സുന്ദരിക്ക് വിഷമമോ?

ശനി, 9 ഫെബ്രുവരി 2008 (17:36 IST)
PTI
രമ്യയെ ആര് കണ്ടാലും ഒന്ന് നോക്കും, മുഖത്തിന് അത്രയ്ക്ക് ആകര്‍ഷണീയതയാണ്. പക്ഷേ സൌന്ദര്യത്തെ കുറിച്ച് രമ്യയോട് ചോദിച്ചാല്‍ അവളുടെ മൂഡ് മാറും! കാരണം മറ്റൊന്നുമല്ല, വരണ്ട് വിണ്ടു കീറിയ പാദങ്ങള്‍ തന്നെ. ആരെങ്കിലും പാദത്തില്‍ നോക്കിയാല്‍ തന്നെ രമ്യയ്ക്ക് വിഷമം വരുന്നതില്‍ തെറ്റുണ്ടോ?

മനോഹരമായ പാദങ്ങളും അതിനു മുകളില്‍ കാലിനോട് ലയിച്ചു കിടക്കുന്ന പാദസ്വരങ്ങളും ഏതു കാമുക ഹൃദയത്തിലാണ് ചലനമുണ്ടാക്കത്തത്. എന്നാല്‍, പാദങ്ങള്‍ സുന്ദരമല്ലെന്ന് കരുതി വിഷമിക്കേണ്ട കാര്യമില്ല. ശ്രദ്ധ നല്‍കുകയാണെങ്കില്‍ പാദങ്ങള്‍ മനോഹരമാക്കാന്‍ ഒരാഴ്ച സമയം മതി.

പാദങ്ങള്‍ മൃദുവാക്കാനായി ആദ്യം ചെയ്യേണ്ടത് മൃത കോശങ്ങളെ നീക്കം ചെയ്യുകയാണ്. ഇതിനായി ‘പ്യുമിസ്’ കല്ല് ഉപയോഗിച്ച് ഉരയ്ക്കുകയോ ക്രീം പുരട്ടുകയോ ആവാം. കാല് കല്ലില്‍ ഉരച്ച് കഴുകുന്നതും നല്ലതാണ്. കാല്‍പ്പാദങ്ങള്‍ ഇളം ചൂട് വെള്ളത്തില്‍ മുക്കി വയ്ക്കുന്നത് കാലിലെ അഴുക്കും മൃതകോശങ്ങളും പെട്ടെന്ന് ഇളകി മാറാന്‍ സഹായിക്കും.

ഇതിനു ശേഷം വീണ്ടും പത്ത് മിനിറ്റു നേരം കാല് ഇളം ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കണം. വെള്ളത്തില്‍ മിനറല്‍ സാള്‍ട്ടോ ലാവന്‍ഡര്‍ ഓയിലോ ചേര്‍ക്കുന്നത് വിണ്ടു കീറലിന് ആശ്വാസം നല്‍കും.

പാദങ്ങള്‍ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തശേഷം നന്നായി തുടച്ച് ഉണക്കണം. കാല്‍ വിരലുകള്‍ക്ക് അടിവശം നന്നായി തുടച്ചുവെന്ന് ഉറപ്പ് വരുത്തണം. ഇനി പാദങ്ങള്‍ക്ക് മുകള്‍വശവും അടിവശവും സ്കിന്‍ ക്രീം ഉപയോഗിച്ച് മസാജ് ചെയ്യാം. നഖങ്ങള്‍ക്കിടയില്‍ പറ്റിയ ക്രീം കോട്ടന്‍ തുണി ഉപയോഗിച്ച് തുടച്ച് നീക്കണം.

ഇനി നഖങ്ങളാണ് സുന്ദരമാക്കേണ്ടത്. നഖങ്ങള്‍ ഒരേ രീതിയില്‍ കയറ്റിറക്കങ്ങളില്ലാതെ വെട്ടണം. നഖത്തിന്‍റെ അരിക് ആകൃതി വരുത്താനും മറക്കരുത്. ഇനി പോളിഷ് ചെയ്യാം. നെയില്‍ പോളിഷ് ഇടുമ്പോള്‍ ആദ്യം ബേസ് കോട്ട് വേണം ചെയ്യാന്‍. പിന്നീട് നഖത്തിന്‍റെ മധ്യ ഭാഗത്തു നിന്ന് വശങ്ങളിലേക്ക് പോളിഷ് ഇടാം.

ഇങ്ങനെ പാദങ്ങള്‍ക്ക് പരിചരണം നല്‍കാനും അല്‍പ്പ സമയം മാറ്റി വയ്ക്കൂ. ഒരാഴ്ചയ്ക്കുള്ളില്‍ നിങ്ങളുടെ അപകര്‍ഷതയെല്ലാം മാറും.

വെബ്ദുനിയ വായിക്കുക