രാമായണപാരായണം - പതിനൊന്നാം ദിവസം

കിഷ്കിന്ധാകാണ്ഡം

ശാരികപ്പൈതലേ! ചാരുശീലേ! വരി-
കാരോമലേ! കഥാശേഷവും ചൊല്ലു നീ.
ചൊല്ലുവേനെങ്കിലനംഗാരി ശങ്കരന്‍
വല്ലഭയോടരുള്‍ചെയ്ത പ്രകാരങ്ങള്‍.
കല്യാണശീലന്‍ ദശരഥസൂനു കൗ-
സല്യാതനയനവരജന്‍തന്നോടും
പമ്പാസരസ്തടം ലോകമനോഹരം
സംപ്രാപ്യ വിസ്‌മയംപൂണ്ടരുളീടിനാന്‍.
ക്രോശമാത്രം വിശാലം വിശദാമൃതം
ക്ലേശവിനാശനം ജന്തുപൂര്‍ണ്ണസ്ഥലം
ഉല്‍ഫുല്ലപത്മകല്‍ഹാരകുമുദ നീ-
ലോല്‍പലമണ്ഡിതം ഹംസകാരണ്ഡവ
ഷള്‍പദകോകില കുക്കുടകോയഷ്‌ടി
സര്‍പ്പസിംഹവ്യാഘ്രസൂകരസേവിതം
പുഷ്പലതാപരിവേഷ്‌ടിതപാദപ-
സല്‍ഫലസേവിതം സന്തുഷ്‌ടജന്തുകം
കണ്ടു കൗതൂഹലംപൂണ്ടു തണ്ണീര്‍കുടി-
ച്ചിണ്ടലും തീര്‍ത്തു മന്ദം നടന്നീടിനാന്‍.


ഹനൂമല്‍സമാഗമ

കാലേ വസന്തേ സുശീതളേ ഭൂതലേ
ഭൂലോകപാലബാലന്മാരിരുവരും.
ഋശ്യമൂകാദ്രിപാര്‍ശ്വസ്ഥലേ സന്തതം
നിശ്വാസമുള്‍ക്കൊണ്ടു വിപ്രലാപത്തൊടും
സീതാവിരഹം പൊറാഞ്ഞു കരകയും
ചൂതായുധാര്‍ത്തി മുഴുത്തു പറകയും
ആധികലര്‍ന്നു നടന്നടുക്കുംവിധൗ
ഭീതനായ്‌വന്നു ദിനകരപുത്രനും,
സത്വരം മന്ത്രികളോടും കുതിച്ചു പാ-
ഞ്ഞുത്തുംഗമായ ശൈലാഗ്രമേറീടിനാന്‍.
മാരുതിയോടു ഭയേന ചൊല്ലീടിനാന്‍ഃ
"ആരീ വരുന്നതിരുവര്‍ സന്നദ്ധരായ്‌?
നേരേ ധരിച്ചു വരിക നീ വേഗേന
വീരന്മാരെത്രയുമെന്നു തോന്നും കണ്ടാല്‍.
അഗ്രജന്‍ ചൊല്‍കയാലെന്നെബ്ബലാലിന്നു
നിഗ്രഹിപ്പാനായ്‌വരുന്നവരല്ലല്ലീ?
വിക്രമമുളളവരെത്രയും, തേജസാ
ദിക്കുകളൊക്കെ വിളങ്ങുന്നു കാണ്‍ക നീ.


