പനി തുടങ്ങുമ്പോഴേക്കും ആശുപത്രിയിലേക്ക് ഓടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പനിക്ക് ചികിത്സ തേടാന്‍ കൃത്യമായ സമയമുണ്ട്. പനി രണ്ട് ദിവസത്തില്‍ അധികം നീണ്ടുനില്‍ക്കുമ്പോഴാണ് വൈദ്യസഹായം തേടേണ്ടത്. ശരീരതാപനില 98.7 നും 100 നും ഇടയില്‍ ആണെങ്കില്‍ അത് സാധാരണ താപനിലയാണ്. ചെറിയ പനി എന്നതാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. താപനില 100.4 കടന്നാല്‍ ആണ് അത് ശക്തമായ പനി ആകുന്നത്. ഈ താപനില മണിക്കൂറുകളോളം തുടരുകയാണെങ്കില്‍ നിര്‍ബന്ധമായും വൈദ്യസഹായം തേടണം. വീട്ടില്‍ എപ്പോഴും ഒരു തെര്‍മോമീറ്റര്‍ ഉണ്ടായിരിക്കണം.
കുട്ടികള്‍ക്ക് ചെറിയ പനി വരുമ്പോഴേക്കും ആകെ പേടിക്കുന്നവരാണ് വലിയ ശതമാനം മാതാപിതാക്കളും. പനി കുട്ടിയുടെ തലച്ചോറിനെ ബാധിക്കുമോ എന്ന് തുടങ്ങിയ വലിയ ആശങ്കയാണ് പലര്‍ക്കും. എന്നാല്‍ പനി ഒരു രോഗമല്ലെന്നും രോഗലക്ഷണമാണെന്നും നാം മനസ്സിലാക്കണം. ഇടയ്ക്കിടെ പനി വരുന്നത് അത്ര മോശം കാര്യമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.