രാമായണ പാരായണം - നാലാം ദിവസം

വ്യാഴം, 19 ജൂലൈ 2007 (19:24 IST)
.
അഭിഷേക വിഘ്ന

“സത്യസന്ധന്‍ നൃപവീരന്‍ ദശരഥന്‍
പുത്രാഭിഷേകം കഴിച്ചീടുമെന്നുമേ
കേകയപുത്രീവശഗതനാകയാ-
ലാകുലമുള്ളില്‍ വളരുന്നിതേറ്റവും 440
ദുര്‍ഗ്ഗേ ഭഗവതീ ദുഷ്കൃതനാശിനീ
ദുര്‍ഗ്ഗതിനീക്കിത്തുണച്ചീടുകംബികേ!
കാമുകനല്ലോ നൃപതി ദശരഥന്‍
കാമിനി കൈകേയീചിത്തമെന്തീശ്വരാ!
നല്ലവണ്ണം വരുത്തേണമെന്നിങ്ങനെ
ചൊല്ലി വിഷാദിച്ചിരിക്കുന്നതുനേരം
വാനവരെല്ലാവരുമൊത്തു നിരൂപിച്ചു
വാണീഭഗവതിതന്നോടപേക്ഷിച്ചു
“ലോകമാതാവേ! സരസ്വതീ! ഭഗവതി!
വേഗാലയോദ്ധ്യയ്ക്കെഴുന്നള്ളീടുകവേണം 450
രാമാഭിഷേകവിഘ്നം വരുത്തീടുവാനാ-
യവരും മറ്റില്ല നിരൂപിച്ചാല്‍
ചെന്നുടന്‍ മന്ഥരതന്നുടെ നാവിന്മേല്‍-
ത്തന്നെ വസിച്ചവളെക്കൊണ്ടു ചൊല്ലിച്ചു
പിന്നെ വിരവോടു കൈകേയിയെക്കൊണ്ടു
തന്നെ പറയിച്ചുകണ്ടു മുടക്കണം.
പിന്നെയിങ്ങോട്ടെഴുന്നള്ളാം മടിക്കരു-
തെന്നാമരന്മാര്‍ പറഞ്ഞോരനന്തരം
വാണിയും മന്ഥരതന്‍ വദനാന്തരേ
വാണീടിനാള്‍ ചെന്നു ദേവകാര്യാര്‍ത്ഥമായ്. 460

അപ്പോള്‍ ത്രിവക്രയാം കുബ്ജയും മാനസേ
കല്‍പ്പിച്ചുറച്ചുടന്‍ പ്രാസാദമേറിനാള്‍
വേഗേന ചെന്നൊരു മന്ഥരയെക്കണ്ടു
കൈകേയിതാനുമവളോടു ചൊല്ലിനാള്‍.
“മന്ഥരേ ചൊല്ലൂ നെ രാജ്യമെല്ലാടവു-
മെന്തരുമൂലമലങ്കരിച്ചീടുവാന്‍?”
“നാളീകലോചനനാകിയ രാമനു
നാളെയഭിഷേകമുണ്ടെന്നു നിര്‍ണ്ണയം
ദുര്‍ഭഗേ മൂഢേ! മഹാഗര്‍വ്വിതേ! കിട-
ന്നെപ്പോഴും നീയുറങ്ങീടൊന്നറിയാതെ. 470
ഏറിയോരാപത്തു വന്നടുത്തു നിന-
ക്കാരുമൊരു ബന്ധുവില്ലെന്നു നിര്‍ണ്ണയം
രാമാഭിഷേകമടുത്തനാളുണ്ടെടോ!
കാമിനിമാര്‍കുലമൌലിമാണിക്യമേ!“

ഇത്തരമവള്‍ ചൊന്നതുകേട്ടു സംഭ്രമി-
ച്ചുത്ഥാനവുംചെയ്തു കേകയപുത്രിയും
ഹിത്രമായൊരു ചാമീകരനൂപുരം.
ചിത്തമോദേന നല്കീടിനാളാദരാല്‍.
“സന്തോഷമാര്‍ന്നിരിക്കുന്നകാലത്തിങ്ക-
ലെന്തൊരു താപമുപാഗതമെന്നു നീ 480
ചൊല്ലുവാന്‍ കാരണം ഞാനരിഞ്ഞീലതി-
നില്ലൊരവകാശമേതും നിരൂപിച്ചാല്‍.
എന്നുടെ രാമകുമാരനോളം പ്രിയ-
മെന്നുള്ളിലാരെയുമില്ല മറ്റോര്‍ക്ക നീ.
അത്രയുമല്ല ഭരതനേക്കാള്‍ മമ
പുത്രനാം രാമനെ സ്നേഹമെനിക്കേറും
രാമനും കൌസല്യാദേവിയെക്കാളെന്നെ
പ്രേമമേറും നൂനമില്ലൊരു സംശയം.



