സൗന്ദര്യവര്‍ദ്ധക ദന്തചികിത്സ

പല്ലുപറിയ്ക്കുക എന്നു പറഞ്ഞാല്‍ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വല്ലാത്ത വിമ്മിട്ടത്തോടെ സമീപിക്കുന്ന സംഗതിയാണ്. രക്തവും കുത്തിവയ്പും വേദനയും. ദന്താശുപത്രിയെക്കുറിച്ചുള്ള ചിന്ത തന്നെ അസ്വസ്ഥതയുണ്ടാക്കുന്നു.

അസുഖ നിവാരണത്തിനും അതിലുപരി സൗന്ദര്യ വര്‍ധനക്കും മുന്‍തൂക്കം കൊടുക്കുന്ന ചികിത്സാരീതിയാണ് "കോസ്മെറ്റിക് ഡെന്‍റിസ്ട്രി' അഥവാ സൗന്ദര്യവര്‍ദ്ധക ദന്തചികിത്സ. ഈ ചികിത്സയിലൂടെ പല്ലുകള്‍ക്ക് രൂപമാറ്റവും ഭംഗിയും വരുത്തി മുഖസൗന്ദര്യത്തിന്‍റെ മാറ്റു കൂട്ടാനും മുഖഛായതന്നെ മാറ്റിയെടുക്കാനും കഴിയുന്നു.

അധികം സമയമെടുക്കാതെ പല്ലുകള്‍ തമ്മിലുള്ള വിടവും വലിപ്പവ്യത്യാസവും പരിഹരിക്കാന്‍ ഈ ചികിത്സയിലൂടെ കഴിയും. പല്ലുകള്‍ അകത്തേക്കോ പുറത്തേക്കോ തള്ളിയോ നിരതെറ്റിയോ ആണിരിക്കുന്നതെങ്കില്‍ "ഓര്‍ത്തോഡെണ്‍ടി അപ്ളയന്‍സ്' ഉപയോഗിച്ച് നേരെയാക്കാം.

പല്ലുകളുടെ എല്ലാ സൗന്ദര്യ പ്രശ്നങ്ങള്‍ക്കും കോസ്മെറ്റിക് ഡെന്‍റിസ്ട്രിയില്‍ പരിഹാരങ്ങളുണ്ട്. മുന്‍ പല്ലുകള്‍ തമ്മിലുള്ള വിടവും വലിപ്പ വ്യത്യാസവും പരിഹരിച്ച് ഭംഗിവരുതാന്‍ എളുപ്പം കഴിയുന്നു. പല്ലിന്‍റെ അതേ നിറത്തില്‍ വശങ്ങളിലെ പല്ലുകളുടെ വീതി വര്‍ദ്ധിപ്പിച്ചാണ് മുന്‍പല്ലുകള്‍ തമ്മിലുള്ള വിടവ് പരിഹരിക്കുന്നത്.

പല്ലുകളുടെ വലിപ്പ വ്യത്യാസം മൂലമുള്ള ചേര്‍ച്ചക്കുറവ് പരിഹരിക്കുന്നതിന് "കോംപസിറ്റ്' എന്ന വസ്തു ഉപയോഗിക്കുന്നു. കംപ്യൂട്ടര്‍ സാങ്കേതിക വിദ്യ ചികിത്സയില്‍ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.

അടര്‍ന്നു പോയ പല്ലുകളും, കേടുവന്ന് വിരൂപമായ പല്ലുകളും പഴയരൂപത്തിലാക്കുന്നതിനും ഇഷ്ടമുള്ള ആകൃതിയും നിറവും നല്‍കുന്നതിനും ഈ ചികിത്സാ വിഭാഗത്തിന് കഴിയുന്നു. ചികിത്സയ്ക്കും കലയ്ക്കും സൗന്ദര്യബോധത്തിനും ഒരു പോലെ പ്രാമുഖ്യമുള്ള മേഖലയായി കോസ്മെറ്റിക് ഡെന്‍റിസ്ട്രി മാറിയിരിക്കുന്നു.

വെബ്ദുനിയ വായിക്കുക