ന്യൂമോണിയ പൊതുവെ ശരീരപ്രതിരോധശേഷി കുറഞ്ഞവരെയാണ് ന്യൂമോണിയ പിടികൂടുക. വാര്‍ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങളില്‍ ഏറ്റവും സാധാരണമായ രോഗങ്ങളിലൊന്ന് ന്യൂമോണിയയാകാന് കാരണം ഇതാണ്.
ന്യൂമോണിയ എന്നാല്‍?
അണുബാധമൂലം ശ്വാസകോശത്തിനുണ്ടാകുന്ന നീര്‍ക്കെട്ടിനെയാണ് ന്യൂമോണിയ എന്നു പറയുന്നത്. വിവിധയിനം ബാക്ടീരിയകള്‍, വൈറസുകള്‍, ഫംഗസുകള്‍ തുടങ്ങിയവയാണ് ഈ രോഗത്തിനു കാരണം. പൂര്‍ണ ആരോഗ്യമുള്ളവരെ ബാധിക്കുമെങ്കിലും താരതമ്യേന പ്രതിരോധശക്തി കുറഞ്ഞവരിലാണ് ന്യൂമോണിയ കൂടുതല്‍ കണ്ടുവരുന്നത്.
ന്യൂമോണിയ വാര്‍ധക്യസഹജ രോഗമോ?
വാര്‍ധക്യസഹജമായ രോഗങ്ങളില്‍ ഏറ്റവും സാധാരണവും പലപ്പോഴും മാരകവുമായ രോഗമാണ് ന്യൂമോണിയ. മുന്‍കാലങ്ങളില്‍ 80 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക് ന്യൂമോണിയ ബാധിച്ചാല്‍ അത് മരണത്തിലേ കലാശിക്ക ൂ. എന്നാല്‍ ഇന്ന് ശക്തിയേറിയ ആന്റിബയോട്ടിക്കുകളുടെ വരവോടെ സ്ഥിതി മാറി.
ശ്വാസകോശത്തിന്റെ ഉള്‍ഭാഗത്ത് സിലിയ എന്ന ഒരിനം നേരിയ തന്തുക്കളുണ്ട്. അവ ശ്വാസകോശത്തിന്റെ ഉള്ളിലേക്ക് കടക്കുന്ന രോഗാണുക്കളെ പുറംതള്ളുന്നു. പ്രായമേറുന്നതോടെ ഇവയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും ശ്വാസകോശത്തിന്റെ സ്വതഃസിദ്ധമായ പ്രതിരോധശക്തി ക്ഷയിക്കുകയും ചെയ്യുന്നു. പുകവലി ഈ സിലിയകള്‍ക്ക് സാരമായ കേടുവരുത്തുന്നു. സാധാരണഗതിയില്‍ ശ്വാസനാളത്തിലേക്ക് കടക്കുന്ന പദാര്‍ഥങ്ങളെ ഫലപ്രദമായി ചുമച്ചു പുറംതള്ളാന്‍ ശ്വാസകോശത്തിനു കഴിവുണ്ട്. എന്നാല്‍ അബോധാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്കും വാര്‍ധക്യസഹജമായ രോഗങ്ങളുള്ളവര്‍ക്കും മറ്റും ഇത്തരത്തില്‍ ചുമയ്ക്കാനുള്ള കഴിവ് കുറയുന്നതിനാല്‍ ന്യൂമോണിയ പിടികൂടുന്നു.
വാര്‍ധക്യത്തില്‍ സാധാരണമായ ക്രോണിക് ബ്രോങ്കൈറ്റിസ്, പ്രമേഹം, പോഷകാഹാരക്കുറവ്, അര്‍ബുദം,ഹൃദ്രോഗം മുതലായ രോഗങ്ങളും ന്യൂമോണിയയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇങ്ങനെയുള്ളവരില്‍ പലപ്പോഴും ന്യൂമോണിയ ഗുരുതരവും മാരകവുമാകുന്നു.
രോഗം വരുന്ന വഴി
മഴക്കാലത്തും മഞ്ഞുകാലത്തുമാണ് ന്യൂമോണിയയുടെ ആക്രമണം കൂടുതലായി കാണപ്പെടുന്നത്. ജലദോഷം അഥവാ ഇന്‍ഫ്ളുവന്‍സയെ തുടര്‍ന്നും ന്യൂമോണിയ പിടിപെടാം.
മറ്റേതെങ്കിലും രോഗചികിത്സയ്ക്കായി ആസ്പത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് അവിടെവെച്ച് ന്യൂമോണിയ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഹോസ്പിറ്റല്‍ അക്വയര്‍ഡ് ന്യൂമോണിയ എന്ന ഈ രോഗം വൃദ്ധജനങ്ങള്‍ക്ക് വേഗം പിടിപെടുന്നു. മാത്രമല്ല, ഇത് ഗുരുതരമാവാനുള്ള സാധ്യതയും അധികമാണ്. നെഞ്ചിന്റെയുും വയറിന്റെയും മറ്റും ശസ്ത്രക്രിയ കഴിഞ്ഞുകിടക്കുന്നവര്‍ക്കും അബോധാവസ്ഥയില്‍ കഴിയുന്നവര്‍ക്കുമാണ് ഇത്തരം ന്യൂമോണിയ വരാന്‍ അധികം സാധ്യത.
ലക്ഷണങ്ങള്‍
കടുത്തപനി, കുളിരും വിറയലും ശക്തിയായ ചുമ, കഫക്കെട്ട്, നെഞ്ചുവേദന, ശ്വാസതടസ്സം മുതലായവയാണ് ന്യൂമോണിയയുടെ സാധാരണ ലക്ഷണങ്ങള്‍. എന്നാല്‍, പ്രായമായവരില്‍ മേല്പറഞ്ഞ ലക്ഷണങ്ങളെല്ലാം കാണണമെന്നില്ല. ഇക്കൂട്ടരില്‍ വെറും പനി, ക്ഷീണം, തളര്‍ച്ച, ചെറിയ ചുമ എന്നീ രോഗലക്ഷണങ്ങള്‍ മാത്രമായി പ്രകടമാവുന്നതിനാല്‍ ന്യൂമോണിയ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുകയും മാരകമായിത്തീരുകയും ചെയ്യാറുണ്ട്. ശരിയായ ചികിത്സ ആരംഭത്തില്‍ത്തന്നെ ലഭിച്ചില്ലയെങ്കില്‍ ന്യൂമോണിയ മൂര്‍ഛിക്കുകയും ഹൃദയം, മസ്തിഷ്കം, വൃക്ക മുതലായ പ്രധാന അവയവങ്ങളെക്കൂടി ബാധിക്കുകയും ചെയ്യുന്നു.
ചികിത്സ
രോഗകാരികളായ അണുക്കളെ കൃത്യമായി കണ്ടെത്തി ഉചിതമായ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ചികിത്സിച്ചാല്‍ ന്യൂമോണിയ പൂര്‍ണമായും ഭേദമാക്കാം. പൂര്‍ണ ആരോഗ്യമുള്ളവര്‍ക്ക് ന്യൂമോണിയ വന്നാല്‍ ആസ്പത്രികളില്‍ കിടത്തി ചികിത്സിക്കേണ്ടിവരാറില്ല. എന്നാല്‍, പ്രായാധിക്യമുള്ളവരെ നിര്‍ബന്ധമായും ആസ്പത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണ്.