താപസവേഷം ധരിച്ചിരിക്കുന്നിതു
ചാപബാണാസിശസ്‌ത്രങ്ങളുമുണ്ടല്ലോ.
നീയൊരു വിപ്രവേഷംപൂണ്ടവരോടു
വായുസുത! ചെന്നു ചോദിച്ചറിയേണം.
വക്ത്രനേത്രാലാപഭാവങ്ങള്‍ കൊണ്ടവര്‍-
ചിത്തമെന്തെന്നതറിഞ്ഞാല്‍ വിരവില്‍ നീ
ഹസ്തങ്ങള്‍കൊണ്ടറിയിച്ചീട നമ്മുടെ
ശത്രുക്കളെങ്കി,ലതല്ലെങ്കില്‍ നിന്നുടെ
വക്ത്രപ്രസാദമന്ദസ്മേരസംജ്ഞയാ
മിത്രമെന്നുളളതുമെന്നോടു ചൊല്ലണം."
കര്‍മ്മസാക്ഷിസുതന്‍ വാക്കുകള്‍ കേട്ടവന്‍
ബ്രഹ്‌മചാരിവേഷമാലംബ്യ സാദരം
അഞ്ജസാ ചെന്നു നമസ്കരിച്ചീടിനാ-
നഞ്ജനാപുത്രനും ഭര്‍ത്തൃപാദാംബുജം.
കഞ്ജവിലോചനന്മാരായ മാനവ-
കുഞ്ജരന്മാരെത്തൊഴുതു വിനീതനായ്‌ഃ
"അംഗജന്‍തന്നെജ്ജയിച്ചോരു കാന്തിപൂ-
ണ്ടിങ്ങനെ കാണായ നിങ്ങളിരുവരും
ആരെന്നറികയിലാഗ്രഹമുണ്ടതു
നേരേ പറയണമെന്നോടു സാദരം.
ദിക്കുകളാത്മഭാസൈവ ശോഭിപ്പിക്കു-
മര്‍ക്കനിശാകരന്മാരെന്നു തോന്നുന്നു.
ത്രൈലോക്യകര്‍ത്തൃഭൂതന്മാര്‍ ഭവാന്മാരെ-
ന്നാലോക്യ ചേതസി ഭാതി സദൈവ മേ.
വിശ്വൈകവീരന്മാരായ യുവാക്കളാ-
മശ്വിനിദേവകളോ മറ്റതെന്നിയേ
വിശ്വൈകകാരണഭൂതന്മാരായോരു
വിശ്വരൂപന്മാരാമീശ്വരന്മാര്‍ നിങ്ങള്‍
നൂനം പ്രധാനപുരുഷന്മാര്‍ മായയാ
മാനുഷാകാരേണ സഞ്ചരിക്കുന്നിതു
ലീലയാ ഭൂഭാരനാശനാര്‍ത്ഥം പരി-
പാലനത്തിന്നു ഭക്താനാം മഹീതലേ
വന്നു രാജന്യവേഷേണ പിറന്നൊരു
പുണ്യപുരുഷന്മാര്‍ പൂര്‍ണ്ണഗുണവാന്മാര്‍
കര്‍ത്തും ജഗല്‍സ്ഥിതിസംഹാരസര്‍ഗ്ഗങ്ങ-
ളുദ്യതൗ ലീലയാ നിത്യസ്വതന്ത്രന്മാര്‍.
മുക്തി നല്‍കും നരനാരായണന്മാരെ-
ന്നുള്‍ത്താരിലിന്നു തോന്നുന്നു നിരന്തരം."
ഇത്ഥം പറഞ്ഞു തൊഴുതുനിന്നീടുന്ന
ഭക്തനെക്കണ്ടു പറഞ്ഞു രഘൂത്തമന്‍ഃ
"പശ്യ സഖേ വടുരൂപിണം ലക്ഷ്‌മണ!
നിശ്ശേഷശബ്‌ദശാസ്‌ത്രമനേന ശ്രുതം.
ഇല്ലൊരപശബ്‌ദമെങ്ങുമേ വാക്കിങ്കല്‍
നല്ല വൈയാകരണന്‍ വടു നിര്‍ണ്ണയം."
