വിശ്വകര്‍മ്മ ജയന്തി - തൊഴില്‍ദിനം

തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2007 (11:46 IST)
ഭാരതത്തില്‍ തൊഴില്‍ ദിനമായി ആചരിക്കുന്നത് വാസ്തവത്തില്‍ വിശ്വം ചമച്ച പരമാചാര്യനും പരമശക്തിയുമായ വിശ്വകര്‍മ്മാവിന്‍റെ ജയന്തി ദിവസമായ ഋഷിപഞ്ചമി നാളിലാണ്.

വിശ്വകര്‍മ്മ സങ്കല്‍പ്പം കേവലം മതപരമായ ദേവതാ സങ്കല്‍പ്പമല്ല, ത്രിലോകത്തിലും കര്‍മ്മ ശക്തിയുടെ പ്രണയിതാവായ ഋഷിയാണ് വിശ്വകര്‍മ്മാവ്. ഒരു പ്രദേശത്തേക്കോ ഒരു കാലത്തേക്കോ മാത്രമല്ല, സൃഷ്ടി കാലം മുഴുവന്‍ ലോകോത്തരമായ രമ്യഹര്‍മ്മ്യങ്ങളും തൊഴില്‍ ഉപകരണങ്ങളും യന്ത്രസാമഗ്രികളും തൊഴില്‍ അധിഷ്ഠിത പ്രവര്‍ത്തനങ്ങളും എല്ലാം വിശ്വകര്‍മ്മാവിന്‍റെ സംഭാവനയാണ്.

വിശ്വകര്‍മ്മാവിന്‍റെ സ്മരണയ്ക്ക് പിന്നിലുള്ളത് ഭാരതീയ പൂര്‍വിക പാരമ്പര്യത്തിന്‍റെ കര്‍മ്മ മണ്ഡലത്തിന്‍റെ സിദ്ധാന്തവും പ്രയോഗവുമാണ്. അതുകൊണ്ട് ഭാരതീയരുടെ തൊഴില്‍ ദിനം വിശ്വകര്‍മ്മാവിന്‍റെ ജയന്തി ദിനം ആകേണ്ടതാണ്.

പല ക്ഷേത്രങ്ങളിലും യോഗിയായാണ് വിശ്വകര്‍മ്മാവിനെ പ്രതിഷ്ഠിച്ചിട്ടുള്ളത്. അഞ്ച് മുഖങ്ങളോടു കൂടി ശില്‍പ്പി, സ്വര്‍ണ്ണകാരന്‍, ലോഹകാരന്‍, ദാരുശില്‍പ്പി തുടങ്ങി അഞ്ച് ശിരസ്സുകളും അനേകം പണിയായുധങ്ങളും ഉള്ള ദശപൂജനായാണ് ചില ക്ഷേത്രങ്ങളില്‍ വിശ്വകര്‍മ്മാവിനെ പ്രതിഷ്ഠിച്ചു പൂജിക്കുന്നത്.

കേരളത്തില്‍ ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍, കല്‍പ്പണിക്കാരന്‍ എന്നിവരെയൊക്കെ വിശ്വകര്‍മ്മജന്‍‌മാരായാണ് കരുതുന്നത്. ഭാദ്രപാദ പഞ്ചമിയായ ഋഷിപഞ്ചമി നാളിലാണ് വിശ്വകര്‍മ്മ ജയന്തി ആഘോഷിക്കുക.

ഓരോ കൊല്ലവും ഈ ദിവസം മാറി മാറി വരുന്നതുകൊണ്ട് സൌകര്യത്തിനായി സെപ്തംബര്‍ പതിനേഴിനാണ് വിശ്വകര്‍മ്മ ജയന്തിയായി നിശ്ചയിച്ചിട്ടുള്ളത്. ഇക്കൊല്ലം തലേ ദിവസം - സെപ്തംബര്‍ 16 ന് - ആയിരുന്നു ഋഷി പഞ്ചമി.

വെബ്ദുനിയ വായിക്കുക