ഉഷ്ണമേഖലാ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഒരു പകര്‍ച്ചവ്യാധിയാണ് മന്ത്. മന്ത് പരത്തുന്നത് കൊതുകുകളാണ്. അവ ഒരു പരാന്നജീവിയായ കൃമിയെ ശരീരത്തിലേക്ക് കടത്തിവിടുന്നു. ഇതാണ് പിന്നീട് മന്തായി മാറുന്നത്.
മന്ത് പ്രധാനമായും കൈകാലുകളേയും ബാഹ്യ ജനനേന്ദ്രിയങ്ങളേയുമാണ് ബാധിക്കുന്നത്. ലിംഫാറ്റിക് ഫൈലേറിയ എന്ന തടിച്ചു വീങ്ങുന്ന മന്ത് രോഗം എലിഫന്‍റിയാസിസ് എന്നാണ് അറിയപ്പെടുന്നത്.
83 രാജ്യങ്ങളിലായി 12 കോടി ആളുകള്‍ക്ക് ഈ രോഗമുണ്ട്. ഇതില്‍ നാലു കോടി ആളുകള്‍ക്ക് മന്ത് രോഗം കൊണ്ടുള്ള ആകാര വൈകല്യങ്ങളും കണ്ടുവരുന്നു. മന്ത് രോഗികളുടെ മൂന്നിലൊന്ന് ഭാഗവും ഇന്ത്യയില്‍ ആണെന്നാണ് സൂചന. ബാക്കിയുള്ളവര്‍ ആഫ്രിക്കയിലും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ആണുള്ളത്.
നഗരങ്ങളുടെ അനിയന്ത്രിതമായ മലിനീകരണമാണ് മന്ത് രോഗത്തിനുള്ള ഒരു പ്രധാന കാരണം. കൊതുകുകള്‍ക്ക് പെറ്റുപെരുകാന്‍ ഇത് അവസരം നല്‍കുന്നു. കൈകാലുകള്‍ ചൊറിഞ്ഞു തടിച്ച് വീര്‍ക്കുക, പുരുഷന്‍മാരില്‍ വൃഷണങ്ങളും സ്ത്രീകളില്‍ ജനനേന്ദ്രിയത്തിന്‍റെ പുറം ഭാഗവും വീങ്ങിവീര്‍ക്കുന്നു. ചിലപ്പോള്‍ മുലകളിലും രോഗബാധ ഉണ്ടാവാം.
രോഗം കൂടുതലും പുരുഷന്‍മാര്‍ക്കാണ് വരുന്നത്. ചിലപ്പോള്‍ രോഗത്തിന്‍റെ പുറമേ കാണുന്ന അസുഖകരമായ ചൊറിഞ്ഞു വീര്‍ക്കലും തടിപ്പും കൂടാതെ ശരീരത്തിനകത്തെ കഴലകള്‍ക്കും വൃക്കകള്‍ക്കും ഉണ്ടാവുന്ന ദോഷവും ഗുരുതരമാണ്.
വുച്ചെറിയ ബാന്‍ക്രോഫ്റ്റി, ബുര്‍ജിയ മലയ് എന്നീ നാരുപോലുള്ള കൃമികളാണ് മന്ത് രോഗം ഉണ്ടാക്കുന്നത്. ഇവ ശരീരത്തില്‍ കയറിക്കഴിഞ്ഞാല്‍ ലിംഫാറ്റിക് (കഴല) സിസ്റ്റത്തില്‍ താമസിക്കുകയും നാലഞ്ച് കൊല്ലത്തിനുള്ളില്‍ മൈക്രോ ഫൈലേറിയ എന്ന സൂക്ഷ്മമായ ലാര്‍വകള്‍ രക്തത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.
ലക്‍ഷണങ്ങള്‍
രോഗം ചിലപ്പോള്‍ ചെറുപ്പത്തിലേ പിടികൂടാമെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അത് രോഗമായി പുറത്തുവരിക. പല ആളുകള്‍ക്കും പുറമേ ഒരു ലക്ഷണവും കണ്ടില്ലെങ്കിലും മൈക്രോഫൈലേറിയ രക്തത്തില്‍ ഉണ്ടായിരിക്കും.
പുരുഷന്‍മാരില്‍ ആദ്യമായി ഇത് വൃഷണ സഞ്ചികളിലാണ് ബാധിക്കുക. ചിലപ്പോള്‍ ലിംഗത്തിനും വൃഷണങ്ങള്‍ക്കും മന്ത് ബാധ ഉണ്ടായെന്നു വരാം.
കാലുകളിലാണ് മന്ത് ബാധ കൂടുതല്‍ കണ്ടുവരുന്നത്. കാലുകളുടെ വണ്ണം വാസ്തവത്തില്‍ ഉള്ളതിന്‍റെ രണ്ടോ മൂന്നോ ഇരട്ടിയിലേറെ വരികയും ചെറിയ കുരുക്കള്‍ പോലെ പൊട്ടുകയും ചെയ്യാം.
ചികിത്സ
മന്ത് ബാധിച്ചവരുടെ ശരീരത്തിലെ മൈക്രോഫൈലേറിയ എന്ന സൂക്ഷ്മ ലാര്‍വകളെ നശിപ്പിക്കുകയാണ് മന്ത് രോഗ ചികിത്സയുടെ ആദ്യ ഘട്ടം. ഇതുമൂലം മന്ത് രോഗ ലാര്‍വകള്‍ ഉള്ള രക്തത്തില്‍ നിന്ന് കൊതുകുകള്‍ വഴി മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാനാവും.
ഡി.ഇ.സി എന്ന ഗുളികയുടെ ഒറ്റ ഡോസുകൊണ്ട് ലാര്‍വകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാവും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അഞ്ച് കൊല്ലം ഈ ഗുളിക വര്‍ഷത്തില്‍ ഒരു ഡോസ് വീതം തുടര്‍ച്ചയായി കഴിക്കുന്നത് രോഗാവസ്ഥ പൂര്‍ണ്ണമായി മാറ്റാന്‍ സഹായകമാവും.
രോഗം ഉണ്ടായിക്കഴിഞ്ഞാല്‍ ചികിത്സിച്ചു മാറ്റാന്‍ സാധ്യമല്ല എന്നാണ് ഇപ്പോഴത്തെ അവസ്ഥ. രോഗം തുടക്കത്തിലേ കണ്ടുപിടിക്കാനായാല്‍ കൈകാലുകള്‍ വീങ്ങി വൃത്തികേടാവുന്നത് തടയാന്‍ സാധിക്കും എന്ന് മാത്രം.