മാനവവീരനുമപ്പോളരുള്‍ചെയ്‌തു
വാനരശ്രേഷ്ഠനെ നോക്കി ലഘുതരംഃ
"രാമനെന്നെന്നുടെ നാമം ദശരഥ-
ഭൂമിപാലേന്ദ്രതനയ,നിവന്‍ മമ
സോദരനാകിയ ലക്ഷ്‌മണന്‍, കേള്‍ക്ക നീ
ജാതമോദം പരമാര്‍ത്ഥം മഹാമതേ!
ജാനകിയാകിയ സീതയെന്നുണ്ടൊരു
മാനിനിയെന്നുടെ ഭാമിനി കൂടവെ.
താതനിയോഗേന കാനനസീമനി
യാതന്മാരായി തപസ്സുചെയ്‌തീടുവാന്‍.
ദണ്ഡകാരണ്യേ വസിക്കുന്നനാളതി-
ചണ്ഡനായോരു നിശാചരന്‍ വന്നുടന്‍
ജാനകീദേവിയെക്കട്ടുകൊണ്ടീടിനാന്‍,
കാനനേ ഞങ്ങള്‍ തിരഞ്ഞു നടക്കുന്നു.
കണ്ടീലവളെയൊരേടത്തുമിന്നിഹ
കണ്ടുകിട്ടീ നിന്നെ, നീയാരെടോ സഖേ!
ചൊല്ലീടുകെ"ന്നതു കേട്ടൊരു മാരുതി
ചൊല്ലിനാന്‍ കൂപ്പിത്തൊഴുതു കുതൂഹലാല്‍ഃ
"സുഗ്രീവനാകിയ വാനരേന്ദ്രന്‍ പര്‍വ-
താഗ്രേ വസിക്കുന്നിതത്ര രഘുപതേ!
മന്ത്രികളായ്‌ ഞങ്ങള്‍ നാലുപേരുണ്ടല്ലോ
സന്തതംകൂടെപ്പിരിയാതെ വാഴുന്നു.
അഗ്രജനാകിയ ബാലി കപീശ്വര-
നുഗ്രനാട്ടിക്കളഞ്ഞീടിനാന്‍ തമ്പിയെ.
സുഗ്രീവനുളള പരിഗ്രഹം തന്നെയു-
മഗ്രജന്‍തന്നെ പരിഗ്രഹിച്ചീടിനാന്‍.
ഋശ്യമൂകാചലം സങ്കേതമായ്‌വന്നു
വിശ്വാസമോടിരിക്കുന്നിതര്‍ക്കാത്മജന്‍
ഞാനവന്‍തന്നുടെ ഭൃത്യനായുളേളാരു-
വാനരന്‍ വായുതനയന്‍ മഹാമതേ!
നാമധേയം ഹനൂമാനഞ്ജനാത്മജ-
നാമയം തീര്‍ത്തു രക്ഷിച്ചുകൊളേളണമേ!
സുഗ്രീവനോടു സഖ്യം ഭവാനുണ്ടെങ്കില്‍
നിഗ്രഹിക്കാമിരുവര്‍ക്കുമരികളെ.
വേലചെയ്യാമതിനാവോളമാശു ഞാ,-
നാലംബനം മേറ്റ്നിക്കില്ല ദൈവമേ!
ഇത്ഥം തിരുമനസ്സെങ്കിലെഴുന്നളളു-
കുള്‍ത്താപമെല്ലാമകലും ദയാനിധേ!"
എന്നുണര്‍ത്തിച്ചു നിജാകൃതി കൈക്കൊണ്ടു
നിന്നു തിരുമുമ്പിലാമ്മാറു മാരുതി.
"പോക മമ സ്കന്ധമേറീടുവിന്‍ നിങ്ങ-
ളാകുലഭാവമകലെക്കളഞ്ഞാലും."
അപ്പോള്‍ ശബരിതന്‍ വാക്കുകളോര്‍ത്തുക-
ണ്ടുല്‍പലനേത്രനനുവാദവും ചെയ്‌തു.


