രാമായണപാരായണം-ഇരുപത്തഞ്ചാം ദിവസം

രാവണ-കുംഭകര്‍ണ്ണ സംഭാഷണ

നിദ്രയും കൈവിട്ടു കുംഭകര്‍ണ്ണന്‍ തദാ
വിദ്രുതനഗ്രജന്‍ തന്നെ വണങ്ങിനാന്‍.
ഗാഢഗാഢം പുണര്‍ന്നുഢമോദം നിജ-
പീഠമതിന്മേലിരുത്തി ദശാസ്യനും
വൃത്താന്തമെല്ലാമവരാജന്‍ തന്നോടു
ചിത്താനുരാഗേണ കേള്‍പ്പിച്ചനന്തരം
ഉള്‍ത്താരിലുണ്ടായ ഭീതിയോടുമവന്‍
നക്തഞ്ചരാധീശ്വരനോടു ചൊല്ലിനാന്‍.
“ജീവിച്ചു ഭൂമിയില്‍ വാഴ്കെന്നതില്‍ മമ
ദേവതമാശു കിട്ടുന്നതു നല്ലതും.
ഇപ്പോള്‍ ഭവാന്‍ ചെയ്ത കര്‍മ്മങ്ങളൊക്കെയും
ത്വല്‍‌പ്രാണഹാനിക്കുതന്നെ ധരിക്ക നീ.
രാമന്‍ ഭവാനെ ക്ഷണം കണ്ടുകിട്ടുകില്‍
ഭൂമിയില്‍ വാഴ്‌വാനയയ്‌ക്കയില്ലെന്നുമേ.
ജീവിച്ചിരിക്കയിലാഗ്രഹമുണ്ടെങ്കില്‍
സേവിച്ചുകൊള്ളൂക രാമനെ നിത്യമായ്
രാമന്‍ മനുഷ്യനല്ലേകസ്വരൂപനാം
ശ്രീമാന്‍ മഹാവിഷ്ണു നാരായണന്‍ പരന്‍.
സീതയാകുന്നതു ലക്ഷ്മീഭഗവതി
ജാതയായാള്‍ തവ നാശം വരുത്തുവാന്‍.
മോഹേന നാദഭേദം കേട്ടു ചെന്നുടന്‍.
ദേഹനാശം മൃഗങ്ങള്‍ക്കു വരുന്നിതു
മീനങ്ങളെല്ലാം രസത്തിങ്കല്‍ മോഹിച്ചു
താനേ ബളിശം! വിഴുങ്ങി മരിക്കുന്നു.
അഗ്നിയെക്കണ്ടു മോഹിച്ചു ശലഭങ്ങള്‍
മഗ്നമായ് മൃത്യു ഭവിക്കുന്നിതവ്വണ്ണം
ജാനകിയെക്കണ്ടു മോഹിക്കകാരണം.
പ്രാണവിനാശം ഭവാനുമകപ്പെടും
നല്ലതല്ലേതുമെനിക്കുന്നിതെന്നുള്ളതു-
മുള്ളിലറിഞ്ഞിരിക്കുന്നിതെന്നാകിലും
ചൊല്ലുമതിങ്കല്‍ മനസ്സു നിന്‍‌കാരണം.
ചൊല്ലുവാന്‍ മുന്നം കഴിഞ്ഞ ജന്മത്തിലെ
വാസനകൊണ്ടതു നീക്കരുതാര്‍ക്കുമേ.
ശാസനയാലുമടങ്ങുകില്ലതു
വിജ്ഞാനമുള്ള ദിവ്യന്മാര്‍ക്കുപോലും മ-
റ്റജ്ഞാനികള്‍ക്കോ പറയേണ്ടതില്ലല്ലോ.
കാട്ടിയതെല്ലാമപനയം നീയതു
നാട്ടിലുള്ളോര്‍ക്കുമാപത്തിനായ് നിര്‍ണ്ണയം.
ഞാനിതിനിന്നിനി രാ‍മനേയും മറ്റു
വാനരന്മാരെയുമൊക്കെയൊടുക്കുവാന്‍.
ജാനകിതന്നെയനുഭവിച്ചറിഞ്ഞീടുകനീ
മനസേ ഖേദമുണ്ടാകരുതേതുമേ.


ദേഹത്തിനനന്തരം വന്നുപോം മുന്നമേ
മോഹിച്ചിതാഹന്ത! സാധിച്ചുകൊള്‍ക നീ.
ഇന്ദ്രിയങ്ങള്‍ക്കു വശനാം പുരുഷനു
വന്നീടുമാപത്തു നിര്‍ണ്ണയമോര്‍ത്തുകാണ്‍
ഇന്ദ്രിയനിഗ്രഹമുള്ള പുരുഷനു
വന്നുകൂടും നിജ സൌഖ്യങ്ങളൊക്കവേ.”
ഇന്ദ്രാരിയാം കുംഭകര്‍ണ്ണോക്തി‌കേട്ടള-
വിന്ദ്രജിത്തും പറഞ്ഞീടിനാനാദരാല്‍
“മാനുഷനാകിയ രാമനേയും മറ്റു
വാനരന്മാരെയുമൊക്കെയൊടുക്കി ഞാന്‍
ആശു വരുവനനുജ്ഞയെച്ചെയ്കിലെ-
ന്നാശരാധീശ്വരനോടു ചൊല്ലീടിനാന്‍.

