'ഇതുവരെ വന്നതില്‍ ഏറ്റവും അപകടകാരി, ആശങ്കയുണ്ട്'; എംപോക്‌സില്‍ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

രേണുക വേണു

വ്യാഴം, 15 ഓഗസ്റ്റ് 2024 (11:44 IST)
Mpox

എംപോക്‌സ് രോഗത്തിനെതിരെ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന. നേരത്തെ മങ്കിപോക്‌സ് എന്നറിയപ്പെട്ടിരുന്ന രോഗം ജനിതകമാറ്റം സംഭവിച്ചാണ് കൂടുതല്‍ അപകടകാരിയായ എംപോക്‌സ് ആയത്. 116-ഓളം രാജ്യങ്ങളില്‍ രോഗം തീവ്രമായി വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. 
 
' എംപോക്‌സ് വ്യാപനത്തില്‍ ആശങ്കയുണ്ട്. ആഫ്രിക്കയ്ക്കുമപ്പുറം രോഗം തീവ്രമായി വ്യാപിക്കുന്നത് വളരെ ഭയപ്പെടുത്തുന്നതാണ്. രോഗവ്യാപനത്തെ പ്രതിരോധിക്കാനും മരണം തടയാനും അന്താരാഷ്ട്ര തലത്തിലുള്ള ഏകോപനവും പ്രവര്‍ത്തനങ്ങളും വേണം,' ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അഥനോ ഗബ്രിയേസുസ് പറഞ്ഞു. 

വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാകൂ
 
സെക്‌സ് പോലുള്ള ശാരീരിക ബന്ധപ്പെടലില്‍ നിന്നും വളരെ അടുത്ത സമ്പര്‍ക്കത്തില്‍ നിന്നും പകരുന്നതാണ് ഈ രോഗം. വളരെ അടുത്തുനിന്ന് സംസാരിക്കുക, ശ്വാസോച്ഛാസം നടത്തുക എന്നിവയിലൂടെയും രോഗം പടരാം. 100 കേസുകളില്‍ നാല് മരണം എന്നതാണ് ഈ രോഗത്തിന്റെ തീവ്രത. നേരത്തെ രോഗലക്ഷണമായി കാണിച്ചിരുന്നത് നെഞ്ചിലും കൈകാലുകളിലും പ്രത്യക്ഷപ്പെടുന്ന കുമിളകള്‍ ആയിരുന്നു. എന്നാല്‍ ഇപ്പോഴത്തേത് നേരിയ തോതില്‍ ജനനേന്ദ്രിയ ഭാഗത്തും കുമിളകള്‍ വരുന്ന രീതിയിലാണ്. അതുകൊണ്ട് തന്നെ രോഗം തിരിച്ചറിയാന്‍ വൈകുന്നുവെന്നും വിദഗ്ധര്‍ പറയുന്നു. 
 
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മങ്കിപോക്‌സ് വൈറസിനു ജനിതകമാറ്റം സംഭവിച്ചത്. പുതിയ വകഭേദത്തെ 'ഇതുവരെ വന്നതില്‍ ഏറ്റവും അപകടകാരി' എന്നാണ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ഈ വൈറസാണ് ഇപ്പോഴത്തെ എംപോക്‌സിനു കാരണം. മധ്യ, കിഴക്കന്‍ ആഫ്രിക്കയില്‍ ആണ് നിലവില്‍ രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. എച്ച് 1 എന്‍ 1 പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് എന്നിവയ്ക്കാണ് ഇതുവരെ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