ഇന്ന് മകരസംക്രാന്തി

ജനുവരി 14ന് മകരസംക്രാന്തി. ഹൈന്ദവ ദര്‍ശന പ്രകാരം ഇതൊരു പുണ്യദിനമാണ്.
ഭാരതത്തിലെങ്ങും മകരസംക്രമ നാള്‍ പല പേരുകളില്‍ ആഘോഷിക്കുകയും ചിലയിടങ്ങളില്‍ ഉത്സവമായി കൊണ്ടാടുകയും ചെയ്യുന്നു.

സൂര്യന്‍ ദക്ഷിണയാനം - തെക്കോട്ടുള്ള യാത്ര - പൂര്‍ത്തിയാക്കി ഉത്തരായനം - വടക്കോട്ടുള്ള യാത്ര തുടങ്ങുന്ന ദിവസമാണ് മകരസംക്രമ ദിനം. ഇതു നടക്കുന്നത് ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് സൂര്യന്‍ കടക്കുമ്പോഴാണ്.

സൂര്യന്‍റെ ഉത്തരായനകാലത്ത് ഭൂമധ്യരേഖയ്ക്ക് മുകളിലുള്ള ഭാരതമടക്കമുള്ള രാജ്യങ്ങളില്‍ ചൂട് കൂടിവരും, ഊര്‍ജ്ജം കൂടുതലുള്ളതുകൊണ്ടാണ് - ഇത് പുണ്യകാലമായി കരുതുന്നത്. ഭാരതത്തെ സംബന്ധിച്ചുള്ള ആപേക്ഷികമായ ദര്‍ശനമാണിത് .

തീര്‍ത്ഥസ്നാനം നടത്താന്‍ ഏറ്റവും ശുഭകരമായ നാളാണിതെന്നാണ് വിശ്വാസം. ശംഖാസുരനെ വധിച്ച മഹാവിഷ്ണു മകരസംക്രമ ദിവസം ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തു. അന്ന് തൊട്ടാണ് മകര സംക്രമദിനം സ്നാന പുണ്യദിനമായി തീര്‍ന്നത് എന്നാണൊരു വിശ്വാസം.

വസന്ത ഋതുവിനെ സ്വാഗതം ചെയ്യുന്ന കാലമാണിത്. ഈ ദിവസം മുതല്‍ പകലിന് നീളമേറുകയും രാത്രി ചെറുതാവുകയും ചെയ്യുന്നു.



മധുവിദ്യയുടെ സ്ഥാപകന്‍ പ്രവാഹണ മഹര്‍ഷിയാണ് ഭാരതത്തില്‍ മകരസംക്രാന്തി ആഘോഷിക്കാന്‍ തുടങ്ങിയത് എന്നാണ് ഛാന്ദോക്യ ഉപനിഷത്തിലെ പരാമര്‍ശം.

ഉത്തര ഭാരതത്തില്‍ പ്രചാരമുള്ള ഒരു കഥ ഗുരു ഗോരഖ്നാഥാണ് മകരസംക്രമ ആഘോഷം തുടങ്ങി വച്ചത് എന്നതാണ്. ഉത്തര്‍പ്രദേശിലുള്ള ഗോരഖ്പൂരിലെ ഗോരഖ് നാഥ് ക്ഷേത്രത്തില്‍ മകരസംക്രാന്തിക്ക് കിച്ചടി മേള നടക്കുന്നുണ്ട് - ഇന്നും.

ഉത്തരായന കാലം ശുഭകാലമാണ്. ഈ ആറുമാസത്തില്‍ മരിക്കുന്നവര്‍ ബ്രഹ്മത്തെ പ്രാപിക്കും എന്നാണൊരു വിശ്വാസം.

മഹാഭാരതത്തില്‍ മുറിവേറ്റ ഭീഷ്മര്‍ മരിയ്ക്കാന്‍ കൂട്ടാക്കാതെ ശരശയ്യയില്‍ കിടന്നു - ഉത്തരായന പുണ്യമാസക്കാല മൂഹൂര്‍ത്തത്തിനായി 56 ദിവസം അദ്ദേഹം കാത്തിരുന്നു. ഉത്തരായനത്തിലേ അദ്ദേഹം പ്രാണന്‍ വെടിഞ്ഞുള്ളൂ.

വെബ്ദുനിയ വായിക്കുക