ഓര്‍മ്മ മങ്ങുമ്പോള്‍...

FILEFILE
ലോകത്തില്‍ വൃദ്ധരുടെ എണ്ണം ക്രമാതീതമായി കൂടി വരികയാണ്. ജനസംഖ്യാ ജരണം അഥവാ പോപ്പുലേഷന്‍ ഏജിംഗ് എന്നറിയപ്പെടുന്ന ഈ സാമൂഹിക പ്രതിഭാസം മൂലം ഒട്ടേറെ രോഗാവസ്ഥകള്‍ സമൂഹത്തില്‍ കൂടി വരുന്നുണ്ട്. അതിലൊന്നാണ് മറവി രോഗം എന്നറിയപ്പെടുന്ന അല്‍ ഷെമേഴ്‌സ് രോഗം.

വൃദ്ധജനസംഖ്യ കൂടി വരുന്ന കേരളത്തിലും അല്‍ഷെമേഴ്‌സ് രോഗികളുടെ എണ്ണം ഏറിവരുന്നു എന്നാണ് സൂചന. ഇത് വെറുമൊരു രോഗം എന്നതില്‍ ഉപരി വലിയൊരു സാമൂഹിക പ്രശ്നമായി മാറുകയാണ്. രോഗിക്കും കുടുംബത്തിനും ശുശ്രൂഷിക്കാന്‍ നില്‍ക്കുന്നവര്‍ക്കും എല്ലാം ഒരേപോലെ ദു:ഖം നല്‍കുന്നതാണ് അല്‍ഷെമേഴ്സ് രോഗം.

ഈ രോഗം പിടിപെട്ടാല്‍ അതില്‍ നിന്ന് പൂര്‍ണ്ണ മോചനമില്ല എന്നതാണവസ്ഥ. മാത്രമല്ല, രോഗി ക്രമേണ മരണത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. പലപ്പോഴും ഓര്‍മ്മക്കുറവും താന്‍ ആരാണെന്ന തിരിച്ചറിവും ഇല്ലാത്തതു മൂലം പല അപകടങ്ങളിലും രോഗി ചെന്നുചാടുന്നു.

നല്ല ആരോഗ്യമുള്ള ആളുകളില്‍ ഈ രോഗം വരുമ്പോള്‍ അവര്‍ സ്വപ്നാടനത്തില്‍ എന്നപോലെ സഞ്ചരിക്കുകയും പലപ്പോഴും നദികളിലും വെള്ളക്കെട്ടുകളും വീണു മരിക്കുകയും ഒക്കെ ചെയ്യാറുണ്ട്.

വാര്‍ദ്ധക്യത്തിന്‍റെ ഭാഗമായി ഉണ്ടാവുന്ന സെനൈലിറ്റി എന്നു വിളിക്കുന്ന അവസ്ഥയല്ല മേധാക്ഷയം (ഡിമെന്‍ഷ്യ) സംഭവിക്കുന്ന അല്‍‌ഷെമേഴ്സ് രോഗം.

1906 ല്‍ ജര്‍മ്മന്‍ ഡോക്ടറായ അലോയിസ് അല്‍‌ഷെമറാണ് ഈ രോഗാവസ്ഥ ആദ്യം തിരിച്ചറിഞ്ഞത്. അഗസ്തെ എന്ന വനിതയെ ചികിത്സിച്ചപ്പോഴാണ് അദ്ദേഹത്തിന് ഈ കണ്ടെത്തല്‍ നടത്താനായത്. അതുകൊണ്ടാണ് ഈ രോഗത്തെ അദ്ദേഹത്തിന്‍റെ പേരില്‍ അറിയപ്പെടുന്നത്.

മേധാക്ഷയം ഉണ്ടാവുന്ന രോഗികളില്‍ മിക്ക പേര്‍ക്കും അല്‍‌ഷെമേഴ്സ് രോഗം ഉണ്ടായിരിക്കും. രോഗമുള്ളവരുടെ തലച്ചോറിലെ നാഡീകോശങ്ങളില്‍ ബി അമലോയിഡ് എന്ന മാംസ്യം കൊണ്ടുണ്ടാവുന്ന ഒരുതരം പ്ലാക്ക് പറ്റിപ്പിടിച്ചിരിക്കുന്നു. ക്രമേണ തലച്ചോര്‍ ചുരുങ്ങിപ്പോവുകയും ചെയ്യുന്നു.