സുഗ്രീവസഖ്യം

ശ്രീരാമലക്ഷ്‌മണന്മാരെക്കഴുത്തിലാ-
മ്മാറങ്ങെടുത്തു നടന്നിതു മാരുതി
സുഗ്രീവസന്നിധൗ കൊണ്ടുചെന്നീടിനാന്‍.
"വ്യഗ്രം കളക നീ ഭാസ്കരനന്ദന!
ഭാഗ്യമഹോ ഭാഗ്യമോര്‍ത്തോളമെത്രയും.
ഭാസ്കരവംശസമുത്ഭവന്മാരായ
രാമനും ലക്ഷ്‌മണനാകുമനുജനും
കാമദാനാര്‍ത്ഥമിവിടേക്കെഴുന്നളളി.
സുഗ്രീവനോടിവണ്ണം പറഞ്ഞദ്രീശ്വ-
രാഗ്രേ മഹാതരുച്ഛായാതലേ തദാ
വിശ്വൈകനായകന്മാരാം കുമാരന്മാര്‍
വിശ്രാന്തചേതസാ നിന്നരുളീടിനാര്‍.
വാതാത്മജന്‍ പരമാനന്ദമുള്‍ക്കൊണ്ടു
നീതിയോടര്‍ക്കാത്മജനോടു ചൊല്ലിനാന്‍ഃ
"ഭീതി കളക നീ മിത്രഗോത്രേ വന്നു
ജാതന്മാരായോരു യോഗേശ്വരന്മാരീ-
ശ്രീരാമലക്ഷ്‌മണന്മാരെഴുന്നളളിയ-
താരെയും പേടിക്കവേണ്ടാ ഭവാനിനി.
വേഗേന ചെന്നു വന്ദിച്ചു സഖ്യം ചെയ്തു
ഭാഗവതപ്രിയനായ്‌വസിച്ചീടുക."
പ്രീതനായോരു സുഗ്രീവനുമന്നേര-
മാദരപൂര്‍വ്വമുത്ഥായ സസംഭ്രമം
വിഷ്ടപനാഥനിരുന്നരുളീടുവാന്‍
വിഷ്ടരാര്‍ത്ഥം നല്ല പല്ലവജാലങ്ങള്‍
പൊട്ടിച്ചവനിയിലിട്ടാ,നതുനേര-
മിഷ്ടനാം മാരുതി ലക്ഷ്‌മണനുമൊടി-
ച്ചിട്ടതു കണ്ടു സൗമിത്രി സുഗ്രീവനും
പുഷ്‌ടമോദാലൊടിച്ചിട്ടരുളീടിനാന്‍;
തുഷ്‌ടി പൂണ്ടെല്ലാവരുമിരുന്നീടിനാര്‍
നഷ്‌ടമായ്‌വന്നിതു സന്താപസംഘവും.
മിത്രാത്മജനോടു ലക്ഷ്‌മണന്‍ ശ്രീരാമ-
വൃത്താന്തമെല്ലാമറിയിച്ചതുനേരം
ധീരനാമാദിത്യനന്ദനന്‍ മോദേന
ശ്രീരാമചന്ദ്രനോടാശു ചൊല്ലീടിനാന്‍ഃ
"നാരീമണിയായ ജാനകീദേവിയെ-
യാരാഞ്ഞറിഞ്ഞു തരുന്നുണ്ടു നിര്‍ണ്ണയം.
ശത്രുവിനാശനത്തിന്നടിയനൊരു
മിത്രമായ്‌വേലചെയ്യാം തവാജ്ഞാവശാല്‍.
ഏതുമിതു നിരൂപിച്ചു ഖേദിക്കരു-
താധികളൊക്കെയകറ്റുവന്‍ നിര്‍ണ്ണയം.
രാവണന്‍തന്നെസ്സകുലം വധംചെയ്‌തു
ദേവിയേയുംകൊണ്ടു പോരുന്നതുണ്ടു ഞാന്‍.
ഞാനൊരവസ്ഥ കണ്ടേനൊരുനാളതു
മാനവവീര! തെളിഞ്ഞു കേട്ടീടണം.
മന്ത്രികള്‍ നാലുപേരും ഞാനുമായച-
ലാന്തേ വസിക്കുന്നകാലമൊരുദിനം
പുഷ്കരനേത്രയായോരു തരുണിയെ-
പ്പുഷ്കരമാര്‍ഗ്ഗേണ കൊണ്ടുപോയാനൊരു
രക്ഷോവരനതുനേരമസ്സുന്ദരി
രക്ഷിപ്പതിന്നാരുമില്ലാഞ്ഞു ദീനയായ്‌
രാമരാമേതി മുറയിടുന്നോള്‍, തവ
ഭാമിനിതന്നെയവളെന്നതേവരൂ.
ഉത്തമയാമവള്‍ ഞങ്ങളെപ്പര്‍വ്വതേ-
ന്ദ്രോത്തമാംഗേ കണ്ടനേരം പരവശാല്‍
ഉത്തരീയത്തില്‍പൊതിഞ്ഞാഭരണങ്ങ-
ളദ്രീശ്വരോപരി നിക്ഷേപണംചെയ്താള്‍.
ഞാനതുകണ്ടിങ്ങെടുത്തു സൂക്ഷിച്ചുവെ-
ച്ചേനതു കാണേണമെങ്കിലോ കണ്ടാലും.


