പക്ഷിപ്പനി എന്ന് കേട്ട്‌കേള്‍വി മാത്രമേ മലയാളികള്‍ക്കുള്ളൂ. വിദേശങ്ങളില്‍ പക്ഷിപ്പനി പടര്‍ന്ന് പിടിച്ചപ്പോഴും നമുക്ക് ഒരു മൈന്‍ഡ് ഇല്ലായിരുന്നു. കേരളത്തില്‍ പക്ഷിപ്പനി എത്തില്ല എന്ന വിശ്വാസം മൂലമായിരുന്നു അത്. എന്നാല്‍ , ഇപ്പോള്‍ സ്ഥിതി മാറി. പശ്ചിമബംഗാളില്‍ പടര്‍ന്ന പക്ഷിപ്പനി തമിഴ് നാട്ടിലെ നാമക്കലിലേക്കും ബാധിച്ചു എന്ന റിപ്പോര്‍ട്ടുകളാണ് മലയാളികളെ ഭയപ്പെടുത്തുന്നത്.
എന്നാല്‍, നാമക്കലില്‍ പക്ഷിപ്പനി പടര്‍ന്നിട്ടില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏതായാലും നാമക്കലില്‍ നിന്നാണ് കേരളത്തിലേക്ക് ഇറച്ചിക്കോഴികളും കോഴിമുട്ടയും എത്തുന്നത് എന്നതിനാല്‍ മലയാളികള്‍ ഭീതിയിലാണ്. അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ ശക്തമായ പരിശോധന നടത്തുന്നുണ്ട്. എന്തൊക്കെ ആയാലും ഇറച്ചി ക്കോഴികളുടെയും കോഴിമുട്ടയുടെയും വില ഇടിഞ്ഞിട്ടുണ്ട്. ഇതില്‍ നിന്ന് തന്നെ പക്ഷിപ്പനി ഭീതിയില്‍ മലയാളികള്‍ക്ക് എത്രത്തോളം ഭയം ഉണ്ടെന്നത് വ്യക്തമാണ്.
മനുഷ്യരെ പോലെ തന്നെ പക്ഷിക്കള്‍ക്കും പനി പിടിപെടും. ഈ വൈറസുകള്‍ പക്ഷികളെ ആണ് ബാധിക്കുന്നതെന്ന് മാത്രം. കോഴികള്‍, താറാവ്, മറ്റ് പക്ഷികള്‍ എന്നിവയ്ക്ക് ഈ രോഗം ബാധിക്കാം. പക്ഷിപ്പനി വൈറസുകളില്‍ ഭൂരിഭാഗവും പക്ഷികളെ മാത്രമേ ബാധിക്കുകയുള്ളൂ. എന്നാല്‍, ചില ഘട്ടങ്ങളില്‍ പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാം.
ആദ്യമായി പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുന്ന സംഭവം ഉണ്ടാകുന്നത് 1997 ല്‍ ഹോങ്കോങ്ങിലാണ്. എച് 5 എന്‍ 1 വൈറസുകളാണ് പക്ഷിപ്പനിക്ക് കാരണമാകുന്നത്.
മനുഷ്യരിലേക്ക് അപുര്‍വമായേ പക്ഷിപ്പനി പകരാറുള്ളൂ. എന്നാല്‍, പക്ഷികളില്‍ പനിക്ക് കാരണമാകുന്ന വൈറസുകള്‍ രൂപാന്തരം പ്രാപിക്കുമ്പോള്‍ മനുഷ്യരിലേക്ക് പകരാന്‍ സാധ്യത ഏറെയാണ്. ഇത് മാരകമായേക്കാം.
പനി ബാധിച്ച പക്ഷികളുമായി ഇടപഴകുമ്പോഴാണ് മനുഷ്യരിലേക്കും ഇത് ബാധിക്കാന്‍ ഇടവരുന്നത്. പക്ഷിപ്പനി പിടിപെട്ട പക്ഷികളെ ആഹാരമാകിയാലും രോഗം വരാവുന്നതാണ്. മരണത്തിന് വരെ കാരണമായേക്കാവുന്ന ഈ രോഗത്തിന് ഫലപ്രദമായ വാക്സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.
സാധാരണ പക്ഷിപ്പനി ബാധിച്ചാല്‍ ചുമ, തൊണ്ട വേദന, പനി, ശ്വാസോച്ഛ്വാസം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് വയറിളക്കം, തലവേദന, മൂക്കൊലിപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍.
ആന്‍റി വൈറല്‍ മരുന്നുകളാണ് പക്ഷിപ്പനി ബാധയ്ക്ക് നല്‍കുന്നത്. കടുത്ത രോഗ ലക്ഷണം ഉള്ളവരെ മറ്റുള്ളവരില്‍ നിന്ന് മാറ്റി പാര്‍പ്പിക്കുകയും കൃത്രിമ ശ്വാസ്വോച്ഛ്വാസം നല്‍കുകയും ചെയ്യും.