What is Alzheimer's: നിങ്ങള്‍ക്ക് മറവി കൂടുതലാണോ? അല്‍ഷിമേഴ്‌സ് ആണോയെന്ന് എങ്ങനെ തിരിച്ചറിയാം

ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (11:02 IST)
What is Alzheimer's: ഇന്ന് സെപ്റ്റംബര്‍ 21, ലോക അല്‍ഷിമേഴ്‌സ് ദിനമാണ്. 1906 ല്‍ അലോയ്‌സ് അല്‍ഷിമേഴ്‌സ് എന്ന ജര്‍മ്മന്‍ സൈക്യാട്രിസ്റ്റ് മാനസികരോഗ ലക്ഷണങ്ങളുമായി മരണപ്പെട്ട ഒരു സ്ത്രീയുടെ തലച്ചോറില്‍ ചില പ്രത്യേക വ്യത്യാസങ്ങള്‍ കണ്ടെത്തി. അവിടെ നിന്നാണ് അല്‍ഷിമേഴ്‌സ് രോഗത്തിന്റെ തുടക്കം. 
 
തലച്ചോറിന്റെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ പതിയെ നശിക്കുന്ന ഡിമന്‍ഷ്യ എന്ന രോഗങ്ങളില്‍ പെട്ട രോഗമാണ് അല്‍ഷിമേഴ്‌സ് രോഗം. പതിയെ പതിയെ കാര്യങ്ങള്‍ മറന്നുതുടങ്ങുന്നതാണ് ഇതിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന്. പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ശേഷി കുറഞ്ഞു തുടങ്ങുന്നതും അല്‍ഷിമേഴ്‌സിന്റെ ലക്ഷണമാണ്. എല്ലാ മറവിയും അല്‍ഷിമേഴ്‌സ് അല്ല. 
 
ദൈന്യംദിനം കാര്യങ്ങള്‍ മറക്കുക. ഉദാഹരണത്തിനു താക്കോല്‍ വച്ചത് എവിടെയാണെന്ന് അറിയാതെ തിരഞ്ഞു നടക്കേണ്ടി വരിക. സംഭാഷണത്തിനിടെ വാക്കുകള്‍ കിട്ടാതാവുക, സാധനങ്ങളുടെയും വ്യക്തികളുടെയും പേരുകള്‍ ഓര്‍മയില്‍ കിട്ടാതെയാവുക, ഈയിടെ നടന്ന പരിപാടികളും സംഭാഷണങ്ങളും മറന്നു പോകുക. തിയതികള്‍, അപ്പോയ്‌മെന്റുകള്‍ എന്നിവ മറന്നുപോകുക, പരിചിതമായ സ്ഥലങ്ങളില്‍ പോലും വഴി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 
 
ഒരേ കാര്യം തന്നെ പല വട്ടം പറയുക. ആവശ്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കാന്‍ കഴിയാതിരിക്കുക. സങ്കീര്‍ണമായ ജോലികള്‍ ചെയ്യാന്‍ ബുദ്ധിമുട്ട്. രോഗത്തിന്റെ തീവ്ര ഘട്ടങ്ങളില്‍ രോഗിക്ക് തനിയെ ഭക്ഷണം കഴിക്കാനുള്ള കഴിവ് പോലും നഷ്ടപ്പെട്ടെന്ന് വരാം. 
 
പ്രായം തന്നെയാണ് ഏറ്റവും പ്രധാനമായി അല്‍ഷിമേഴ്‌സ് രോഗസാധ്യത കൂട്ടുന്നത്. 65 വയസ്സ് കഴിഞ്ഞാല്‍ ഓരോ അഞ്ച് വര്‍ഷവും രോഗസാധ്യത ഇരട്ടിയായി കൊണ്ടിരിക്കും. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളിലാണ് രോഗസാധ്യത. മറ്റു പല രോഗങ്ങളെ പോലെ അല്‍ഷിമേഴ്‌സ് പാരമ്പര്യമായി വരാന്‍ സാധ്യതയുണ്ട്. 
 
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ രോഗനിര്‍ണയത്തിനായി തയ്യാറാകണം. അല്‍ഷിമേഴ്‌സ് രോഗലക്ഷണങ്ങളുമായി എത്തുന്ന രോഗിക്ക് ഓര്‍മ്മയുടെ പല ടെസ്റ്റുകളും തലയുടെ സ്‌കാനും അതൊടൊപ്പം മറവിക്ക് വേറെ കാരണങ്ങള്‍ ഉണ്ടോ എന്ന് നോക്കുന്നതിനായി രക്തപരിശോധനയും ചെയ്തു നോക്കിയാണ് രോഗം നിര്‍ണയിക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