ഗര്‍ഭിണികള്‍ കഫീനെ സൂക്ഷിക്കുക!

WD
ഗര്‍ഭാവസ്ഥയില്‍ പാലിക്കേണ്ട പല കാര്യങ്ങളെ കുറിച്ച് പുത്തനറിവുകള്‍ ദിനം‌പ്രതിയെന്നോണമാണ് വന്നുകൊണ്ടിരിക്കുന്നത്. കുഞ്ഞിനെ പൊന്നു പോലെ നോക്കുന്ന ഗര്‍ഭിണികള്‍ കാപ്പിയുമായി ചങ്ങാത്തം വയ്ക്കേണ്ട എന്നാണ് ഗവേഷകര്‍ പുത്തനായി പറയുന്നത്.

ഗര്‍ഭാവസ്ഥയില്‍ ചെറിയൊരളവ് കഫീന്‍ ഉള്ളില്‍ ചെല്ലുന്നത് പോലും ഗര്‍ഭസ്ഥ ശിശുവിന് ദോഷം വരുത്തിയേക്കാമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തുന്നത്. കഫീന്‍ ഉപയോഗിക്കുന്നത് തൂക്കം കുറഞ്ഞ കുഞ്ഞിനെ പ്രസവിക്കാന്‍ കാരണമായേക്കാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

കാപ്പി മാത്രമല്ല കഫീന്‍ അടങ്ങിയ ചില മരുന്നുകള്‍, ചോക്കളേറ്റ്, കോള എന്തിന് ചായ പോലും ഇത്തരത്തില്‍ വില്ലന്‍‌മാരായേക്കാമെന്ന് പഠനം നടത്തിയ അമേരിക്കന്‍ ഗവേഷകര്‍ പറയുന്നു. കഫീന്‍ കൂടുതല്‍ ഉള്ളിലാക്കുന്ന അമ്മമാര്‍ക്ക് പിറക്കുന്ന കുഞ്ഞുങ്ങള്‍ വളരുമ്പോഴാണ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുക. കുട്ടികള്‍ക്ക് അമിത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം എന്നിവയും അമ്മമാരുടെ കാപ്പികുടിയിലൂടെ ഉണ്ടായേക്കാം.

ദിവസം രണ്ട് കപ്പോ അതിലധികമോ കാപ്പി ഉള്ളിലാക്കുന്ന ഗര്‍ഭിണികള്‍ക്ക് കാപ്പി കുടിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് ഗര്‍ഭം അലസാനുള്ള സാധ്യത ഇരട്ടിയാണ്. ദിവസേന 100 മില്ലിഗ്രാമില്‍ താഴെ മാത്രം കാപ്പി ശീലമാക്കിയ ഗര്‍ഭിണികള്‍ക്ക് തൂക്കം കുറഞ്ഞ കുട്ടികള്‍ ജനിക്കാനുള്ള സാധ്യത കാപ്പികുടിക്കാത്തവരെ അപേക്ഷിച്ച് 20 ശതമാനം അധികമാണ്.

ചുര്‍ക്കിപ്പറഞ്ഞാല്‍, ഗര്‍ഭാവസ്ഥയില്‍ കാപ്പികുടി കഴിവതും ഒഴിവാക്കുക അല്ലെങ്കില്‍ വിദഗ്ദ്ധ ഉപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം കാപ്പിയുമായി ചങ്ങാ‍ത്തം കൂടുക.

വെബ്ദുനിയ വായിക്കുക