World No Tobacco Day 2023: ലോകത്ത് ഓരോ വര്‍ഷവും 8 മുതല്‍ 10 ലക്ഷം പേരുടെ മരണത്തിന് പുകയില കാരണമാകുന്നു!

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 31 മെയ് 2023 (17:31 IST)
ലോകത്ത് ഓരോ വര്‍ഷവും 8 മുതല്‍ 10 ലക്ഷം പേരുടെ മരണത്തിനും അനേകം മാരക രോഗങ്ങള്‍ക്കും കാരണമാകുന്ന പുകയില ഉപയോഗത്തിനെതിരെ ജനകീയ ഇടപെടലുകളും ബോധവല്‍ക്കരണവും ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന 1988 മുതല്‍ 'മേയ് 31' ലോക പുകയില വിരുദ്ധ ദിനമായി ആചരിച്ച് വരുന്നത്. 'ഭക്ഷണമാണ് വേണ്ടത് പുകയില അല്ല' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഭക്ഷ്യോത്പ്പാദനത്തിനും ഭക്ഷ്യലഭ്യതയ്ക്കും മുന്‍തൂക്കം നല്‍കി പുകയിലയുടെ കൃഷിയും ലഭ്യതയും കുറയ്ക്കുക എന്നതാണ് ഈ സന്ദേശം മുന്നോട്ടു വയ്ക്കുന്നത്.
 
പുകയില ഉപയോഗത്തിനും പുകയിലയുടെ ദൂഷ്യവശങ്ങള്‍ക്കുമെതിരെ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രവര്‍ത്തനങ്ങളും പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. പൊതു സ്ഥലങ്ങളിലെ പുകവലിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിശ്ചിത ചുറ്റളവിലുള്ള പുകയില വില്‍പനയും നിയന്ത്രിക്കുന്നതില്‍ സംസ്ഥാനം രാജ്യത്തിനു തന്നെ മാതൃകയായിട്ടുണ്ട്. പാന്‍പരാക്, ഗുഡ്ക തുടങ്ങിയ പുകയില ഉത്പന്നങ്ങളും ഇ-സിഗററ്റിന്റെ വില്‍പനയും ഉപയോഗവും നിരോധിച്ചതിലുടെയും പുകയില നിയന്ത്രണ രംഗത്ത് കേരളം ഗണ്യമായ പുരോഗതി കൈവരിച്ചു. ഈ സംഘടിത പ്രവര്‍ത്തനങ്ങളുടെ ശ്രമഫലമായി ലോകാരോഗ്യ സംഘടന നടത്തിയ ഗ്ലോബല്‍ അഡല്‍ട്ട് ടുബാക്കോ സര്‍വ്വേ  2 പ്രകാരം കേരളത്തിലെ പുകയില ഉപയോഗം 21.4 ല്‍ നിന്നും 12.7 ശതമാനം എന്ന ഗണ്യമായ കുറവിലേക്ക് എത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