ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യ വകുപ്പ്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 24 നവം‌ബര്‍ 2023 (08:43 IST)
ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആര്‍.ആര്‍.ടി., ഐ.ഡി.എസ്.പി. യോഗങ്ങള്‍ ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി. പനി മരണങ്ങള്‍ സംബന്ധിച്ച് കൃത്യമായ വിവരം ശേഖരിക്കണം.
 
എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. തൊലിപ്പുറത്തെ മുറിവിലൂടെയല്ലാതെയും എലിപ്പനി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ മഴവെള്ളത്തിലൂടെ നടക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. മഴവെള്ളത്തില്‍ കൂടി നടക്കേണ്ടി വരുന്നവര്‍ കാലും മുഖവും സോപ്പുപയോഗിച്ച് വൃത്തിയായി കഴുകേണ്ടതാണ്. കണ്ണില്‍ ചുവപ്പ് കാല്‍വണ്ണയില്‍ വേദന എന്നിവ കണ്ടാല്‍ ഉടനടി ചികിത്സ തേടണം.
 
നേരിയ പനിയോടൊപ്പം വയറുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നീ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡെങ്കിപ്പനി സാധ്യതയുണ്ടെന്നും ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. പനിയുള്ള കുട്ടികളെ സ്‌കൂളില്‍ അയക്കരുത്. കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