എന്താണ് കരിമ്പനി? ഇത് പകരുന്നതെങ്ങനെ?

വ്യാഴം, 7 ജൂണ്‍ 2018 (11:51 IST)
കൊല്ലത്ത് യുവാവിന് കരിമ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. കൊല്ലം കുളത്തൂപുഴയിലാണ് മണലീച്ചയിൽ നിന്നും പകരുന്ന പനി കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗി അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. 
 
മരുന്നുകൾ ലഭ്യമാണെന്നും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന അസുഖമല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. അതേസമയം രോഗം വരാതിരിക്കാൻ മുൻ‌കരുതലുകൾ വേണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷവും കൊല്ലത്ത് രണ്ട് പേർക്ക് കരിമ്പനി ബാധിച്ചിരുന്നു. 
 
ലിഷ്മീനിയ എന്ന പരാദം ഉണ്ടാക്കുന്ന രോഗമാണ് കരിമ്പനി അഥവാ കാലാ അസർ. ഒരു പ്രത്യേകതരം ചെള്ള് കടിക്കുന്നതിലൂടെയാണ് രോഗം പരക്കുന്നത്. കൈ- കാലുകൾ, കാൽപ്പാദം, മുഖം, വയർ എന്നിവിടങ്ങളിലെല്ലാം രോഗബാധയെത്തുടർന്ന് കറുത്ത നിറം പരക്കാറുണ്ട്. അതുകൊണ്ടാണ് ഇതിനെ കരിമ്പനി എന്ന് പറയുന്നത്.
 
ചേരിപ്രദേശങ്ങളിലും മറ്റും വൃത്തിഹീനമായ ചുറ്റുപാടുകളിൽ താമസിക്കുന്നവരിലുമാണ് ഈ രോഗം കൂടുതലായും കാണുന്നത്. മാലിന്യങ്ങൾ കാരണം, ഉണ്ടാകുന്ന ഒരു തരം ചെള്ളിൽ നിന്നുമാണ് ഈ അസുഖം പകരുന്നത്. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ നാലു മാസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങും.
 
പനി, കരളിനും പ്ലീഹയ്ക്കും വീക്കം, വിളർച്ച, ശരീരഭാരം കുറയുക എന്നിവയാണ് ഇതിന്റെ ലക്ഷണം. 
 
ചെള്ളുകളുടെ നിയന്ത്രണത്തിലൂടെയാണ് രോഗം പ്രതിരോധിക്കേണ്ടത്. ഇതിനായി കീടനാശിനികൾ സ്പ്രേ ചെയ്യാം. ശുചിത്വമാണ് പ്രധാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