ലങ്കാമര്‍ദ്ദന

ചെറുതകലെയൊരു വിടപിശിഖരവുമമര്‍ന്നവന്‍
ചിന്തിച്ചു കണ്ടാന്‍ മനസി ജിതശ്രമം.
പരപുരിയിലൊരു നൃപതികാര്യാര്‍ത്ഥമായതി-
പാടവമുള്ളൊരു ദൂതം നിയോഗിച്ചാല്‍
സ്വയമതിനൊരഴിനിലയൊഴിഞ്ഞു സാധിച്ചഥ
സ്വസ്വാമികാര്യത്തിനനന്തരമെന്നിയേ
നിജഹൃദയചതുരതയൊടപരമൊരു കാര്യവും
നീതിയോടേ ചെയ്തുപോമവനുത്തമന്‍
അതിനു മുഹുരമഖിലനിഴിചരകുലേശനെ-
യന്‍പോടു കണ്ടു പറഞ്ഞു പോയീടണം.
അതിനു പെരുവഴിയുമിതു സുദൃഢമിതി ചിന്തചെയ്-
താരാമമൊക്കെപ്പൊടിച്ചുതുടങ്ങിനാന്‍.
മിഥിലനൃപമകള്‍ മരുവുമതിവിമലശിംശപാ-
വൃക്ഷമൊഴിഞ്ഞുള്ളതൊക്കെത്തകര്‍ത്തവന്‍.
കുസുമദലഫലസഹിതഗുല്‌മവല്ലീതരു-
ക്കൂട്ടങ്ങള്‍ പൊട്ടിയലറി വീഴുംവിധൌ
ജനനിവഹഭയജനനനാദഭേദങ്ങളും
ജംഗമജാതികളായ പതത്രികള്‍
അതിഭയമൊടഖിലദിശിദിശി ഖലു പറന്നുട-
നാകാശമൊക്കെപ്പരന്നോരു ശബ്‌ദവും
രജനിചരപുരി ഝടിതി കീഴ്മേല്‍ മറിച്ചിതു
രാമദൂതന്‍ മഹാവീര്യപരാക്രമന്‍
ഭയമൊടതുപൊഴുതു നിശിചതികളുമുണര്‍ന്നിതു
പാര്‍ത്തനേരം കപിവീരനെക്കാണായി.
“ഇവനമിതബലസഹിതനിടിനികരമൊച്ചയു-
മെന്തൊരു ജന്തുവിതെന്തിനു വന്നതും!”
സുമുഖി തവ നികടഭുവി നിന്നു വിശേഷങ്ങള്‍
സുന്ദരഗാത്രി! ചൊല്ലീലയോ ചൊല്ലെടോ.
മനസി ഭയമധികമിവനെക്കണ്ടു ഞങ്ങള്‍ക്കു
മര്‍ക്കടാകാരം ധരിച്ചിരിക്കുന്നിതും
നിശി തമസി വരുവതിനു കാരണമെന്തു ചൊല്‍
നീയറിഞ്ഞീലയോ ചൊല്ലിവനാരെടോ”
“രജനിചരകുലരചിതമായകളൊക്കവേ
രാത്രിഞ്ചരന്മാര്‍ക്കൊഴിഞ്ഞറിയാവതോ?
ഭയമിവനെ നികടഭുവി കണ്ടു മന്മാനസേ
പാരം വളരുന്നിതെന്താവതീശ്വരാ!

വെബ്ദുനിയ വായിക്കുക