ഭക്തിയും വിശ്വാസവും ബഹുമാനവു-
മിത്ര മറ്റാരെയുമില്ലെന്നറിക നീ 490
നല്ല വസ്തുക്കളെനിക്കു തന്നേ മറ്റു
വല്ലവര്‍ക്കും കൊടുപ്പൂ മമ നന്ദനന്‍.
ഇഷ്ടമില്ലാതൊരു വാക്കു പറകയി-
ല്ലൊട്ടുമേ ഭേദമില്ലവനൊരിക്കലും.
അശ്രാന്തമെന്നെയത്രേ മടികൂടാതെ
ശുശ്രൂഷചെയ്തു ഞായം പരിപൂര്‍വ്വകം.
മൂഢേ! നിനക്കെന്തു രാമങ്കല്‍നിന്നൊരു
പേടിയുണ്ടാവാനവകാശമായതും
സര്‍വ്വജനപ്രിയനല്ലോ മമാത്മജന്‍
നിര്‍വ്വൈരമാനസന്‍ ശാന്തന്‍ ദയാപരന്‍!“ 500

കേകയപുത്രിതന്‍ വാക്കു കേട്ടള-
വാകുലചേതസാ പിന്നെയും ചൊല്ലിനാള്‍.
“പാപേ മഹാഭയകാരണം കേള്‍ക്ക നീ
ഭൂപതി നിന്നെ വഞ്ചിച്ചതറിഞ്ഞീലേ?
ത്വല്‍‌പുത്രനായ ഭരതനേയും ബലാല്‍
തല്‍‌പ്രിയനായ ശത്രുഘ്നനേയും നൃപന്‍
മാതുലനെക്കാണ്മാന്നായയച്ചതും
ചേതസി കല്‍പ്പിച്ചുകൊണ്ടുതന്നേയിതു
രാജ്യാഭിഷേകം കൃതം രാമനെകിലോ
രാജ്യാനുഭൂതി സൌമിത്രിക്കു നിര്‍ണ്ണയം 510
ഭാഗ്യമത്രേ സുമിത്രയ്ക്കതുംകണ്ടു നിര്‍-
ഭാഗ്യമായൊരു നീ ദാസിയായ് നിത്യവും
കൌസല്യതന്നെപ്പരിചരിച്ചീടുക.
കൌസല്യാനന്ദനന്തന്നെബ്ഭരതനും
സേവിച്ചുകൊണ്ടു പൊറുക്കെന്നതും വരും.
ഭാവിക്കയും വേണ്ട രാജത്വമേതുമേ,
നാട്ടില്‍നിന്നാട്ടിക്കളകിലുമൊരു
വാട്ടം വരാതെ വധിച്ചീടുകിലുമാം.
സാപത്ന്യജാതപരാഭവംകൊണ്ടുള്ള
താപവും പൂണ്ടു ധരണിയില്‍ വാഴ്കയില്‍! 520
നല്ല മരണമതിനില്ല സംശയം
കൊല്ലുവാന്‍ ഞാന്‍ തവ നല്ലതു കേള്‍ക്ക നീ.
ഉത്സാഹമുണ്ടു നിനക്കെങ്കിലിക്കാലം
ത്വല്‍‌സുതന്‍‌തന്നെ വാഴിക്കും നരവരന്‍.
രാമനീരേഴാണ്ടു കാനനവാസവും
ഭൂമിപാലാജ്ഞയാ ചെയ്യുമാറാക്കണം.
നാടടക്കം ഭരതന്നു വരുമതി-
പ്രൌഢകീര്‍ത്ത്യാ നിനക്കും വസിക്കാം ചിരം.
വേണമെന്നാകിലതിന്നൊരുപായവും
പ്രാണസമേ! തവ ചൊല്ലിത്തരുവാന്‍ ഞാന്‍. 530
മുന്നം സുരാസുരയുദ്ധേ ദശരഥന്‍-
തന്നെ മിത്രാര്‍ത്ഥം തന്നെ മഹേന്ദ്രനര്‍ത്ഥിക്കയാല്‍
മന്നവന്‍ ചാപബാണങ്ങളും കൈക്കൊണ്ടു
തന്നുടെ സൈന്യസമേതം തേരേറിനാന്‍.
നിന്നോടുകൂടവേ വിണ്ണിലകം‌പുക്കു
സന്നദ്ധനായിച്ചെന്നസുരരോടേറ്റപ്പോള്‍
ഛിന്നമായ്‌വന്നുരഥാക്ഷകീലം പോരി-
ലെന്നതറിഞ്ഞതുമില്ല ദശരഥന്‍.
സത്വരം കീലരന്ധ്രത്തിങ്കല്‍ നിന്നുടെ
ഹസ്തദണ്ഡം സമാവേശ്യ ധൈര്യേണ നീ. 540


