സസ്യ എണ്ണയും തേങ്ങയെണ്ണയും ഒക്കെ മിതമായ രീതിയിൽ ഉപയോഗിച്ചാൽ ശരീരത്തിന് ദോഷകരമായിരിക്കില്ല. മൃഗങ്ങളിൽ നിന്നെടുക്കുന്ന ഉത്പന്നങ്ങളിൽ മാത്രമേ കൊളസ്‌ട്രോൾ ഉള്ളൂ. കൊഴുപ്പ് ഖരാവസ്ഥയിലും, എണ്ണ ദ്രാവകാവസ്ഥയിലും കാണപ്പെടുന്നു. ഫാറ്റി ആസിഡ് ഘടനയുടെ വ്യത്യാസമനുസരിച്ചാണ് പൂരിത കൊഴുപ്പ്, അപൂരിത കൊഴുപ്പ് എന്നിങ്ങനെയുളള വേര്‍തിരിവുകൾ.
കൊളസ്‌ട്രോള്‍ കൂട്ടുന്നതാണ് പൂരിതകൊഴുപ്പ് വെളിച്ചെണ്ണയിലുളളതു പൂരിതകൊഴുപ്പാണ്, സാച്ചുറേറ്റഡ് ഫാറ്റ്. അതായത് 90 ശതമാനത്തിലധികവും പൂരിതകൊഴുപ്പു തന്നെയാണുള്ളത്. അതുകൊണ്ടുതന്നെ വെളിച്ചെണ്ണ അധികമായി ഉപയോഗിച്ചാല്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവു കൂടാനുളള സാധ്യതയുമുണ്ട്.
വെളിച്ചെണ്ണയും തേങ്ങയും മലയാളികൾ ഒരുപോലെ പാചകത്തിന് ഉപയോഗിക്കുന്നുണ്ട്. തേങ്ങയിലും പൂരിതകൊഴുപ്പിന്റെ അളവു കൂടുതലാണ്. ഇതു രണ്ടുംകൂടി ആഹാരത്തിലൂടെ ശരീരത്തിലെത്തുമ്പോള്‍ അവയിലെ പൂരിതകൊഴുപ്പ് ക്രമാതീതമായി ശരീരത്തിലെത്തുകയും അതിലൂടെ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവു കൂടാനുളള സാധ്യതയേറുന്നു. അതുകൊണ്ടാണ് പാചകം ചെയ്യുമ്പോൾ വെളിച്ചെണ്ണയുടെ അളവ് കുറയ്‌ക്കണമെന്ന് പറയുന്നത്. ദിവസം രണ്ടു തേങ്ങയും അളവില്ലാതെ വെളിച്ചെണ്ണയും ഉപയോഗിക്കുകയും ശാരീരികഅധ്വാനം കുറവുമായിരുന്നാല്‍ ശരീരത്തില്‍ കൊളസ്‌ട്രോള്‍ ക്രമാതീതമായി വർദ്ധിക്കും!