ഒരു മാസം രാമായണത്തിന്‍റെ ഇരവുപകലുകള്‍

WDWD
ജൂലൈ പതിനാറിന് കര്‍ക്കിടകം പിറക്കുകയാണ്. പിന്നെ ഒരു മാസം രാമായണ പാരായണത്തിന്‍റെ വിശുദ്ധിയില്‍ കേരളം അമരും. രാമമന്ത്ര വിശുദ്ധി എങ്ങും അലയടിക്കും.

ജൂലൈ പതിനഞ്ചിന് കര്‍ക്കിടക സംക്രമമാണ്. സൂര്യന്‍ മിഥുന രാശിയില്‍ നിന്ന് കര്‍ക്കിടക രാശിയിലേക്ക് മാറുന്ന മുഹൂര്‍ത്തമാണ് കര്‍ക്കിടക സംക്രമം. കര്‍ക്കിടകം ദുര്‍ഘട മാസമാണ് എന്നാണ് പഴമക്കാര്‍ പറഞ്ഞു വച്ചിട്ടുള്ളത്. ഇന്നും അതിനു വലിയ മാറ്റമില്ല.

രോഗങ്ങളും ഫലധാന്യങ്ങളുടെ കുറവും ഏറ്റവും അധികം അനുഭവപ്പെടുന്നത് കര്‍ക്കിടകത്തിലാണ്. അതോടൊപ്പം വരാനിരിക്കുന്ന സ‌മൃദ്ധിയുടെ മാസത്തെ കുറിച്ചുള്ള പ്രതീക്ഷ അലയടിക്കുകയും ചെയ്യും.

കര്‍ക്കിടകത്തെ കുറിച്ചുള്ള ആശങ്കകള്‍ അകറ്റാന്‍ ആസുരിക ശക്തിയുടെ മേല്‍ ധാര്‍മ്മിക വിജയം നേടിയ രാമായണം പാരായണം ചെയ്യുക കേരളീയര്‍ ശീലമാക്കിക്കഴിഞ്ഞു. പ്രധാനമായും സന്ധ്യാദീപം വച്ചശേഷമാണ് രാമായണ പാരായണം നടക്കുക.


നിശ്ചിത രാ‍മായണ ഭാഗം രാത്രികൊണ്ട് വായിച്ചുതീരാത്തവര്‍ പകലും വായന തുടരും. ഭാവപൂര്‍ണ്ണതയോടെയും സംഗീത സാന്ദ്രമായും രാമായണം വായിക്കണം എങ്കില്‍ അതിനല്‍പ്പം സമയം കൂടിയേ തീരൂ. പുണ്യമായ രാമായണത്തിന്‍റെ ആലാപന വിശുദ്ധിയില്‍ കേരളീയ ഭവനങ്ങള്‍ സ്വയം ക്ഷേത്രങ്ങളായി മാറും.

അതോടൊപ്പം ക്ഷേത്രങ്ങളിലും രാമായണ പാരായണം നടക്കും. രാമായണത്തെപ്പോലെ ധര്‍മ്മത്തെ ഉയര്‍ത്തിക്കാട്ടുന്ന മറ്റൊരു ഗ്രന്ഥമില്ലെന്ന് വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്.

ഇന്ന് രാമായണം പൂര്‍ണ്ണമായി ഇരുന്ന് വായിക്കാന്‍ കെല്‍പ്പുള്ളവരില്ല. അതിനു സമയവുമില്ല. അതിന് പ്രതിവിധിയെന്നോണം പ്രസക്തമായ രാമായണ ഖണ്ഡങ്ങള്‍ ആലാപനം ചെയ്ത കാസറ്റുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

വെബ്ദുനിയ വായിക്കുക