ചിത്രമത്രേ പതിപ്രാണരക്ഷാര്‍ത്ഥമായ്
യുദ്ധം കഴിവോളമങ്ങനെ നിന്നതും
ശത്രുക്കളെ വധം ചെയ്തു പൃത്ഥ്വീന്ദ്രനും
യുദ്ധനിവൃത്തനായൊരു ദശാന്തരേ
നിന്‍ തൊഴില്‍ കണ്ടതിസന്തോഷമുള്‍ക്കൊണ്ടു
ചെന്തളിര്‍‌മേനിന്‍ പുണര്‍ന്നുപുണര്‍ന്നുടന്‍
പുഞ്ചിരിപൂണ്ടു പറഞ്ഞിതു ഭൂപനും
“നിന്‍ ചരിതം നന്നുനന്നു നിരൂപിച്ചാല്‍
രണ്ടു വരം തരാം നീയെന്നെ രക്ഷിച്ചു-
കൊണ്ടതുമൂലം വരിച്ചുകൊണ്ടാലും നീ“ 560
ഭര്‍ത്തൃവാക്യംകേട്ടു നീയുമന്നേരത്തു
ചിത്തസമ്മോദം കലര്‍ന്നു ചൊല്ലീടിനാള്‍.
“ദത്തമായൊരു വരദ്വയം സാദരം
നൃസ്തം ഭവതിമയാ നൃപതീശ്വര!
ഞാനൊരവസരത്തിങ്കലപേക്ഷിച്ചാ-
ലൂനംവരാതെ തരികെന്നതേ വേണ്ടൂ.”
എന്നു പറഞ്ഞിരിക്കുന്ന വരദ്വയ-
മിന്നപേക്ഷിച്ചുകൊള്ളേണം മടിയാതെ.
ഞാനും മറന്നുകിടന്നിതു മുന്നമേ
മാനസേ തോന്നീ ബലാലീശ്വരാജ്ഞയാ. 560
ധീരതയോടിനി ക്ഷിപ്രമിപ്പോള്‍ ക്രോധാ-
ഗാരം പ്രവിശ്യ കോപേന കിടക്ക നീ.
ആഭരണങ്ങളും പൊട്ടിച്ചെറിഞ്ഞതി-
ശോഭപൂണ്ടൊരു കാര്‍കൂന്തലഴിച്ചിട്ടു
പൂമേനിയും പൊടികൊണ്ടങ്ങണിഞ്ഞിഹ
ഭൂമിയില്‍ത്തന്നെ മലീനാംബരത്തോടും
കണ്ണുനീരാലേ മുഖവും മുലകളും
നന്നായ് നനച്ചു കരഞ്ഞുകരഞുകൊ-
ണ്ടര്‍ത്ഥിച്ചുകൊള്‍ക വരദ്വയം ഭൂപതി
സത്യം പറഞ്ഞാലുറപ്പിച്ചു മാനസം”. 570
മന്ഥരചൊന്നപോലതിനേതുമൊ-
രന്തരംകൂടാതെ ചെന്നു കൈകേയിയും
പത്ഥ്യമിതൊക്കെത്തനിക്കെന്നു കല്‌പ്പിച്ചു
ചിത്തമോഹേന കോപാലയം മേവിനാള്‍.
കൈകേയി മന്ഥരയോടു ചൊന്നാളിനി
രാഘവന്‍ കാനനത്തിന്നു പോവോളവും
ഞാനിവിടെക്കിടന്നീടുവനല്ലായ്കില്‍
പ്രാണനേയും കളഞ്ഞീടുവന്‍ നിര്‍ണ്ണയം.
ഭൂപരിത്രാനാര്‍ത്ഥമിന്നു ഭരതനു
ഭൂപതി ചെയ്താനഭിഷേകമെങ്കില്‍ ഞാന്‍ 580
വേറേ നിനക്കു ഭോഗാര്‍ത്ഥമായ് നല്കുവാന്‍
നൂറുദേശങ്ങളതിനില്ല സംശയം”
“ഏതുമിതിന്നൊരിളക്കം വരായ്കില്‍ നീ
ചേതസി ചിന്തിച്ച കാര്യം വരും ദൃഢം.”
എന്നു പറഞ്ഞു പോയീടിനാള്‍ മന്ഥര
പിന്നെയവ്വണ്ണമനുഷ്ഠിച്ചു രാജ്ഞിയും
ധീരനായേറ്റം ദയാന്വിതനായ് ഗുണാ-
ചാരസംയുക്തനായ് നീതിജ്ഞനായ് നിജ-
ദേശികവാക്യസ്ഥിതനായ്സുശീലനാ-
യാശയശുദ്ധനായ് വിദ്യാനിരതനായ് 590
ശിഷ്ടനായുള്ളവനെന്നങ്ങിരിക്കിലും
ദുഷ്ടസംഗം കൊണ്ടു കാലാന്തരത്തിനാല്‍
സജ്ജനനിന്ദ്യനായ് വന്നുകൂടും ദൃഢം.
ദുര്‍ജ്ജനസംസര്‍ഗ്ഗമേറ്റമവകലമ്പേ
വര്‍ജ്ജിക്കവേണം പ്രയത്നേനസല്‍‌പുമാന്‍
കജ്ജളം പറ്റിയാല്‍ സ്വര്‍ണ്ണവും നിഷ്പ്രഭം.

വെബ്ദുനിയ വായിക്കുക