ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അതിനാല്‍ ജാഗ്രത പാലിക്കണം. ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ജില്ലാ കളക്ടര്‍മാരെ സ്ഥിതി അറിയിക്കുകയും ഹോട്ട് സ്‌പോട്ടുകള്‍ കൈമാറുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും വേണം. ജില്ലകളിലെ ഹോട്ട് സ്‌പോട്ട് മാപ്പുകള്‍ പ്രസിദ്ധീകരിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ ജില്ലകളുടേയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. ഫീല്‍ഡ്തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കൊതുകുകളുടെ ഉറവിട നശീകരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കണം. ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റും ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊതുകുകളുടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തണം. എല്ലാ വീടുകളും ആശുപത്രികളും സ്ഥാപനങ്ങളും കൊതുക് വളരാതിരിക്കാന്‍ ശ്രദ്ധിക്കണം. വീടിന്റെ അകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാതെ നോക്കണം. പരിസരം വൃത്തിയായി സൂക്ഷിക്കണം.