ജാനകീദേവിതന്നാഭരണങ്ങളോ
മാനവവീര! ഭവാനറിയാമല്ലോ!"
എന്നു പറഞ്ഞതെടുത്തുകൊണ്ടുവന്നു
മന്നവന്‍തന്‍ തിരുമുമ്പില്‍ വെച്ചീടിനാന്‍.
അര്‍ണ്ണോജനേത്രനെടുത്തു നോക്കുന്നേരം
കണ്ണുനീര്‍തന്നെ കുശലം വിചാരിച്ചു.
"എന്നെക്കണക്കേ പിരിഞ്ഞിതോ നിങ്ങളും
തന്വംഗിയാകിയ വൈദേഹിയോടയ്യോ!
സീതേ! ജനകാത്മജേ! മമ! വല്ലഭേ!
നാഥേ! നളിനദളായതലോചനേ!"
രോദനം ചെയ്തു വിഭൂഷണസഞ്ചയ-
മാധിപൂര്‍വ്വം തിരുമാറിലമുഴ്ത്തിയും
പ്രാകൃതന്മാരാം പുരുഷന്മാരെപ്പോലെ
ലോകൈകനാഥന്‍ കരഞ്ഞുതുടങ്ങിനാന്‍.
ശോകേന മോഹം കലര്‍ന്നു കിടക്കുന്ന
രാഘവനോടു പറഞ്ഞിതു ലക്ഷ്‌മണന്‍ഃ
"ദുഃഖിയായ്കേതുമേ രാവണന്‍തന്നെയും
മര്‍ക്കണശ്രേഷ്ഠസഹായേന വൈകാതെ
നിഗ്രഹിച്ചംബുജനേത്രയാം സീതയെ-
കൈക്കൊണ്ടുകൊളളാം പ്രസീദ പ്രഭോ! ഹരേ!"
സുഗ്രീവനും പറഞ്ഞാനതു കേട്ടുടന്‍ഃ
"വ്യഗ്രിയായ്കേതുമേ രാവണന്‍തന്നെയും
നിഗ്രഹിച്ചാശു നല്‍കീടുവന്‍ ദേവിയെ-
ക്കൈക്കൊള്‍ക ധൈര്യം ധരിത്രീപതേ! വിഭോ!"
ലക്ഷ്‌മണസുഗ്രീവവാക്കുകളിങ്ങനെ
തല്‍ക്ഷണം കേട്ടു ദശരഥപുത്രനും
ദുഃഖവുമൊട്ടു ചുരുക്കി മരുവിനാന്‍;
മര്‍ക്കടശ്രേഷ്ഠനാം മാരുതിയന്നേരം.
അഗ്നിയേയും ജ്വലിപ്പിച്ചു ശുഭമായ
ലഗ്നവും പാര്‍ത്തു ചെയ്യിപ്പിച്ചു സഖ്യവും
സുഗ്രീവരാഘവന്മാരഗ്നിസാക്ഷിയായ്‌.
സഖ്യവുംചെയ്തു പരസ്പരം കാര്യവും
സിദ്ധിക്കുമെന്നുറച്ചാത്മഖേദം കള-
ഞ്ഞുത്തുംഗമായ ശൈലാഗ്രേ മരുവിനാര്‍.
ബാലിയും താനും പിണക്കമുണ്ടായതിന്‍-
മൂലമെല്ലാമുണര്‍ത്തിച്ചരുളീടിനാന്‍.

വെബ്ദുനിയ വായിക്കുക