SasiSASI
അല്‍‌ഷെമേഴ്സിന്‍റെ പ്രകടമായ പ്രധാന ലക്ഷണം മറവിയാണ്. അതുകൊണ്ട് പലപ്പോഴും ഈ രോഗം കണ്ടുപിടിക്കാന്‍ പ്രയാസമാണ്. വൈകി മാത്രമാണ് ഇയാള്‍ക്ക് സ്ഥലകാല ബോധമില്ലെന്നും പുതിയ പലതും ഓര്‍മ്മയില്‍ നില്‍ക്കുന്നില്ലെന്നും ഒക്കെ തിരിച്ചറിയാനാവുക. അപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ചു തുടങ്ങിയിരിക്കും.

വിഷാദമാണ് അല്‍‌ഷിമേഴ്സിന്‍റെ തുടക്കമായി കാണാവുന്ന ഒരു പ്രധാന ലക്ഷണം. തന്‍റെ കുട്ടിക്കാലത്തെ വീട്ടിലേക്ക് തിരിച്ചുപോകണം എന്ന തോന്നലുണ്ടാവുക, വീടു വിട്ടുപോകാന്‍ തോന്നുക തുടങ്ങിയവയെല്ലാം കണ്ടാല്‍ ഒരാള്‍ക്ക് അല്‍‌ഷെമേഴ്സ് ഉണ്ടോ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്.

സ്വാഭാവികമായും പ്രായം കൂടുതല്‍ ഉള്ളവര്‍ക്കാണ് ഈ രോഗം കണ്ടുവരുന്നത്. 60 കഴിയുമ്പോള്‍ തന്നെ ഇതിന്‍റെ തുടക്കം കാണാം. 65 വയസ്സ് കഴിഞ്ഞവരില്‍ 6 ശതമാനത്തിനും 85 വയസ്സ് കഴിഞ്ഞവരില്‍ 20 ശതമാനത്തിനും അല്‍‌ഷെമേഴ്സ് ഉണ്ടെന്നാണ് കണക്ക്. എങ്കിലും ഏതു പ്രായക്കാര്‍ക്കും ഈ രോഗം വരാം.

നാല്‍പ്പത് വയസ്സ് കഴിഞ്ഞവര്‍ ശ്രദ്ധിക്കണം. 50 വയസ്സ് കഴിഞ്ഞാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഏറ്റവും പുതിയ കാര്യങ്ങള്‍ മറക്കുമ്പോഴാണ് സ്മൃതിനാശം അല്ലെങ്കില്‍ ഓര്‍മ്മക്കുറവ് ഉണ്ടോ എന്ന് സംശയിക്കേണ്ടത്. തൊട്ടുമുമ്പ് നടന്ന കാര്യങ്ങളോ ഒരു ദിവസം രാവിലെയുണ്ടായ സംഭവങ്ങളോ തലേ ദിവസം ചെയ്ത കാര്യങ്ങളോ ഓര്‍മ്മിക്കാന്‍ ആവുന്നില്ലെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്.

സ്‌കാനിംഗ് നടത്തിയാല്‍ അല്‍‌ഷെമേഴ്സ് രോഗം ഉണ്ടോ എന്ന് തിരിച്ചറിയാവുന്നതാണ്. രോഗം ഉണ്ടെന്ന് സ്ഥിരീകരിച്ചാല്‍ പിന്നെ രോഗിയെ പരിചരിക്കുന്നതിലാണ് ശ്രദ്ധ വേണ്ടത്. വീട്ടിലെ എല്ലാ അംഗങ്ങളും രോഗിയോട് അനുഭാവ പൂര്‍വ്വം പെരുമാറണം. കാരണം, രോഗം പൂര്‍ണ്ണമായി മാറ്റാനാവില്ല. തുടക്കത്തില്‍ തന്നെ ചികിത്സ നല്‍കിയാല്‍ രോഗാവസ്ഥ മൂര്‍ച്ഛിക്കാതെ സൂക്ഷിക്കാം എന്നേയുള്ളു.