ചരിത്രത്തില്‍ നിന്ന് പൈതൃകത്തിലേക്ക്

2003 ഫെബ്രുവരി 20
തിരുവനന്തപുരത്തെ 20 കെട്ടിടങ്ങള്‍ ഇനി സംരക്ഷിത സ്മാരകങ്ങള്‍. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഭരണകാലത്തെ വാസ്തുശില്‍പ വൈദഗ്ദ്ധ്യത്തെ പ്രതിനിധാനം ചെയ്യുന്ന ഈ കെട്ടിടങ്ങളെല്ലാം നൂറ്റാണ്ടിലേറെ പഴക്കമുള്ളവയാണ്. ചില കെട്ടിടങ്ങള്‍ക്ക് 200 വര്‍ഷത്തിലധികം പഴക്കം വരും.

കൊറിന്തിയന്‍ വാസ്തു ശില്‍പകലയുടെ ഉത്തമോദാഹരണമായ വലിയ സ്തംഭങ്ങളുള്ള കുതിരമാളികയാണ് സംരക്ഷിതസ്മാരകമായി പ്രഖ്യാപിക്കപ്പെട്ട ഒരു മാളിക. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാരികള്‍ക്ക് താമസിക്കാനുള്ള വടക്കേനമ്പി മഠവും സംരക്ഷിതസ്മാരകപ്പട്ടികയിലുണ്ട്.

കോട്ടയ്ക്കകത്താണ് ഈ കെട്ടിടങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. രംഗവിലാസം, സുന്ദരവിലാസം, കൃഷ്ണവിലാസം, ആനന്ദവിലാസം കൊട്ടാരങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കും. കെ.എസ്.ആര്‍.ടി.സിയ്ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ് 150 വര്‍ഷം പഴക്കമുള്ള രംഗവിലാസം മാളിക. മേല്‍ക്കൂര മുഴുവന്‍ തടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

തിരുവിതാംകൂര്‍ രാജകുടുംബത്തലെ സ്ത്രീകള്‍ താമസിക്കാനുപയോഗിച്ചിരുന്നതാണ് സുന്ദരവിലാസം ബംഗ്ളാവ്.

കഴിഞ്ഞവര്‍ഷം സാംസ്കാരിക വിഭാഗമാണ് കെട്ടിടസംരക്ഷണസമിതി രൂപീകരിച്ചത്. ഇതിന്‍റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി. വിജ്ഞാപനം ഉടന്‍ ഉണ്ടാവും. അതിനു ശേഷം സംസ്ഥാന പുരാവസ്തു വകുപ്പ് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി തുടങ്ങും.

നഗരത്തില്‍ വ്യാപകമായി നടക്കുന്ന കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പഴമയുടെ ഈ അഭിമാനസ്തംഭങ്ങളെ നശിപ്പിക്കുന്നതില്‍ പലരും പ്രതിഷേധത്തിലാണ്. നഗരത്തില്‍ ഉയര്‍ന്നു വരുന്ന കെട്ടിടസമുച്ചയങ്ങള്‍ പ്രാചീനതയുടെ ഈ അക്ഷയഖനികള്‍ പണം കൊടുത്ത് വാങ്ങി ഇടിച്ചുനിരപ്പാക്കിയാണ് പുതിയവ പണിയുന്നത്.

2000ല്‍ സര്‍ക്കാര്‍ കോട്ടയ്ക്കകവും കരമനയിലെ അഗ്രഹാരങ്ങളും സംരക്ഷിതപ്രദേശങ്ങളായി പ്രഖ്യാപിച്ചിരുന്നു.

കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നതിനര്‍ത്ഥം അതിലെ അന്തേവാസികള്‍ ഒഴിഞ്ഞുപോകണമെന്നല്ല. പുരാവസ്തു ഡയറക്ടര്‍ പി. മന്‍മഥന്‍ നായര്‍ പറഞ്ഞു. വീട്ടുകരത്തില്‍ നിന്ന് അവയെ ഒഴിവാക്കും. പക്ഷെ കെട്ടിടത്തില്‍ എന്തെങ്കിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുമെങ്കില്‍ അതിന് സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. പുരാവസ്തുവകുപ്പ് എല്ലാവിധ സംരക്ഷണപ്രവര്‍ത്തനങ്ങളും നടത്തും. അദ്ദേഹം പറഞ്ഞു.

ഗോള്‍ഫ് ക്ളബ് പരിസരം നവീകരിക്കാനും കോവളത്ത് ഒരു ഹെറിറ്റേജ് ഗ്രാമം നിര്‍മ്മിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. സംരക്ഷിത പ്രദേശങ്ങളില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് അനുമതി വേണം. മ്യൂസിയത്തിനടുത്തുള്ള എം.എം. ചര്‍ച്ച് ആണ് സര്‍ക്കാരിന്‍റെ മറ്റൊരു പദ്ധതി.

സര്‍ക്കാര്‍ ഖജനാവായുപയോഗിച്ചിരുന്ന ചെല്ലംകാവ് ബംഗ്ളാവ്, കൊട്ടരം കണക്കുകള്‍ സൂക്ഷിച്ചിരുന്ന നിത്യച്ചെലവ് ബംഗ്ളാവ്, കലാകാരന്മാരുടെ വസ്ത്രങ്ങളും ചമയങ്ങളും സൂക്ഷിക്കുന്ന കൊപ്പുപുര, എട്ടുവീട്ടില്‍പ്പിള്ളമാരില്‍ പ്രധാനിയായിരുന്ന രാമനാട്ടുമഠത്തില്‍പ്പിള്ളയുടെ ഓര്‍മ്മയ്ക്കായുള്ള രാമനാമഠം, കൊട്ടാരത്തിലെ മൂത്ത റാണിയുടെ വസതിയായ തേവാരപ്പുര, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യതന്ത്രിയുടെ വസതിയായ പുᅲാഞ്ജലി സ്വാമിയാര്‍ മഠം എന്നിവയാണ് സര്‍ക്കാര്‍ സംരക്ഷിത സ്മാരകങ്ങളാക്കുന്ന മറ്റു കെട്ടിടങ്ങള്‍.

.

വെബ്ദുനിയ വായിക്കുക