രാവണ-വിഭീഷണ സംഭാഷണ

അന്നേരമാഗതനായ വിഭീഷണന്‍
ധന്യന്‍ നിജാഗ്രജന്തന്നെ വണങ്ങിനാന്‍.
തന്നരികെത്തങ്ങിരുത്തിദ്ദശാനനന്‍
ചൊന്നാനവനോടു പത്ഥ്യം വിഭീഷണന്‍:
“രാക്ഷസാധീശ്വരാ! വീര! ദശാനന!
കേള്‍ക്കണമെന്നുടെ വാക്കുകളിന്നു നീ
നല്ലതു ചൊല്ലേണമെല്ലാവരും തനി-
ക്കുള്ളവരോടു ചൊല്ലുന്ന ബുധജനം.
കല്യാണമെന്തു കുലത്തിനെന്നുള്ളതു-
മെല്ലാവരുമൊരുമിച്ചു ചിന്തിക്കണം.
യുദ്ധത്തിനാരുള്ളതോര്‍ക്ക നീ രാമനോ-
ടിത്രിലോകത്തിങ്കല്‍ നക്തഞ്ചരാധിപ!
മത്തനുന്മത്തന്‍ പ്രഹസ്തന്‍ വികടനും
സുപ്തഘന-യജ്ഞാന്തകാദികളും തഥാ.
കുംഭകര്‍ണ്ണന്‍ ജംബുമാലി പ്രജംഘനും
കുംഭന്‍ നികുംഭനകമ്പനന്‍ കമ്പനന്‍
വമ്പന്‍ മഹോദരനും മഹാപാര്‍ശ്വനും
കുംഭകനും ത്രിശിരസ്സതികായനും
ദേവാന്തകനും നരാന്തകനും മറ്റു
ദേവാരികള്‍ വജ്രദ്രംഷ്ടാദിവീരരും
യൂപാക്ഷനും ശോണിതാക്ഷനും പിന്നെ വി-
രൂപാക്ഷധൂമ്രാക്ഷനും മകരാക്ഷനും
ഇന്ദ്രനെസ്സംഗരേ ബന്ധിച്ച വീരനാ-
മിന്ദ്രജിത്തിന്നുമെല്ലവനോടെടോ!


നേരേ പൊരുതു ജയിപ്പതിനാരുമേ
ശ്രീരാമനോട് കരുതയ്ക മാനസേ
ശ്രീരാമനായതു മാനുഷനല്ല കേ-
ളാരെന്നറിവാനുമാരെല്ലാരുമവനും
ദേവേന്ദ്രനുമല്ല വഹ്നിയുമല്ലവന്‍
വൈവസ്വതനും നിത്യതിയുമല്ല കേള്‍.
പാശിയുമല്ല ജഗല്‍‌പ്രാനനല്ല വി-
ത്തേശനുമല്ലവനീശാനനുമല്ല
വേധാവുമല്ല ഭുജംഗാധിപനുമ-
ല്ലാദിത്യരുദ്രവസുക്കളുമല്ലവന്‍
സാക്ഷാല്‍ മഹാവിഷ്ണു നാരായണന്‍ പരന്‍.
മോക്ഷദന്‍ സൃഷ്ടിസ്ഥിതിലയകാരണന്‍
മുന്നം ഹിരണ്യാക്ഷനെക്കൊലചെയ്തവന്‍
പന്നിയായ് മന്നിടം പാലിച്ചുകൊള്ളുവാന്‍.
പിന്നെ നരസിംഹരൂപം ധരിച്ചിട്ടു
കൊന്നു ഹിരണ്യകശിപുവാം വീരനെ.
ലോകൈകനായകന്‍ വാമനമൂര്‍ത്തിയായ്
ലോകത്രയം ബലിയോടു വണങ്ങീടിനാന്‍
കൊന്നാനിരുപതൊരുതുട രാമനായ്
മന്നവന്മാരെയസുരംഗമാകയാല്‍.
അന്നന്നസുരരെയൊക്കെയൊടുക്കുവാന്‍
മന്നിലവതരിച്ചിടും ജഗന്മയന്‍.
ഇന്നു ദശരഥപുത്രനായ് വന്നിതു
നിന്നെയൊടുക്കുവാനെന്നറിഞ്ഞീടു നീ.
സത്യസങ്കല്‌പനാമീശ്വരന്‍‌തന്മതം
മിത്ഥ്യയായ്‌വന്നുകൂടായെന്നു നിര്‍ണ്ണയം.
എങ്കിലെന്തിന്നു പറയുന്നതെന്നൊരു
ശങ്കയുന്റാകിലതിന്നു ചൊല്ലീടുവന്‍.
സേവിക്കവര്‍ക്കഭയത്തെക്കൊടുപ്പോരു
ദേവനവന്‍ കരുണാകരന്‍ കേവലന്‍
ഭക്തപ്രിയന്‍ പരമന്‍ പരമേശ്വരന്‍
ഭക്തിയും മുക്തിയും നല്‍കും ജനാര്‍ദ്ദനന്‍.

വെബ്ദുനിയ വായിക്കുക